എക്കാലത്തെയും പ്രശസ്തങ്ങളായ ആനിമേറ്റഡ് മ്യൂസിക് വീഡിയോകളിൽ നിന്നുള്ള ഒരു സെറ്റ് പോലെ എന്നാണ് പലരും ഈ  കഫെയെ വിശേഷിപ്പിക്കുന്നത് തന്നെ.

പലതരത്തിലുള്ള കഫേകളും നാം കണ്ടിട്ടുണ്ട്. പല പരീക്ഷണങ്ങളും ഇപ്പോള്‍ കഫേയുടെ ഇന്‍റീരിയറിലും മറ്റും നടക്കാറുമുണ്ട്. എന്നാല്‍, ബി ഡബ്ല്യു എന്ന് പേരുള്ള ഈ 2D കഫേകള്‍ അതിനെയെല്ലാം കടത്തി വെട്ടുന്നതാണ്. മോസ്കോയിലും സെന്‍റ്പീറ്റേഴ്സ്ബര്‍ഗിലുമുള്ള രണ്ട് കഫേകളാണിത്. ഇതിനകത്ത് കയറുന്ന ഒരാള്‍ക്ക് താനിപ്പോഴുള്ളത് യഥാര്‍ത്ഥലോകത്തിലാണോ അതോ വല്ല കാര്‍ട്ടൂണിലുമാണോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികമാണ്. 

റഷ്യയിലെ ഏറ്റവും ട്രെന്‍ഡിയായിട്ടുള്ള സ്ഥലങ്ങളിലൊന്നാണ് ഇപ്പോള്‍ ഈ കഫേ. ഇൻസ്റ്റ​ഗ്രാമിലടക്കം ഇവിടെ നിന്നും എടുത്തിരിക്കുന്ന ചിത്രങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. കറുപ്പും വെളുപ്പും ചുമരുകളും അതിനുചേര്‍ന്ന കര്‍ട്ടനും ഫര്‍ണിച്ചറുകളുമെല്ലാം ഈ കഫേയെ വ്യത്യസ്തമാക്കുന്നു. തീര്‍ന്നില്ല, പാത്രങ്ങളും മെനുവും എല്ലാം ഇതിനോട് ചേർന്നു നിൽക്കുന്നവ തന്നെയാണ്. 

ഇത് ആനിമേഷന്‍, കോമിക് ബുക്ക് ആരാധകര്‍ക്ക് വേണ്ടി പ്രത്യേകം പണിതത് വല്ലതുമാണോ എന്ന് ഇവിടെയെത്തുന്ന ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ല. മാത്രവുമല്ല, ഒരല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ചെല്ലാന്‍ പറ്റുന്ന ഇടം കൂടിയാണ് ഈ കഫെ. എന്ത് തന്നെയായാലും ഇതിനകത്ത് കയറുന്ന ഒരാൾക്ക് തല ചെറുതായി പെരുക്കാൻ സാധ്യതയുണ്ട്. കഫേയ്ക്കകത്ത് ഏതാണ് യാഥാർത്ഥ്യം, ഏതാണ് തോന്നൽ എന്നതെല്ലാം തിരിച്ചറിയാൻ ഉറപ്പായും കുറച്ച് സമയം വേണ്ടി വരും. ഒരു കോമിക് ബുക്ക് തുറന്നുവച്ചിരിക്കുന്നത് പോലെ ആ കഫെ നമ്മെ സ്വാ​ഗതം ചെയ്യുന്നു. അകത്തോട്ട് കയറിച്ചെന്നാൽ അതിലും മികച്ച കാഴ്ചകളാണ് കാണാൻ കഴിയുന്നത്. 

എക്കാലത്തെയും പ്രശസ്തങ്ങളായ ആനിമേറ്റഡ് മ്യൂസിക് വീഡിയോകളിൽ നിന്നുള്ള ഒരു സെറ്റ് പോലെ എന്നാണ് പലരും ഈ കഫെയെ വിശേഷിപ്പിക്കുന്നത് തന്നെ. 2019 -ലാണ് ഇത്തരം ഒരു കഫേയെ കുറിച്ചുള്ള ആലോചന ഉടമയുടെ മനസിൽ വരുന്നത്. ഈ കഫെയുടെ സ്ഥാപകനും ഉടമയുമാണ് സോള്‍ബോണ്‍. അദ്ദേഹം പറയുന്നത്, കഫേ നിര്‍മ്മിച്ച ശേഷം ഒരുമാസം കൊണ്ടാണ് അതിന് ഇങ്ങനെയൊരു രൂപം നല്‍കിയത് എന്നാണ്. അതിനുവേണ്ടി വന്നത് 100 കിലോ പെയിന്‍റാണ്. ഇവിടെയെത്തുന്ന ആളുകള്‍ വളരെ ഹാപ്പിയാണ്. വ്യത്യസ്തമായ ചിത്രങ്ങളെടുക്കാന്‍ അവരില്‍ പലരും ഇഷ്ടപ്പെടുന്നു. അതുപോലെ തന്നെ അവിടുത്തെ ജീവനക്കാര്‍ക്കും അവിടെ ജോലി ചെയ്യാന്‍ വളരെ ഇഷ്ടമാണ്. പലരും അവിടെയൊരു ഒഴിവ് വരാനും ജോലിക്ക് കേറാനുമായി മാസങ്ങളോളം കാത്തിരിക്കാറുണ്ട് എന്നും അദ്ദേഹം പറയുന്നു. 

ഇൻസ്റ്റ​ഗ്രാമിലടക്കം ഇതിനകത്ത് നിന്നും പകർത്തിയിട്ടുള്ള അനേക കണക്കിന് ചിത്രങ്ങൾ കാണാം. കുട്ടികളും യുവാക്കളുമാണ് ഇവിടെ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവരിൽ ഏറെയും. കസേരകളിലിരുന്നും ചുമരിനോട് ചേർന്നും മറ്റും എടുത്തിരിക്കുന്ന ചിത്രങ്ങൾ കണ്ടാലും ഏതാണ് യാഥാർത്ഥ്യമെന്ന് മനസിലാക്കുക പാട് തന്നെ. 

View post on Instagram