പ്രതിമാസം 22,000 രൂപ ശമ്പളത്തിൽ കരിയർ ആരംഭിച്ച്, ആറ് വർഷം കൊണ്ട് ഒരു പൊതുമേഖലാ സ്ഥാപനത്തിൽ 1.16 ലക്ഷം രൂപ മാസശമ്പളം നേടുന്ന ഉയർന്ന പദവിയിലെത്തിയ യുവാവിൻ്റെ വിജയകഥയാണിത്. ബി.കോം പഠനശേഷം വിവിധ ജോലികൾ ചെയ്തും കഠിനമായി പരിശ്രമിച്ചും നേടിയ ഈ വിജയം സമൂഹ മാധ്യമങ്ങളിൽ നിരവധി പേർക്ക് പ്രചോദനമായി.
പ്രതിമാസം 22,000 രൂപ ശമ്പളത്തിൽ കരിയർ ആരംഭിച്ച്, ആറ് വർഷം കൊണ്ട് ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ഉയർന്ന തസ്തികയിലെത്തിയ യുവാവിന്‍റെ ജീവിതയാത്ര സമൂഹ മാധ്യമങ്ങളിൽ വൈറലായി. മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന് ഗുരുഗ്രാമിലെ പ്രമുഖ കമ്പനികളിലും പിന്നീട് പൊതുമേഖലാ സ്ഥാപനത്തിലുമെത്തിയ തന്‍റെ അനുഭവങ്ങളാണ് യുവാവ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
ബി.കോമിൽ നിന്ന് ആദ്യ ജോലിയിലേക്ക്
ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോം പൂർത്തിയാക്കിയ ഇദ്ദേഹത്തിന് 20 -ാം വയസ്സിൽ ക്യാമ്പസ് പ്ലേസ്‌മെന്‍റിലൂടെയാണ് ആദ്യ ജോലി ലഭിക്കുന്നത്. പ്രതിവർഷം 3.3 ലക്ഷം രൂപ പാക്കേജിൽ പ്രതിമാസം കൈയിൽ കിട്ടിയിരുന്നത് 22,000 രൂപയായിരുന്നു. ഒരു ചെറിയ പട്ടണത്തിൽ നിന്ന് ഗുരുഗ്രാമിലേക്ക് മാറി, സ്വന്തമായി സമ്പാദിച്ചു തുടങ്ങിയത് വലിയൊരു സ്വാതന്ത്ര്യബോധം നൽകിയതായി അദ്ദേഹം ഓർക്കുന്നു.
തിരിച്ചടിയും നിർണായക തീരുമാനവും
മാനേജ്‌മെന്‍റ് പ്രവേശന പരീക്ഷയായ 'ക്യാറ്റ്' എഴുതിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ജോലി രാജിവെച്ച് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദത്തിന് ചേരാൻ തീരുമാനിച്ചു. തന്‍റെ കരിയറിലെ ഏറ്റവും അപകടകരമായ തീരുമാനമായിരുന്നു അതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. എന്നാൽ, കോവിഡ് കാലത്ത്, പഠനത്തിന്‍റെ മൂന്നാം സെമസ്റ്ററിൽ വെച്ച് പ്രമുഖ 'ബിഗ് 4' കമ്പനിയിൽ 6.5 ലക്ഷം രൂപ വാർഷിക പാക്കേജിൽ ജോലി ലഭിച്ചു. പിന്നാലെ കൈയിൽ കിട്ടുന്ന മാസശമ്പളം 41,000 രൂപയായി ഉയർന്നു.
കോവിഡ് കാലത്തെ കഠിനാധ്വാനം
ജോലിക്കൊപ്പം സർക്കാർ സർവീസ് ലക്ഷ്യമിട്ട് വീണ്ടും പഠനമാരംഭിച്ചു. വർക്ക് ഫ്രം ഹോം സൗകര്യം ലഭിച്ചത് പരീക്ഷാ പരിശീലനത്തിന് പൂർണ്ണമായി പ്രയോജനപ്പെടുത്തി. തുടർന്ന് 55,000 രൂപ ശമ്പളത്തിൽ തെക്കുകിഴക്കൻ ഏഷ്യ ആസ്ഥാനമായുള്ള ഒരു പി.ആർ ഫാമിലേക്ക് മാറി. ഇവിടെ തുടരുമ്പോഴാണ് പൊതുമേഖലാ സ്ഥാപനത്തിലേക്കുള്ള റിക്രൂട്ട്മെന്‍റ് വിജ്ഞാപനം വരുന്നത്. പിന്നാലെ കഠിനശ്രമത്തിനൊടുവിൽ പരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയ അദ്ദേഹം പൊതുമേഖലാ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. അലവൻസുകൾ ഉൾപ്പെടെ 65,000 രൂപയായിരുന്നു തുടക്കത്തിലെ പ്രതിമാസ വേതനം. വാർഷിക ഇൻക്രിമെന്‍റുകൾക്കും പ്രൊമോഷനുകൾക്കും ശേഷം നിലവിൽ ഇദ്ദേഹത്തിന്‍റെ മാസശമ്പളം ഏകദേശം 1.16 ലക്ഷം രൂപയാണ്. യുവാവിന്‍റെ കുറിപ്പ് വൈറലായതോടെ നിരവധിയാളുകളാണ് ആശംസകളുമായി രംഗത്തെത്തിയത്. ഐടി ഇതര മേഖലകളിൽ നിന്നുളള ഇത്തരമൊരു വിജയകഥ തങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് നെറ്റിസൺസ് കുറിച്ചു.


