“അവരെല്ലാം അതിരാവിലെ തന്നെ ഈ പ്ലാസ്റ്റിക്കുകള്‍ കത്തിച്ച് തുടങ്ങും. വൈകുന്നേരം വരെ അത് തുടരുകയും ചെയ്യും.” ഈ അടുക്കളകളുടെ അടുത്ത് താമസിക്കുന്ന 84 -കാരനായ കർണാവി പറയുന്നു.

പ്ലാസ്റ്റിക് മലിനീകരണം ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. വികസ്വര രാജ്യങ്ങളായ ഏഷ്യയിലും, ആഫ്രിക്കയിലുമാണ് പ്ലാസ്റ്റിക് മലിനീകരണം ഏറ്റവും കൂടുതൽ കാണപ്പെടുന്നതെന്നാണ് പറയുന്നത്. അവിടെ മാലിന്യ ശേഖരണ സംവിധാനം പലപ്പോഴും കാര്യക്ഷമമല്ല. വികസിത രാജ്യങ്ങളിലും ഉപേക്ഷിച്ച പ്ലാസ്റ്റിക് ശരിയായി ശേഖരിക്കുന്നതിൽ പലപ്പോഴും വീഴ്‍ച സംഭവിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ഈ ഗ്രാമത്തില്‍ സംഭവിക്കുന്നത് അതിലും ഗുരുതരമായ കാര്യങ്ങളാണ്. ഇവിടെ ഭക്ഷണം പാകം ചെയ്യാനായി കത്തിക്കുന്നത് അമേരിക്ക വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളാണ്. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‍നങ്ങള്‍ ആലോചിച്ചുനോക്കൂ. 

ഇന്തോനേഷ്യയിലെ ഒരു ചെറുഗ്രാമാണ്‌ ട്രോപോഡോ. ആ ഗ്രാമത്തിനു മുകളിൽ കറുത്ത പുക എപ്പോഴും നിറഞ്ഞു നില്‍ക്കും. അവിടുത്തെ വായുവിന് കത്തുന്ന പ്ലാസ്റ്റിക്കിന്‍റെ ഗന്ധമാണ്. കറുത്ത ചാരത്തിൽ മൂടിക്കിടക്കുന്ന തറകളാണ് അവിടെ. ട്രോപോഡോയിലെ മുപ്പതിലധികം വരുന്ന വാണിജ്യസ്ഥാപനങ്ങളിലെ അടുക്കളകളിൽ വിറകിനുപകരം കടലാസും പ്ലാസ്റ്റിക് മാലിന്യങ്ങളും കത്തിച്ചുകൊണ്ടാണ് ഭക്ഷണമുണ്ടാക്കുന്നത് പോലും. സോയയിൽ നിന്ന് നിർമ്മിക്കുന്ന വിലകുറഞ്ഞതും ഉയർന്ന പ്രോട്ടീൻ ഉള്ളതുമായ ഭക്ഷണമായ ടോഫുവാണ് ഈ അടുക്കളകളില്‍ പാകം ചെയ്യപ്പെടുന്നത്. ആ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കൂടുതലും അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്‍തതാണ്. അമേരിക്കക്കാർ റീസൈക്ലിംഗിനായി ചവറ്റുകുട്ടകളിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെയാണ് എത്തിച്ചേരുന്നത്.

5,000 ആളുകളുള്ള ട്രോപോഡോയിൽ ഇങ്ങനെ കത്തിക്കുന്ന പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന പുകയും ചാരവും ദൂരവ്യാപകവും വിഷലിപ്‍തവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അന്താരാഷ്ട്ര പരിസ്ഥിതി ഗ്രൂപ്പുകൾ ഈ ആഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അവിടുത്തെ മുട്ടകൾ പരിശോധിച്ചപ്പോൾ ഡയോക്സിൻ ഉൾപ്പെടെയുള്ള അപകടകരമായ രാസവസ്തുക്കൾ ഉയർന്ന അളവിൽ കണ്ടെത്തിയത്. ഈ രാസവസ്‍തുക്കൾ ക്യാൻസർ, ജനിതകവൈകല്യങ്ങൾ, പാർക്കിൻസൺസ് രോഗം എന്നിവയ്ക്ക് കാരണമാകും. ട്രോപോഡോയിൽ കാണപ്പെടുന്ന ഡയോക്സിൻ സർക്കാരിന്റെ അശ്രദ്ധയുടെയും, അവഗണനയുടെയും അന്തിമഫലമാണ്.

“അവരെല്ലാം അതിരാവിലെ തന്നെ ഈ പ്ലാസ്റ്റിക്കുകള്‍ കത്തിച്ച് തുടങ്ങും. വൈകുന്നേരം വരെ അത് തുടരുകയും ചെയ്യും.” ഈ അടുക്കളകളുടെ അടുത്ത് താമസിക്കുന്ന 84 -കാരനായ കർണാവി പറയുന്നു. “ഇത് ഒരു നിത്യസംഭവമാണ്. എപ്പോഴും ഇവിടം പുക കൊണ്ട് നിറഞ്ഞിരിക്കും. എനിക്ക് ശ്വസിക്കാൻ തന്നെ പ്രയാസമാണ്. ” എന്നും അദ്ദേഹം പറയുന്നു. പല ഇന്തോനേഷ്യക്കാരുടെയും അവസ്ഥ മറ്റൊന്നല്ല. കർണാവിയുടെ കോഴികളിലൊന്ന് ഇട്ട മുട്ടയിൽ ഏഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന അളവിലുള്ള ഡയോക്സിൻ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മലിനീകരണം പരീക്ഷിക്കാൻ മുട്ടകളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. കാരണം, കോഴികൾ ഭക്ഷണം കൊത്തിത്തിന്നുന്നത് മണ്ണിലായതിനാല്‍ വിഷാംശങ്ങളെല്ലാം അതിന്‍റെ മുട്ടയിൽ വന്നടിയുന്നു.

പാശ്ചാത്യർ അവരുടെ മാലിന്യങ്ങൾ പുനരുപയോഗത്തിനായി വേർതിരിക്കുമ്പോൾ അവർ പോലുമറിയാതെ ഒരു വലിയ അപകടത്തിലേക്കാണ് അതെത്തിച്ചേരുന്നത്. ട്രോപോഡോയുടെ മണ്ണിൽ കാണപ്പെടുന്ന വിഷവസ്തുക്കളുടെ ആരംഭം അവിടെ നിന്നാണ്. രാജ്യങ്ങൾ മാലിന്യത്തിന്‍റെ ഭൂരിഭാഗവും പുതിയ ഉപഭോക്തൃ വസ്‌തുക്കളായി മാറ്റുന്നതിനുപകരം ട്രോപോഡോയുടെ ടോഫു അടുപ്പുകൾക്ക് ഇന്ധനമാക്കുന്ന ചൂളകളിലേക്ക് വലിച്ചെറിയുകയാണ്. മാലിന്യം ഇറക്കുമതി ചൈന നിർത്തിവച്ചതിനെത്തുടർന്ന് രണ്ടുവർഷം മുമ്പ് ഇന്തോനേഷ്യയിലേക്ക് വരുന്ന വിദേശ മാലിന്യങ്ങളുടെ അളവ് കുതിച്ചുയർന്നിട്ടുണ്ട്.

ഇന്തോനേഷ്യയുടെ പ്രസിഡന്‍റ് ജോക്കോ വിഡോഡോ സാമ്പത്തിക ലാഭത്തിനായി ഇത്തരം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതായും ആരോപണമുയരുന്നു. പരിസ്ഥിതി പ്രവർത്തകർ, അന്തരീക്ഷ മെർക്കുറി മലിനീകരണം തടയാനായി നടപടികൾ എടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ട്രോപോഡോയിലെ പലര്‍ക്കും പ്ലാസ്റ്റിക് കത്തിക്കുന്നതിൽ എതിർപ്പുണ്ട്. പക്ഷേ, അവർ നിസ്സഹായരാണ്. എല്ലാ ദിവസവും ഈ അടുക്കളകൾ പ്രവർത്തിക്കുന്നു, കാറ്റില്ലാത്ത സന്ദർഭത്തിൽ വിഷപ്പുക മൂടൽ മഞ്ഞ് പോലെ ഗ്രാമത്തിൽ നിറയുന്നു. 

ഭരണകൂടത്തിന്‍റെ നിസ്സംഗതയും ഗ്രാമത്തിന്‍റെ പട്ടിണിയും അടുപ്പുകളിൽ പ്ലാസ്റ്റിക് മാലിന്യം എരിയാൻ കാരണമാകുന്നുണ്ട്. ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ആരോഗ്യമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ ഒരു കാരണമാകാം.