Asianet News MalayalamAsianet News Malayalam

Squid Game| കിട്ടിയത് എട്ടിന്റെ പണി; സ്‌ക്വിഡ് ഗെയിം വന്നതോടെ ജീവിതം താറുമാറായ ഒരു യുവതി!

സ്‌ക്വിഡ് ഗെയിം വന്നതോടെ ജീവിതം താറുമാറായ ഒരു ഗെയിമര്‍ യുവതിയുടെ ജീവിതകഥ 

tragic story of  gamer named squid game
Author
Bristol, First Published Nov 4, 2021, 4:53 PM IST

നെറ്റ്ഫ്‌ളിക്‌സിലൂടെ (Netflix) സൂപ്പര്‍ ഹിറ്റായി മാറിയ ദക്ഷിണ കൊറിയന്‍ (SOuth Korea) വെബ് സീരീസ് സ്‌ക്വിഡ് ഗെയിം (Squid Game) അതുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം വലിയ ഭാഗ്യം കൊണ്ടുവന്നപ്പോള്‍ ലിഡിയ എലേരി എന്ന യുവതിക്ക് കൊണ്ടുവന്നത് നിര്‍ഭാഗ്യമാണ്. ഓണ്‍ലെന്‍ ഗെയിമറായി ജോലി ചെയ്തിരുന്ന അവര്‍ക്ക് രണ്ട് കമ്പനികളില്‍നിന്നും ജോലി പോയി. ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഈ യുവതി വിധേയമാവുകയും ചെയ്തു. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ തീവ്രശ്രമങ്ങള്‍ നടക്കുകയാണ്. മാത്രമല്ല, ഒരു കമ്പനികളും അവരെ ഇപ്പോള്‍ ജോലിക്കെടുക്കുന്നില്ല.

എല്ലാറ്റിനും കാരണം എന്താണെന്നോ, പേര്! അറിയുക, പതിറ്റാണ്ടിലേറെയായി ഈ യുവതിയുടെ ഓണ്‍ലൈന്‍ പ്രൊഫൈല്‍ നാമം സ്‌ക്വിഡ് ഗെയിം എന്നാണ്! 

ലണ്ടനില്‍ ജനിച്ച് ബ്രിസ്്റ്റളില്‍ ജീവിക്കുന്ന ഈ 32-കാരി ഓണ്‍ലൈനില്‍ ഗെയിമുകള്‍ സ്ട്രീം ചെയ്യുന്ന ജോലിയാണ് കാലങ്ങളായി ചെയ്യുന്നത്. അതിനുപയോഗിക്കുന്നത് വിവിധ സോഷ്യല്‍ മീഡിയകളാണ്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ച്, ഇന്‍സ്റ്റഗ്രാം എന്നിവിടങ്ങളില്‍ ലിഡിയ വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് സ്‌ക്വിഡ് ഗെയിം എന്ന പേരാണ്.  42,300 പേരാണ് ട്വിച്ചില്‍ അവളെ ഫോളോ ചെയ്യുന്നത്.  ഏഴ് മില്യന്‍ സബ്‌സ്‌ക്രൈബര്‍മാരുള്ള യോഗ്‌സ്‌കാസ്റ്റ് എന്ന യൂട്യൂബ് കൂട്ടായ്മയിലെ അംഗവുമാണ് ഇവര്‍. ട്വിറ്ററില്‍ സ്‌ക്വിഡിംഗ് ഗെയിം എന്നാണ് ഇവരുടെ ഹാന്‍ഡില്‍. 

എല്ലാം വളരെ ഭംഗിയായി നടക്കുമ്പോഴാണ് നെറ്റ് ഫ്‌ളിക്‌സില്‍ സ്‌ക്വിഡ് ഗെയിം വരുന്നത്. അതോടെ എല്ലാം മാറി. അതിവേഗം ആഗോള ഹിറ്റായി മാറിയ സ്‌ക്വിഡ് ഗെയിം വെബ്‌സീരീസ് ആദ്യ നാല് ആഴ്ചകള്‍ക്കുള്ളില്‍ മാത്രം എത്തിയത് 14. 5 കോടി വീടുകളിലാണ് . അതോടെ, വെബ്‌സീരീസിന് ആരാധകര്‍ പെരുകി. നെറ്റ് ഫ്‌ളിക്‌സ് അവരുടെ സ്വന്തം സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളിലൂടെയാണ് സ്‌ക്വിഡ് ഗെയിമിന്റെ ഓണ്‍ലൈന്‍ പ്രമോഷന്‍ നടത്തുന്നത്്. സ്‌ക്വിഡ് ഗെയിമിനു മാത്രമായി ഒരു സോഷ്യല്‍ മീഡിയാ അക്കൗണ്ടില്ല. 

ഇതാണ് ലിഡിയയ്ക്ക് വിനയായത്. ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്നത് സ്‌ക്വിഡ് ഗെയിം എന്ന പേരിലുള്ള ലിഡിയയുടെ പ്രൊഫൈലാണ്. സ്‌ക്വിഡ് ഗെയിം വെബ്‌സീരീസിന്റെ പ്രൊഫൈല്‍ ലിഡിയ തട്ടിയെടുത്തതാണ് എന്ന നിലയില്‍ അതിനിടെ ഓണ്‍ലൈനില്‍ വ്യാജപ്രചാരണവുമുണ്ടായി. 

അതോടെ, ലക്ഷക്കണക്കിനാളുകള്‍ അവരെ തെറിവിളിക്കാന്‍ തുടങ്ങി. മൊബൈല്‍ ഫോണില്‍ നിറയെ സന്ദേശങ്ങള്‍ അടിഞ്ഞു കൂടി. ഓണ്‍ലൈനില്‍ ഗെയിം സ്ട്രീം ചെയ്ത് ജീവിക്കുന്ന ഒരുവള്‍ ആയിട്ടുപോലും അവള്‍ക്ക് എല്ലാ സോഷ്യല്‍ മീഡിയാ നോട്ടിഫിക്കേഷനുകളും ഓഫ് ചെയ്യേണ്ടിവന്നു. നിരവധി തവണയാണ് തന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നതെന്നും ലിഡിയ ബിബിസിയോട് പറഞ്ഞു. തീര്‍ന്നില്ല, സ്‌ക്വിഡ് ഗെയിമിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് തട്ടിയെടുത്തു എന്നാരോപിച്ച് ആളുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ അവളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇടയ്ക്കിടെ നീക്കം ചെയ്യപ്പെടുന്നുമുണ്ട്. 

പതിറ്റാണ്ടു കാലത്തോളം ജോലിചെയ്താണ് സ്‌ക്വിഡ് ഗെയിം എന്ന പേരില്‍ ഗെയിമിംഗ് ബ്രാന്‍ഡ് ലിഡിയ ഓണ്‍ലൈനില്‍ ഉണ്ടാക്കിയെടുത്തത്. അതുവെച്ചാണ് അവള്‍ ജോലി ചെയ്യുന്നതും. എന്നാല്‍, ഇപ്പോള്‍ തന്റെ പേര് സെര്‍ച്ച് ചെയ്താല്‍,  വെബ് സീരീസാണ് വരുന്നതെന്ന് ലിഡിയ പറയുന്നു. ഓണ്‍ലൈനില്‍ താന്‍ ഉണ്ടാക്കിയെടുത്ത ബ്രാന്‍ഡിനെ ഒറ്റയടിക്ക് ഇല്ലാതാക്കുകയായിരുന്നു വെബ് സീരീസ് എന്നും അവള്‍ പറയുന്നു. 

സ്‌ക്വിഡ് ഗെയിം എന്ന പേരില്‍ ഗെയിമിംഗ് നടത്തിക്കൊണ്ടിരിക്കുന്ന ലിഡിയയ്ക്ക് ഇതിനിടെ രണ്ടു കമ്പനികളില്‍നിന്നുള്ള ജോലിയും പോയി. അതിനും കാരണമായത്, സ്‌ക്വിഡ് ഗെയിം എന്ന പ്രൊഫൈലിനു നേര്‍ക്കുണ്ടായ ആക്രമണങ്ങളാണ്. ഓണ്‍ലൈന്‍ തെറിവിളികള്‍ക്ക് ഇടയില്‍ വരുമാനമാര്‍ഗവും നഷ്ടമായതോടെ പ്രതിസന്ധിയിലാണ് ഈ 32-കാരി. പേരു മാറ്റുക മാത്രമാണ് തന്റെ മുന്നിലുള്ള പോംവഴി എന്നാണ് ലിഡിയ പറയുന്നത്. എന്നാല്‍, ഗെയിമറായി നില്‍ക്കുന്ന ഒരാള്‍ ഒരു സുപ്രഭാതത്തില്‍ പുതിയ ഹാന്‍ഡിലുമായി വരുന്നത് ആത്മഹത്യാപരമാണ് എന്ന് അവള്‍ തിരിച്ചറിയുന്നു. പുതിയ പേരിനെ ബ്രാന്‍ഡ് ചെയ്ത ഓണ്‍ലൈന്‍ ഇടം നേടണമെങ്കില്‍ എത്ര കാലം വേണ്ടിവരുമെന്നാണ് അവള്‍ ചോദിക്കുന്നത്. 

സൗത്ത് കൊറിയന്‍ സര്‍വൈവല്‍ ഡ്രാമ സിരീസ് ആയ സ്‌ക്വിഡ് ഗെയിം സെപ്റ്റംബര്‍ 17-നാണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. 32 മുതല്‍ 63 മിനിറ്റുകള്‍ വരെയുള്ള ഒന്‍പത് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ ഭാഷാഭേദമന്യെ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കാന്‍ തുടങ്ങിയതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ഷോ ആയിരിക്കുകയാണ് സ്‌ക്വിഡ് ഗെയിം. റിലീസ് ചെയ്ത് ആദ്യ 23 ദിവസത്തിനുള്ളില്‍ ഷോയുടെ രണ്ട് മിനിറ്റ് എങ്കിലും കണ്ടവരുടെ എണ്ണം 13.2 കോടി വരുമെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ കണക്ക്. ഇതില്‍ 89 ശതമാനം പ്രേക്ഷകര്‍ ചുരുങ്ങിയത് 75 മിനിറ്റ് എങ്കിലും കണ്ടിട്ടുണ്ടെന്നും 66 ശതമാനം പേര്‍ (8.7 കോടി പേര്‍) 23 ദിവസത്തിനകം ആദ്യ സീസണ്‍ പൂര്‍ത്തിയാക്കിയെന്നും കണക്കുകള്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios