തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടെയാണ്, സഹായത്തിനായുള്ള ഒരു നേരിയ നിലവിളി സംഘം കേൾക്കുന്നത്. കിണർ വൈകാതെ അവരുടെ ശ്രദ്ധയിൽ‌ പെട്ടു.

പാമ്പുകളുള്ള, പായലും ചെടികളും നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ 48 -കാരി കഴിഞ്ഞത് 54 മണിക്കൂർ. ആശ്വാസകരമായ അതിജീവനകഥ വരുന്നത് ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ക്വാൻഷൗവിൽ നിന്നാണ്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന കിണറ്റിലേക്ക് സ്ത്രീ അബദ്ധത്തിൽ വീണുപോവുകയായിരുന്നു. കിണറ്റിൽ പാമ്പുകളുണ്ടായിരുന്നുവെന്നും കൊതുകുകളുടെയും പാമ്പിന്റെയും കടികൊണ്ടും വൃത്തിഹീനവും അപകടകരവുമായ സാഹചര്യത്തിൽ അവർ പിടിച്ചുനിൽക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. സെപ്റ്റംബർ 13 -ന് നടക്കാൻ പോയപ്പോഴാണ് ക്വിൻ ആഴമുള്ള കിണറ്റിൽ വീണതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പിറ്റേദിവസമാണ് അവരെ കാണാനില്ലായെന്ന് കുടുംബം റിപ്പോർട്ട് ചെയ്യുന്നത്. മകൻ സഹായത്തിനായി ജിൻജിയാങ് റുയിറ്റോംഗ് ബ്ലൂ സ്കൈ എമർജൻസി റെസ്ക്യൂ സെന്ററിനെ സമീപിച്ചു. തുടർന്ന്, 10 രക്ഷാപ്രവർത്തകരടങ്ങിയ ഒരു സംഘം തെർമൽ ഇമേജിംഗ് ഡ്രോണുമായി 15 -ന് തിരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും 50 മണിക്കൂറിലധികമായി കിണറ്റിൽ കഴിയേണ്ടിവന്ന ക്വിൻ ക്ഷീണിതയായിരുന്നു. വെള്ളത്തിലുണ്ടാവാറുള്ള പാമ്പുകളും, കൊതുകുകളും അവളെ കടിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

തിരച്ചിൽ പുരോ​ഗമിക്കുന്നതിനിടെയാണ്, സഹായത്തിനായുള്ള ഒരു നേരിയ നിലവിളി സംഘം കേൾക്കുന്നത്. കിണർ വൈകാതെ അവരുടെ ശ്രദ്ധയിൽ‌ പെട്ടു. അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ക്വിന്നിനെ കണ്ടതോടെ ഉടനടി അവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നീന്താൻ അറിയാമായിരുന്നതിനാൽ വെള്ളത്തിൽ മുങ്ങിപ്പോകാതെ പൊങ്ങിക്കിടക്കാൻ ശ്രമിച്ചു എന്നും ഇടയ്ക്ക് കിണറിൽ ഉണ്ടായിരുന്ന കല്ലുകളിൽ പിടിച്ചിരുന്നു എന്നും ക്വിൻ പിന്നീട് പറഞ്ഞു. പുറത്തെത്തിച്ച ഉടനെ തന്നെ ക്വിന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരാശകൊണ്ട് തകർന്നുപോയ, തളർന്നുപോയ പല അവസരങ്ങളും ഉണ്ടായിരുന്നു. കിണറിൻ‌റെ താഴ്ഭാ​ഗത്ത് ഇരുട്ടായിരുന്നു. കൊതുകുകളും പാമ്പും കടിച്ചു. പാമ്പ് വിഷമില്ലാത്തതായിരുന്നതിനാൽ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു എന്നും ക്വിൻ പിന്നീട് പറഞ്ഞു.