15 പേർ വരെ ഉള്ള കുടുംബങ്ങൾക്ക് പലപ്പോഴും മൂന്ന് നേരത്തെ ഭക്ഷണം കഴിക്കാൻ പോലും കഴിയില്ലെന്നും ഏതുനേരത്തെ ഭക്ഷണം കഴിക്കണമെന്ന് അവർ സ്വയം തീരുമാനിക്കേണ്ടിവരികയാണ് എന്നും ആകാശ് വീഡിയോയിൽ വെളിപ്പെടുത്തുന്നു.
ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ കിബേരയിലെ ജീവിതം കാണിക്കുന്ന വീഡിയോ പങ്കുവച്ച് ഇന്ത്യൻ ട്രാവൽ വ്ലോഗർ ആകാശ് ചൗധരി. കെനിയയിലെ നെയ്‌റോബിയിലാണ് കിബേരി. പല രാജ്യങ്ങളിലെയും ചേരികളിലെ ജീവിതം പോലെ തന്നെ അടിസ്ഥാന സൗകര്യങ്ങളോ, വേണ്ട ഭക്ഷണമോ ഇല്ലാത്ത ഇവിടുത്തെ ജീവിതമാണ് ആകാശ് ചൗധരി വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്.
'ആഫ്രിക്കയിലെ ഏറ്റവും ദുഷ്‌കരമായ ചേരിപ്രദേശമായ കിബേരയിലെ വീടുകളിൽ' എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 1.5 മില്ല്യൺ ആളുകളാണ് ഈ ചേരിപ്രദേശത്ത് താമസിക്കുന്നത്. നെയ്‌റോബിയിലെ ജനസംഖ്യയുടെ ഏകദേശം 6% പേരും കഴിയുന്നത് ചേരി പ്രദേശത്താണെങ്കിലും കിബേരയിലെ ആളുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ് എന്നാണ് ആകാശ് ചൗധരി പറയുന്നത്.
മെറ്റൽ ഷീറ്റുകൾ ഇട്ട ഇവിടുത്തെ വീടുകൾ പലതും ചാണകവും മണ്ണും മരങ്ങളും ഒക്കെ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഉള്ളവർ കുളിക്കാൻ 10 ഷില്ലിംഗും ടോയ്‌ലറ്റ് ഉപയോഗിക്കാൻ 5 ഷില്ലിംഗുമാണ് നൽകുന്നത്. ഒരു ബെഡ്റൂമിന്റെ വലിപ്പം പോലുമില്ലാത്ത, രണ്ട് പേർക്ക് ശരിക്കും നിൽക്കാൻ പോലും സാധിക്കാത്ത ഒരു മുറിയിൽ താമസിക്കുന്നത് 12 പേരാണ് എന്നും ആകാശ് തന്റെ വീഡിയോയിൽ കാണിക്കുന്നു.
15 പേർ വരെ ഉള്ള കുടുംബങ്ങൾക്ക് പലപ്പോഴും മൂന്ന് നേരത്തെ ഭക്ഷണം കഴിക്കാൻ പോലും കഴിയില്ലെന്നും ഏതുനേരത്തെ ഭക്ഷണം കഴിക്കണമെന്ന് അവർ സ്വയം തീരുമാനിക്കേണ്ടിവരികയാണ് എന്നും ആകാശ് വീഡിയോയിൽ വെളിപ്പെടുത്തുന്നത് കാണാം.
ഇവിടെ ആളുകൾക്ക് വിദ്യാഭ്യാസത്തിനോ എന്തെങ്കിലും ജോലിക്കോ ഒന്നും ഉള്ള അവസരം ഇല്ല. അതിനാൽ തന്നെ യുവാക്കൾ പലപ്പോഴും കളവുകൾ പോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാറുണ്ട് എന്നും വീഡിയോയിൽ പറയുന്നത് കാണാം. മാത്രമല്ല, പലരും ഇവിടെ ലോക്കലായി കിട്ടുന്ന മദ്യത്തിന് അടിമകളാണ്. വെറും ഒരു ഡോളറിൽ താഴെയാണ് ഇവിടെയുള്ള മനുഷ്യർക്ക് ഒരു ദിവസം ചെലവഴിക്കാനാവുന്നത്. ദാരിദ്ര്യവും അവശ്യവിഭവങ്ങൾ ഇല്ലാത്തതും ചേരിപ്രദേശത്തെ ജീവിതം ദുഷ്കരമാക്കുന്നു എന്നാണ് വ്ലോഗർ പറയുന്നത്.


