'ഞാനൊരു നല്ല കുട്ടിയാണ്. എന്റെ മമ്മിക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. അതിനേക്കാൾ എന്നെ സ്നേഹിക്കാൻ തയ്യാറാവുന്ന ആരെങ്കിലും എന്നെ കൂടെക്കൂട്ടും എന്ന് മമ്മി പ്രതീക്ഷിക്കുന്നു' എന്നും കുറിപ്പിൽ പറയുന്നുണ്ട്.
പൂച്ചകളെയും പട്ടികളെയും ഒക്കെ വീട്ടിൽ വളർത്തുമ്പോൾ അവയെ സ്വന്തം വീട്ടിലെ അംഗങ്ങൾ ആയിത്തന്നെയാണ് മിക്കവരും കാണുന്നത്. അതിനാൽ തന്നെ അവയെ ഉപേക്ഷിക്കേണ്ടി വരുമ്പോൾ വലിയ വേദന തോന്നുന്നതും സ്വാഭാവികമാണ്. എന്നാൽ, പല കാരണങ്ങൾ കൊണ്ടും ചിലപ്പോൾ അവയെ ഉപേക്ഷിക്കേണ്ടി വന്നേക്കാം. അങ്ങനെ, മാഞ്ചസ്റ്ററിലും ഒരു പൂച്ച ഉപേക്ഷിക്കപ്പെട്ടു.
എന്നാൽ, ഈ പൂച്ചയ്ക്കൊപ്പം അതിനെ ഉപേക്ഷിക്കുമ്പോൾ ഒരു കുറിപ്പ് കൂടി വയ്ക്കാൻ അതിന്റെ ഉടമ മറന്നില്ല. RSPCA -യുടെ മാഞ്ചസ്റ്റർ ആൻഡ് സാൽഫോർഡ് ബ്രാഞ്ചാണ് ഈ ലിലോ എന്ന ഒരു വയസുള്ള പൂച്ചക്കുട്ടിയെ കണ്ടെത്തിയത്. ക്ഷമാപണം നടത്തുന്ന ഒരു കുറിപ്പാണ് മുൻ ഉടമ ലിലോയെ ഉപേക്ഷിക്കുമ്പോൾ കൂടെ വച്ചിരുന്നത്. അതിൽ പറയുന്നത് 'അവളെ ഉപേക്ഷിക്കേണ്ടി വന്നതിൽ തനിക്ക് വേദനയുണ്ട്, മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ്' എന്നാണ്.
ഒപ്പം ലിലോ എങ്ങനെയുള്ള പൂച്ചയാണ്, അവൾക്ക് എന്തൊക്കെയാണ് ഇഷ്ടം എന്നതും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 'എന്റെ പേര് ലിലോ, എനിക്ക് ഒരു വയസ്സായി. എന്റെ മമ്മിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്. തന്നെ ഉപേക്ഷിക്കേണ്ടി വന്നതിൽ അവൾക്ക് വിഷമം ഉണ്ട്. എന്നെ കൂടെ നിർത്താൻ മാർഗമില്ലാത്തതിനാലാണ് അവൾ എന്നെ ഉപേക്ഷിച്ചത്' എന്നെല്ലാം കുറിപ്പിൽ എഴുതിയിരിക്കുന്നു. ഒപ്പം 'ലിലോയ്ക്ക് മൃദുവായ പുതപ്പുകളാണ് ഇഷ്ടം, ബെഡ്ഡിൽ നമ്മോടൊപ്പം പറ്റിച്ചേർന്ന് കിടക്കാൻ ഇഷ്ടപ്പെടുന്നു, മിക്കവാറും വീടിനകത്ത് ഇരിക്കാനാണ് ലിലോ കൂടുതൽ ഇഷ്ടപ്പെടുന്നത്' എന്നതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
'ഞാനൊരു നല്ല കുട്ടിയാണ്. എന്റെ മമ്മിക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. അതിനേക്കാൾ എന്നെ സ്നേഹിക്കാൻ തയ്യാറാവുന്ന ആരെങ്കിലും എന്നെ കൂടെക്കൂട്ടും എന്ന് മമ്മി പ്രതീക്ഷിക്കുന്നു' എന്നും കുറിപ്പിൽ പറയുന്നുണ്ട്. ജനിച്ച ദിവസം മുതൽ ലിലോ ആ ഉടമയ്ക്ക് ഒപ്പം തന്നെ ആയിരുന്നു. ഏതായാലും ഇത്രയും വിവരങ്ങൾ സൂക്ഷ്മമായി എഴുതിയിരിക്കുന്നത് കൊണ്ട് തന്നെ അവൾക്ക് അനുയോജ്യമായ ഒരു വീട് തന്നെ അവൾക്ക് വേണ്ടി കണ്ടെത്താൻ സാധിക്കും എന്ന് RSPCA പ്രതീക്ഷിച്ചു. പുതിയൊരു വീടിനോട് ഇണങ്ങിച്ചേരാൻ ലിലോയ്‍ക്ക് ആദ്യം ഒരു വിഷമം കാണുമെന്നും എന്നാൽ അവൾ അവിടെ കൂടുതൽ സ്നേഹിക്കപ്പെടും എന്നും RSPCA പറഞ്ഞു.
ഏതായാലും അവരുടെ പ്രതീക്ഷ പോലെ തന്നെ ഒരാൾ വന്ന് ലിലോയെ ദത്തെടുത്തു. അവളെ ഇത്രയും കാലം വളർത്തിയ അവളുടെ മമ്മിക്കും പുതിയ മമ്മിക്കും നന്ദി പറയുന്നു എന്നും RSPCA പിന്നീട് പറഞ്ഞു.
