ദിവസവും രാവിലെ 11:30 മുതൽ പുലർച്ചെ 2 മണി വരെ ജോലി ചെയ്യേണ്ടി വരുന്നതായും ​ഗ്യാസ്‍ലൈറ്റിം​ഗും, സ്വജനപക്ഷപാതവും ബഹുമാനമില്ലായ്മയും എല്ലാം നേരിടേണ്ടി വന്നു എന്നും പോസ്റ്റിൽ കാണാം.

മിക്ക തൊഴിലിടങ്ങളും തൊഴിലാളികളെ ചൂഷണം ചെയ്യാറുണ്ട്. ഏറെനേരം പണിയെടുപ്പിച്ചും ഇടവേള നൽകാതെയും ഒക്കെ തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങളും ഉണ്ട്. അത്തരും അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ നാം ഒരുപാട് വായിച്ചിട്ടുണ്ടാകും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.

പോസ്റ്റിൽ പറയുന്നത്, ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നീണ്ട മണിക്കൂറുകൾ ജോലി ചെയ്തതിന് പിന്നാലെ തനിക്ക് ഹൃദയാഘാതം വരെ ഉണ്ടായി എന്നാണ്. ജോലി പോയി, വയ്യാതായി, ഭാവി അനിശ്ചിതത്വത്തിലാണ് എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്.

20 കൊല്ലത്തോളം യുഎസ്/യൂറോപ്യൻ കമ്പനികളിൽ ജോലി ചെയ്തതിന് പിന്നാലെ ആരോ​ഗ്യകരമായ തൊഴിൽ സംസ്കാരം എങ്ങനെ ആയിരിക്കുമെന്ന് താൻ മനസിലാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം താൻ ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ ജോലിക്ക് ചേർന്നു. പിരിച്ചുവിട്ടതിന് പിന്നാലെ മറ്റ് മാർ​ഗങ്ങളില്ലാതെയാണ് ഇവിടെ ചേർന്നത് എന്ന് യുവാവ് എഴുതുന്നു.

ജോലിക്ക് ചേർന്ന് രണ്ടാമത്തെ ആഴ്ച മുതൽ തന്നെ സംഭവിക്കാൻ പോകുന്നതിന്റെ സൂചന കിട്ടി എന്നാണ് യുവാവ് പറയുന്നത്. ദിവസവും രാവിലെ 11:30 മുതൽ പുലർച്ചെ 2 മണി വരെ ജോലി ചെയ്യേണ്ടി വരുന്നതായും ​ഗ്യാസ്‍ലൈറ്റിം​ഗും, സ്വജനപക്ഷപാതവും ബഹുമാനമില്ലായ്മയും എല്ലാം നേരിടേണ്ടി വന്നു എന്നും പോസ്റ്റിൽ കാണാം.

ഇതിന് പിന്നാലെ ധാർമ്മികതയും ആത്മവിശ്വാസവും, ആത്മാഭിമാനവും എല്ലാം ഇല്ലാതെയായി എന്നും യുവാവ് പറയുന്നു. സ്ഥാപകരുടെ പരാജയമാണ് കാരണമെങ്കിലും അവർ ജീവനക്കാർക്ക് നേരെയാണ് മോശമായി പെരുമാറിയത് അത് തന്നെ കൂടുതൽ വിഷാദത്തിലാക്കി. പിന്നാലെ, താൻ ജോലി രാജിവച്ചു. എന്നാൽ, രണ്ടാഴ്ചയ്ക്ക് ശേഷം ഹൃദയാഘാതമുണ്ടായി. ഇത്തിരികൂടി വൈകിയിരുന്നെങ്കിൽ മരണം സംഭവിച്ചേനെ എന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ ജോലിയില്ലാതെ, ആരോ​ഗ്യമില്ലാതെ അനിശ്ചിതമായ ഭാവിയുമായി വീട്ടിലിരിക്കുകയാണ് എന്നാണ് യുവാവ് പറയുന്നത്. ‌

പലരും യുവാവിനെ ആശ്വസിപ്പിച്ചു. ഇത്തരം ജോലികൾ തെരഞ്ഞെടുക്കരുതെന്നും പലരും കമന്റിൽ സൂചിപ്പിച്ചു. അതേസമയം, സമാനമായ അനുഭവം ഉണ്ടായതായും പലരും പറഞ്ഞിട്ടുണ്ട്.