Asianet News MalayalamAsianet News Malayalam

'അമ്മയെവിടെ?' വാരാണസിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അച്ഛനുമമ്മയും ജയിലിൽ അടയ്ക്കപ്പട്ട ഒന്നര വയസ്സുകാരി ചോദിക്കുന്നു

കുഞ്ഞിന്റെ അച്ഛനമ്മമാരുടെ മോചനത്തിനായി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്, അത് പക്ഷേ ജനുവരി ഒന്നാം തീയതിയേ കോടതി പരിഗണിക്കുകയുള്ളൂ. ചൊവ്വാഴ്ച പ്രിയങ്ക ഗാന്ധി ഈ കുഞ്ഞിന്റെ ദുരവസ്ഥയെപ്പറ്റി പരാമർശിച്ചുകൊണ്ട് ട്വീറ്റിട്ടപ്പോഴാണ് സംഗതി ജനശ്രദ്ധയാകർഷിക്കുന്നത്.  

toddler's parents arrested for protest at Varanasi
Author
Varanasi, First Published Dec 26, 2019, 1:41 PM IST

അമ്മായി ദേബബ്രതയുടെ മടിയിൽ കളിച്ചുകൊണ്ടിരിക്കുകയാണ് ഒന്നരവയസ്സുകാരിയായ കുഞ്ഞുചമ്പക്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ മഹമൂർഗഞ്ചിലാണ് അവളുടെ വീട്. ചമ്പക്കിന്റെ അച്ഛൻ രവി ശേഖറും, അമ്മ ഏകതാ ശേഖറും ഇപ്പോൾ ഈ കുഞ്ഞു മകൾക്ക് എത്തിപ്പിടിക്കാവുന്നതിലും ദൂരെയാണ്. അവൾ എത്ര കരഞ്ഞു വാശിപിടിച്ചാലും വന്നെത്താനാവാത്തത്ര ദൂരെ. വാരാണസി ജയിലിനുള്ളിൽ. ഡിസംബർ 19 -ന് വാരാണസിയിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്തതിന് പൊലീസ് അറസ്റ്റു ചെയ്ത്, കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ് ഇരുവരെയും. അതൊന്നും പറഞ്ഞാൽ ചമ്പക്കിന് മനസ്സിലായെന്നു വരില്ല.

toddler's parents arrested for protest at Varanasi

രവിശേഖറിന്റെ ജ്യേഷ്ഠൻ ശശികാന്തും പത്നി ദേബബ്രതയുമാണ് ഇപ്പോൾ മുലകുടി മാറാത്ത പ്രായത്തിലുള്ള ഈ പിഞ്ചുകുഞ്ഞിനെ പരിചരിക്കുന്നത്. "മോളുടെ പാലുകുടി നിർത്തിയിട്ടില്ല ഇതുവരെ. ഒന്നര വയസ്സല്ലേ ആയിട്ടുള്ളൂ. ഇടക്ക് പാലുകുടിക്കണം എന്നും പറഞ്ഞ് വാശിപിടിക്കുമ്പോൾ കുപ്പിപ്പാൽ കൊടുക്കും" ദേബബ്രത ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അവളുടെ അമ്മയ്ക്ക് താൻ ഒരിക്കലും പകരമാവില്ല എങ്കിലും തൽക്കാലത്തേക്ക് അമ്മയില്ലാത്ത കുറവ് ചമ്പക്കിന് അനുഭവപ്പെടാതിരിക്കാൻ വേണ്ടതെല്ലാം താൻ ചെയ്യുന്നുണ്ട് എന്നും അവർ പറഞ്ഞു.

ചമ്പക്കിന്റെ കൂടെയിരുന്ന് കളിച്ചും, ഇടക്ക് പാർക്കിൽ കൊണ്ടുപോയും, മൊബൈൽ ഫോണിൽ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും വീഡിയോയും ഒക്കെ കാണിച്ചു കൊടുത്തും തല്ക്കാലം പിടിച്ചു നിൽക്കുകയാണ് അവളുടെ അമ്മായി. ഫോട്ടോ കാണിച്ചു കൊടുക്കുമ്പോഴൊക്കെ ഏറെ ദൈന്യതയോടെ കുഞ്ഞ് ദേബബ്രതയെ നോക്കും. അച്ഛനെയും അമ്മയെയും അവൾക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു. പക്ഷേ, അത് വാ തുറന്ന് പറയാനുള്ള പ്രായം അവൾക്കായിട്ടില്ല എന്നുമാത്രം.

toddler's parents arrested for protest at Varanasi

കുഞ്ഞിന്റെ അച്ഛനമ്മമാരുടെ മോചനത്തിനായി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്, അത് പക്ഷേ ജനുവരി ഒന്നാം തീയതിയേ കോടതി പരിഗണിക്കുകയുള്ളൂ. ചൊവ്വാഴ്ച പ്രിയങ്ക ഗാന്ധി ഈ കുഞ്ഞിന്റെ ദുരവസ്ഥയെപ്പറ്റി പരാമർശിച്ചുകൊണ്ട് ട്വീറ്റിട്ടപ്പോഴാണ് സംഗതി ജനശ്രദ്ധയാകർഷിക്കുന്നത്.  

"കഴിഞ്ഞ കുറെ ദിവസങ്ങളായി ഗാന്ധിയന്മാരും, അംബേദ്‌കർ വാദികളും, സാമൂഹികപ്രവർത്തകരുമായി നിരവധി പേർ വളരെ സമാധാനപരമായ രീതിയിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ വേണ്ടി തെരുവിലേക്കിറങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ, ചുരുക്കം ചില സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമങ്ങളുടെ പേരിൽ സകലരെയും അറസ്റ്റുചെയ്ത് ജയിലിലടക്കുകയാണ് യുപി പൊലീസ് ചെയ്തിരിക്കുന്നത്." പ്രിയങ്ക തന്റെ ട്വീറ്റിൽ പറഞ്ഞു.

 

ഡിസംബർ പത്തൊമ്പതു മുതൽ ഉത്തർപ്രദേശിൽ നടന്ന അക്രമങ്ങളിൽ എട്ടുവയസ്സുള്ള ഒരു കുട്ടിയടക്കം 19 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. 


 

Follow Us:
Download App:
  • android
  • ios