ആയുര്‍വേദത്തില്‍ രസായനത്തില്‍ ചേര്‍ക്കുന്ന ഔഷധമായി ഉപയോഗിക്കുന്ന വള്ളിച്ചെടിയാണ് ചിറ്റമൃത്. തണ്ടിനാണ് കൂടുതല്‍ ഗുണങ്ങളെങ്കിലും ഈ ചെടിയുടെ വേരും നല്ല ഔഷധമാണ്. അമൃതവള്ളി എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്. ടിനോസ്‌പോറ കോര്‍ഡിഫോലിയ എന്നതാണ് ഈ ചെടിയുടെ ശാസ്ത്രനാമം. ചിറ്റമൃതിന്റെ കൃഷിരീതിയെക്കുറിച്ചും ഔഷധഗുണങ്ങളെക്കുറിച്ചും ചില കാര്യങ്ങള്‍.

തണ്ട് മുറിച്ച് നട്ടാണ് ചിറ്റമൃത് കൃഷി ചെയ്യുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് കൃഷി ആരംഭിക്കുന്നത്‌. വിത്തുകളും നടാവുന്നതാണ്. വിത്ത് നേരിട്ട് മണ്ണില്‍ വിതറരുത്. 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാലേ മുളച്ച് വരികയുള്ളു. ഇങ്ങനെ കുതിര്‍ത്തുവെച്ച വിത്തുകള്‍ പോളിബാഗുകളില്‍ നടാവുന്നതാണ്. 

8 മുതല്‍ 10 ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളച്ച് വരും. നല്ലയിനം വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാതെ നട്ടാല്‍ 30 മുതല്‍ 35 ശതമാനം വരെ മാത്രമാണ് മുളയ്ക്കാനുള്ള സാധ്യത. ഒന്നര മാസമാണ് നഴ്‌സറിയിലെ ഈ ചെടിയുടെ വളര്‍ച്ചാക്കാലം. ഈ ചെടിക്ക് താങ്ങ് ആവശ്യമാണ്. വേപ്പ് അല്ലെങ്കില്‍ മാവ് ആണ് താങ്ങ് നല്‍കാന്‍ നല്ലത്.

മണ്ണും കാലാവസ്ഥയും

ഏത് തരത്തിലുള്ള മണ്ണിലും ഈ ചെടി വളരെ നന്നായി വളരും. ജൈവവളങ്ങളാല്‍ സമ്പുഷ്ടമായ നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. ഉഷ്ണ മേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളാണ് ചെടി വളരാന്‍ നല്ലത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ ചെടി വളര്‍ത്താന്‍ നല്ലതല്ല.

മെയ് മാസത്തിലും ജൂണ്‍ മാസത്തിലും ലഭിക്കുന്ന മൂപ്പെത്തിയ തണ്ടുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. മാതൃസസ്യത്തില്‍ നിന്ന് മുറിച്ചുമാറ്റിയ തണ്ടുകള്‍ നേരിട്ട് മണ്ണില്‍ നടാവുന്നതാണ്. നല്ല വിളവ് ലഭിക്കാനായി ഒരു ഹെക്ടര്‍ ഭൂമിയില്‍ ഏകദേശം 2500 തണ്ടുകള്‍ നടാവുന്നതാണ്. തൈകള്‍ തമ്മില്‍ 3 മീറ്റര്‍ അകലത്തില്‍ നടണം. വേപ്പിലും മാവിലും താങ്ങു നല്‍കി വളര്‍ത്തിയാല്‍ കൂടുതല്‍ ഔഷധ ഗുണമുണ്ടാകും.

തണ്ടുകള്‍ നടുന്നതിന് മുമ്പ് ഉഴുത് മറിച്ച് കളകള്‍ വൃത്തിയാക്കണം. 75 കിഗ്രാം നൈട്രജന്‍ അടങ്ങിയ വളം ചേര്‍ത്ത് കൊടുത്താല്‍ നല്ല വിളവ് കിട്ടും. ഗുരുതരമായ കീടരോഗശല്യങ്ങളും അസുഖങ്ങളും ബാധിക്കാത്ത ചെടിയാണ് ഇത്.

ചെടി നട്ടതിന് ശേഷം ആവശ്യമുള്ളപ്പോള്‍ ജലസേചനം നടത്തണം. മഴക്കെടുതി ബാധിക്കുന്ന വിളയാണിത്. വെള്ളം കെട്ടിക്കിടന്നാല്‍ തണ്ടുകള്‍ ചീഞ്ഞുപോകും.

വിളവെടുപ്പ്

പൂര്‍ണവളര്‍ച്ചയെത്തിയ ചെടികള്‍ ശേഖരിച്ച് ചെറിയ കഷണങ്ങളായി തണ്ടുകള്‍ മുറിച്ച് മാറ്റി തണലില്‍ വെച്ച് ഉണക്കിയെടുക്കണം. 10-15 ക്വിന്റല്‍ ഒരു ഹെക്ടറില്‍ നിന്ന് ലഭിക്കും.

ടിനോസ്‌പോറ കോര്‍ഡിഫോലിയയുടെ ഘടകങ്ങള്‍

ചിറ്റമൃതിലെ പ്രധാന ഘടകങ്ങളാണ് ടിനോസ്‌പോറിന്‍, ടിനോസ്‌പോറൈഡ്, ടിനോസ്‌പോറസൈഡ്, കോര്‍ഡിഫോളൈഡ്, കോര്‍ഡിഫോള്‍, ഹെപ്റ്റാകോസനോള്‍ എന്നിവ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇതിന് കഴിയും.

ഔഷധ ഗുണത്തില്‍ കേമന്‍

ഡങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, തൊണ്ടയിലെ അണുബാധ,മൂക്കൊലിപ്പ്, കഫക്കെട്ട്, ശരീര വേദന എന്നിവയ്ക്ക് പ്രതിവിധിയാണ് ചിറ്റമൃത് ഉപയോഗിച്ചുള്ള ഔഷധങ്ങള്‍.

രോഗമുണ്ടാക്കുന്ന ബാക്റ്റീരിയകളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. കരള്‍ രോഗം തടയാനും മൂത്രനാളിയിലെ അണുബാധ ഇല്ലാതാക്കാനും ഔഷധമായി ഉപയോഗിക്കാം.

വന്ധ്യതാ ചികിസ്തയിലും ഇത് ഉപയോഗിക്കാം. ദഹന പ്രക്രിയ സുഗമമാക്കുന്നു. അരഗ്രാം ചിറ്റമൃത് പൊടിച്ചത് നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ക്ക് കഴിച്ചാല്‍ മലബന്ധം അകറ്റാം.

വിഷാദ രോഗം അകറ്റാനും ഉത്കണ്ഠ ഇല്ലാതാക്കാനും ചിറ്റമൃത് ഉപയോഗിക്കാം. ഓര്‍മശക്തി മെച്ചപ്പെടുത്താനുള്ള ഔഷധമാണ് ഇത്. അതുപോലെ ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

ചിറ്റമൃത് അരച്ചു പിഴിഞ്ഞ ചാറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

ഇനിയും നിരവധി ഗുണഗണങ്ങള്‍ ചിറ്റമൃതിനുണ്ട്. ആസ്മയ്ക്ക് പ്രതിവിധിയായി മരുന്നില്‍ ചേര്‍ക്കുന്നു. സന്ധിവാതത്തിന്റ ചികിത്സയില്‍ ഉപയോഗിക്കുന്നു. ചിറ്റമൃതിന്റെ തണ്ട് പൊടിച്ച് പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കഴിച്ചാല്‍ സന്ധിവേദന ഇല്ലാതാക്കാം.

ചിറ്റമൃത് ഇഞ്ചി ചേര്‍ത്ത് കഴിച്ചാല്‍ റൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിന് പ്രതിവിധിയാകും. അതുപോലെ മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ മാറ്റി ചുളിവുകള്‍ അകറ്റി സുന്ദര ചര്‍മം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ആല്‍ക്കലോയ്ഡുകള്‍ ധാരാളം അടങ്ങിയ ചെടിയാണ് ഇത്. ദീര്‍ഘകാലമായി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ചിറ്റമൃത്. സ്റ്റിറോയ്ഡുകള്‍, ഫ്‌ളേവനോയ്ഡുകള്‍, ലിഗമെന്റുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.