വാതിൽ തുറക്കുമ്പോൾ ഒരു ശൂന്യമായ മുറിയാണ് കാണുന്നത്. അതിനകത്ത് ആകെയുള്ളത് ഒരു വാർഡ്രോബാണ്. ഒരു ജനാലയും ഇവിടെ കാണാം. ഇതിനകത്ത് ഒരു കുളിമുറിയോ അടുക്കളയോ ഇല്ല എന്നും യുവാവ് പറയുന്നുണ്ട്.

ജോലിക്ക് വേണ്ടിയോ, പഠനത്തിന് വേണ്ടിയോ ഒക്കെ ഏത് ന​ഗരത്തിൽ ചെന്നാലും ആളുകളനുഭവിക്കുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് നല്ലൊരു താമസസ്ഥലം കണ്ടെത്തുക എന്നതാണ്. മാന്യമായ വാടകയ്ക്ക് നല്ലൊരു താമസസ്ഥലം കണ്ടെത്തുക അല്പം പ്രയാസമുള്ള കാര്യമാണ്. ചില വീടുകളുടെ/മുറികളുടെ ഒക്കെ വാടക കേട്ടാൽ അന്യായം തന്നെ അണ്ണാ എന്ന് ആരും പറഞ്ഞുപോകും. ഏതായാലും അങ്ങനെ ഒരു വാടകവീടിന്റെ കാര്യമാണ് ഇവിടെ പറയുന്നതും. 

realtoromer എന്ന യൂസർ ആണ് അങ്ങനെ ഒരു വീടിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടത്. പിന്നാലെ വലിയ വിമർശനമാണ് ആൾക്ക് നേരിടേണ്ടി വന്നത്. ആ വീടിന്റെ വാടക തന്നെ വിമർശനങ്ങൾക്ക് കാരണം. ന്യൂയോർക്കിലെ തന്നെ ചെറിയ അപാർട്മെന്റാണ് യുവാവ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. എന്നാൽ, ഇതിന്റെ വാടക എത്രയാണ് എന്നോ? മാസം $1,200. അതായത്, ഏകദേശം ഒരുലക്ഷം രൂപയ്ക്കടുത്ത് വരും. ബാത്ത്‍റൂമോ അടുക്കളയോ പോലും ഇല്ലാത്ത മുറിക്കാണ് ഈ വാടക.

"മാൻഹട്ടനിലെ ഏറ്റവും ചെറിയ അപ്പാർട്ട്മെൻ്റ് ഈ കെട്ടിടത്തിൽ കാണാവുന്നതാണ്. നമുക്ക് ഇത് പരിശോധിക്കാം" എന്നാണ് യുവാവ് പറയുന്നത്. അതിന്റെ വാതിൽ തുറക്കുമ്പോൾ ഒരു ശൂന്യമായ മുറിയാണ് കാണുന്നത്. അതിനകത്ത് ആകെയുള്ളത് ഒരു വാർഡ്രോബാണ്. ഒരു ജനാലയും ഇവിടെ കാണാം. ഇതിനകത്ത് ഒരു കുളിമുറിയോ അടുക്കളയോ ഇല്ല എന്നും യുവാവ് പറയുന്നുണ്ട്.

View post on Instagram

ഇതിന്റെ കുളിമുറി എവിടെയാണ് എന്ന് നിങ്ങളിപ്പോൾ അത്ഭുതപ്പെടുന്നുണ്ടാവും. അത് പുറത്താണ്, കോമൺ ആയിട്ടാണ് ബാത്ത്റൂം ഉള്ളത് എന്നും യുവാവ് പറയുന്നുണ്ട്. ഏതായാലും, സോഷ്യൽ മീഡിയയെ ഈ വീഡിയോ വല്ലാതെ പ്രകോപിപ്പിച്ചു. അടുക്കളയോ ബാത്ത്റൂമോ പോലും ഇല്ലാത്ത ഈ കുഞ്ഞുമുറിക്കാണോ ഇത്ര വലിയ വാടക എന്നാണ് ആളുകളുടെ ചോദ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം