2010 -ൽ വിനോദസഞ്ചാരികളുടെ ഹോട്ട്‍സ്പോട്ടായി അറിയപ്പെടുന്ന സ്ഥലത്ത് സ്രാവ് ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അഞ്ച് ദിവസത്തിനുള്ളിൽ അഞ്ച് ആക്രമണങ്ങളാണ് അന്നുണ്ടായത്.

കഴിഞ്ഞ ദിവസമാണ് സ്രാവിന്റെ ആക്രമണത്തെ തുടർന്ന് ഈജിപ്തിൽ രണ്ട് വനിതാ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടത്. ഇതേ തുടർന്ന് ഇപ്പോൾ ചെങ്കടലിന്റെ തീരത്തുള്ള നിരവധി ബീച്ചുകൾ അടച്ചിട്ടിരിക്കുകയാണ് അധികൃതർ. 68 വയസുള്ള ഓസ്ട്രിയക്കാരിയാണ് വെള്ളിയാഴ്ച ഹുർഗദ നഗരത്തിന് സമീപം നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണമേറ്റതിലൊരാൾ എന്ന് റീജിയണൽ ഗവർണർ പറഞ്ഞു. സ്രാവിന്റെ ആക്രമണത്തെ തുടർന്ന് ഇവരുടെ കൈകളറ്റു പോയി. 

സാധാരണയായി ചെങ്കടലിൽ സ്രാവിന്റെ ആക്രമണം രൂക്ഷമല്ല എന്നാണ് പറയുന്നത്. എന്നാൽ, സമീപകാലത്തായി ഇവിടെ നിരവധി സ്രാവിന്റെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്ന് പറയുന്നു. രാജ്യം സന്ദർശിക്കുന്ന 65 ശതമാനം വിനോദസഞ്ചാരികളും ഈ പ്രദേശം സന്ദർശിക്കാറുണ്ട് എന്നാണ് കണക്കുകൾ കാണിക്കുന്നത്. അവസാനമായുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലവും സാഹചര്യവും പരിശോധിച്ചു വരികയാണ് എന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 

ഓൺലൈനിൽ പ്രചരിച്ച ഒരു വീഡിയോയിൽ ഒരു സ്ത്രീ രക്തക്കളത്തിൽ ജീവനുവേണ്ടി പോരടിക്കുന്നത് കാണാം. 2018 -ൽ നീന്തുന്നതിനിടെ ഒരു വിനോദസഞ്ചാരി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അതുപോലെ സമാനമായ ആക്രമണത്തിൽ 2015 -ൽ ഒരു ജർമ്മൻ വിനോദസഞ്ചാരിയും കൊല്ലപ്പെട്ടിരുന്നു. 

2010 -ൽ വിനോദസഞ്ചാരികളുടെ ഹോട്ട്‍സ്പോട്ടായി അറിയപ്പെടുന്ന സ്ഥലത്ത് സ്രാവ് ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അഞ്ച് ദിവസത്തിനുള്ളിൽ അഞ്ച് ആക്രമണങ്ങളാണ് അന്നുണ്ടായത്. അതിൽ 70 വയസുള്ള ഒരു ജർമ്മൻ സ്ത്രീ കൊല്ലപ്പെടുകയും മറ്റ് നാല് വിനോദസഞ്ചാരികൾക്ക് പരിക്കേൽക്കുകയും ചെയ്‍തിരുന്നു. 

ഏതായാലും നിലവിൽ രണ്ട് വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം അധികൃതരെയും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകുലതയിൽ ആക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബീച്ചുകളെല്ലാം അടച്ചുപൂട്ടുകയും വിനോദസഞ്ചാരികളെ നിയന്ത്രിക്കുകയും ചെയ്തിരിക്കുകയാണ്.