മൊത്തം തീ കൊണ്ടുള്ള കളിയാണ്! ഇവിടെ ശരീരത്തിൽ തീയിട്ടുകൊണ്ടുള്ള ചികിത്സാരീതികൾ
ഒരാളുടെ ശരീരത്തിൽ തീവക്കുന്നത് തീർച്ചയായും അപകടകരമായ ഒരു ശ്രമമാണ്. അതിന്റെ സുരക്ഷയെക്കുറിച്ച് സ്വാഭാവികമായും ആർക്കും സംശയം തോന്നാം.

രോഗങ്ങൾ ഭേദമാക്കാൻ നൂറുകണക്കിന് വ്യത്യസ്ത ചികിത്സാ രീതികളുണ്ട് ഇന്ന്. അലോപ്പതിയും, ഹോമിയോയും, ആയുർവേദവുമൊക്കെയാണ് നമ്മുടെ രാജ്യത്ത് ഏറ്റവും പ്രചാരം നേടിയിട്ടുള്ള ചികിത്സാ രീതികൾ. എന്നാൽ, ഒരാളുടെ ശരീര ഭാഗങ്ങളിൽ തീയിടുന്ന ഒരു പ്രത്യേക ചികിത്സാ രീതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? പരമ്പരാഗത ചൈനീസ് ചികിത്സാ രീതി(traditional Chinese therapy)യായ ഫയർ തെറാപ്പി(fire therapy)യാണത്.
പേര് സൂചിപ്പിക്കുന്നത് പോലെ, തീകൊണ്ടുള്ള കളികളാണ് ഇതിൽ മുഴുവൻ. ശരീരത്തിലെ പ്രത്യേക ഭാഗങ്ങളിൽ മഗ്‌വോർട്ട് എന്ന് വിളിക്കപ്പെടുന്ന ഉണങ്ങിയ സുഗന്ധമുള്ള പൂച്ചെടികൾ കത്തിക്കുന്നതും, ചൂടുള്ള സൂചി ശരീരത്തിലെ അക്യുപങ്ചർ പോയിന്റുകളിൽ കുത്തി ഇറക്കുന്നതും, ചൂടാക്കിയ കപ്പുകൾ ഉപയോഗിച്ച് ചർമ്മത്തിൽ വാക്വം കപ്പിംഗ് ചെയ്യുന്നതും എല്ലാം ഇതിന്റെ വിവിധ ചികിത്സാ രീതികളാണ്. വാതം, സെർവിക്കൽ സ്‌പോണ്ടിലോസിസ്, സന്ധി ഉളുക്ക്, മുഴകൾ, ഗർഭാശയ സംബന്ധമായ പ്രശ്‍നങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി ചെറുതും വലുതുമായ എല്ലാ രോഗങ്ങളും ഈ ചികിത്സയിലൂടെ പരിഹരിക്കാമെന്ന് അവർ അവകാശപ്പെടുന്നു.
ഫയർ തെറാപ്പി ചൈനയുടെ പരമ്പരാഗത ചികിത്സാ രീതിയാണെങ്കിലും, ഇപ്പോൾ ഹെർബൽ മെഡിസിൻ കമ്പനിയായ ക്വാൻ ജിയാനും ഇത് പ്രോത്സാഹിപ്പിക്കുന്നു. ചികിത്സയുടെ ഭാഗമായി, ആദ്യം ഒരു നനഞ്ഞ ടവലിൽ അല്പം മദ്യം ഒഴിക്കുന്നു. തുടർന്ന് അത് രോഗിയുടെ ചർമ്മത്തിൽ വയ്ക്കുകയും, പിന്നീട് അവിടം തീയിടുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താൻ വേണ്ടിയും, അക്യുപങ്‌ചർ പോയിന്റുകളെ ഉത്തേജിപ്പിക്കുന്നതിനുവേണ്ടിയുമാണ് ഇതെന്നാണ് പറയുന്നത്. ആൽക്കഹോളിൽ മുക്കിയ ടവൽ വയ്ക്കുന്നതിന് മുമ്പ് ശരീരത്തിൽ ഹെർബൽ പേസ്റ്റ് പുരട്ടുന്നതും തെറാപ്പിയിൽ ഉൾപ്പെടുന്നു. തീയിൽ നിന്നും ഉയരുന്ന ചൂട് അക്യുപങ്ചർ പോയിന്റിൽ കുത്തിവയ്ക്കുന്ന സൂചികൾ വഴി എല്ലായിടവും എത്തുന്നു.
ഒരാളുടെ ശരീരത്തിൽ തീവക്കുന്നത് തീർച്ചയായും അപകടകരമായ ഒരു ശ്രമമാണ്. അതിന്റെ സുരക്ഷയെക്കുറിച്ച് സ്വാഭാവികമായും ആർക്കും സംശയം തോന്നാം. എന്നാൽ നിലവിൽ അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. കൂടാതെ അംഗീകൃത സർട്ടിഫിക്കേഷനും ഇതിനില്ല. ഇതൊന്നും പോരെങ്കിൽ, മുൻപ് പല തവണ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തെറാപ്പിസ്റ്റുകൾ സമ്മതിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പുറപ്പെടുന്നതിന് മുൻപായി ചില സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടതുണ്ട്. ശരിയായ അക്യുപങ്‌ചർ പോയിന്റിൽ തന്നെ വേണം തീ പടർത്താൻ, വേണ്ടിവന്നാൽ തീ അണക്കാനായി അറ്റൻഡർ ഒരു നനഞ്ഞ ടവൽ കരുതിയിരിക്കണം, രോഗിയ്ക്ക് ചൂട് അധികമായി തോന്നിയാൽ, ഉടൻ തന്നെ തീ കെടുത്തണം തുടങ്ങിയവയാണ് അവയിൽ ചിലത്. ചൈനയ്ക്ക് പുറമേ, ഓക്ക്‌ലൻഡിലും, ഈജിപ്തിലും ഈ തെറാപ്പി പ്രചാരം നേടിയിട്ടുണ്ട്.