ജോഗ്രഫിക്കൽ സൊസൈറ്റി ഓഫ് റഷ്യയുടെ ശാസ്ത്രജ്ഞരെയും കയറ്റി ആർട്ടിക് പ്രദേശത്തുകൂടി പര്യവേക്ഷണം നടത്തുകയായിരുന്നു റഷ്യൻ നാവികസേനയുടെ ടഗ്ഗ് ബോട്ടായ അതാലി. ഫ്രാങ്ക്‌ ജോസഫ് ലാൻഡിനെച്ചുറ്റികിടക്കുന്ന ജലാശയത്തിലൂടെയായിരുന്നു ബോട്ടിന്റെ പ്രയാണം. അപ്പോഴാണ് ബോട്ടിന്റെ സഞ്ചാരപഥത്തിൽ ഒരു നീർക്കുതിരയും കുഞ്ഞും അബദ്ധവശാൽ വന്നുപെടുന്നത്. 

തുടക്കത്തിൽ ബോട്ടിനെ ശ്രദ്ധിക്കാതിരുന്നെങ്കിലും, ബോട്ട് തന്റെ കുഞ്ഞിന്റെ ജീവന് അപകടമാകുന്നു എന്ന സംശയം തോന്നിയതോടെ നീർക്കുതിരയുടെ ഭാവം മാറി. അത് തികച്ചും അക്രമാസക്തമായി ആ ബോട്ടിലേക്ക് ചാടിക്കയറി അതിനെ ആക്രമിക്കാൻ തുടങ്ങി. ചുരുങ്ങിയത് ഒരു ടൺ എങ്കിലും ഭാരം വരും ഒരു നീർക്കുതിരയ്ക്ക്. കൂർത്ത തേറ്റപ്പല്ലുകളുള്ള ഈ മൃഗം വളരെ അപകടകാരിയാണ്. ബോട്ടുകൾ കുത്തിമറിക്കാനുള്ള ഇവയുടെ കഴിവ് മുമ്പും പലയിടത്തും റെക്കോർഡ് ചെയ്യപ്പെട്ട ഒന്നാണ്. ഒറ്റയ്ക്ക് കാണപ്പെടുന്ന അവസരങ്ങളിൽ നീർക്കുതിരകൾ സ്വതവേ നിരുപദ്രവികളാണെങ്കിലും, കുഞ്ഞുങ്ങൾ കൂടെയുണ്ടെങ്കിൽ അവയെ സംരക്ഷിക്കാൻ വേണ്ടി മനുഷ്യരെ കൊല്ലാനും ബോട്ടുകൾ കുത്തി മുക്കിക്കളയാനും വരെ അവർ മടിക്കില്ല. 

ആക്രമണം തുടങ്ങിയപ്പോൾ തന്നെ ബോട്ടിലെ ക്യാപ്റ്റൻ രണ്ട് ഇൻഫ്ളേറ്റബിൾ ബോട്ടുകളിലായി യാത്രക്കാരെ എല്ലാം തന്നെ സുരക്ഷിതരായി തീരത്തെത്തിച്ചു. നീർക്കുതിരയുടെ ആക്രമണത്തിൽ കാര്യമായ കേടുപാട് വന്ന പ്രസ്തുത ടഗ്ഗർ ബോട്ട് മുങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.

 ഫ്രാങ്ക്‌ ജോസഫ് ലാൻഡ് ആർട്ടിക് സമുദ്രത്തിന്റെ റഷ്യൻ പ്രവിശ്യയിലെ വിജനമായ ഒരു ഭൂപ്രദേശമാണ്. അവിടത്തെ ആകെയുള്ള മനുഷ്യ സാന്നിദ്ധ്യം റഷ്യൻ മിലിട്ടറി പോസ്റ്റിലെ വിരലിലെണ്ണാവുന്ന സൈനികർ മാത്രമാണ്. ഗവേഷകർ കരയോട് ചേർന്ന് പരത്തിയ ഡ്രോൺ ആവാം നീർക്കുതിരയെ പ്രകോപിപ്പിച്ചു കളഞ്ഞതെന്ന് അധികൃതർ പറഞ്ഞു.