Asianet News MalayalamAsianet News Malayalam

നായ കടിച്ചുപറിച്ച മുഖം, അനവധിയനവധി ശസ്ത്രക്രിയകൾ, അതിജീവനത്തിന്റെ അമ്പരപ്പിക്കുന്ന കഥ പങ്കുവെച്ച് യുവതി

ആക്രമത്തിൽ നിലത്തേക്ക് വീണുപോയ തന്റെ മൂക്ക് നായ കടിച്ചു മുറിച്ചു എന്നാണ് ട്രിനിറ്റി പറയുന്നത്. ആക്രമണത്തിന് ഇരയായി ഒരാഴ്ചയ്ക്കുശേഷം നടത്തിയ , ഒരു സ്കിൻ ഗ്രാഫ്റ്റ് നടപടി ക്രമത്തിലൂടെയാണ് തൻറെ നഷ്ടപ്പെട്ടുപോയ മൂക്കിനെ തിരികെ തുന്നിച്ചേർത്തത് എന്നാണ് ഇവർ പറയുന്നത്.

trinity rowles woman attacked by Pitbull shares survival story
Author
First Published Aug 4, 2024, 3:10 PM IST | Last Updated Aug 4, 2024, 3:10 PM IST

നമ്മൾ ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലെങ്കിൽ കൂടിയും സാമൂഹിക മാധ്യമങ്ങളിൽ ചിലർ പങ്കുവയ്ക്കുന്ന അനുഭവങ്ങൾക്ക് നമ്മുടെ ജീവിതങ്ങളെ പ്രചോദിപ്പിക്കാൻ ഉള്ള വലിയ ശക്തിയുണ്ട്. അത്തരത്തിൽ ഒരു യുവതിയുടെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മാരകമായ രീതിയിൽ ഒരു നായയുടെ ആക്രമണത്തിന് ഇരയാക്കപ്പെട്ട ഈ യുവതി തുടർച്ചയായ പ്ലാസ്റ്റിക് സർജറികൾക്ക് ശേഷം താൻ ജീവിതത്തിലേക്ക് തിരികെ വന്ന അനുഭവം പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയയിൽ.

റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് 2022 സെപ്റ്റംബറിൽ ഒരു പിറ്റ് ബുള്ളിൻ്റെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ ട്രിനിറ്റി റൗൾസ് എന്ന യുവതിയാണ് ഇത്തരത്തിൽ ഒരു അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നുള്ള ട്രിനിറ്റി റൗൾസിന് അന്ന് 19 വയസ്സായിരുന്നു പ്രായം. മുഖം നായ കടിച്ചുകീറിയതിനെ തുടർന്ന് നിരവധി ശാസ്ത്രക്രിയകൾക്കാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഇവർക്ക് വിധേയയാകേണ്ടി വന്നത്. പൂർണ്ണമായും തകർന്നുപോയ ആ മാനസികാവസ്ഥയിൽ നിന്നും താൻ ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ ട്രിനിറ്റി.

അവളുടെ അച്ഛന്റെ വളർത്തുനായയിരുന്നു ട്രിനിറ്റിയെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിന് ശേഷം അതികഠിനമായ ഭയത്തിലേക്കും വിഷാദത്തിലേക്കും വഴുതിവീണ ഈ യുവതി പിന്നീട് ജീവിതം തിരികെ പിടിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ അനുഭവം പങ്കുവെച്ചു തുടങ്ങിയതോടെയാണ്. തനിക്ക് നേരിടേണ്ടിവന്ന ആക്രമണത്തെക്കുറിച്ചും ഓരോ ദിവസവും താൻ കടന്നുപോകുന്ന വേദനകളെക്കുറിച്ചും അവൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. കൂടാതെ തന്റെ മുഖം തിരികെ പിടിക്കാനായി നടത്തിയ ശാസ്ത്രക്രിയയുടെ വിവരങ്ങളും ഇവർ പങ്കുവെച്ചുകൊണ്ടേയിരുന്നു. 

ആക്രമത്തിൽ നിലത്തേക്ക് വീണുപോയ തന്റെ മൂക്ക് നായ കടിച്ചു മുറിച്ചു എന്നാണ് ട്രിനിറ്റി പറയുന്നത്. ആക്രമണത്തിന് ഇരയായി ഒരാഴ്ചയ്ക്കുശേഷം നടത്തിയ , ഒരു സ്കിൻ ഗ്രാഫ്റ്റ് നടപടി ക്രമത്തിലൂടെയാണ് തൻറെ നഷ്ടപ്പെട്ടുപോയ മൂക്കിനെ തിരികെ തുന്നിച്ചേർത്തത് എന്നാണ് ഇവർ പറയുന്നത്. ഇതിനായി അവളുടെ നെറ്റിയിൽ നിന്നും തലയോട്ടിയിൽ നിന്നും ചർമ്മം എടുക്കുകയും ചെവിയിൽ നിന്നും തരുണാസ്ഥി എടുക്കുകയും ചെയ്തു. ആക്രമണം ട്രിനിറ്റിയെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചു.  അതോടെ തനിക്ക് രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ട്രിനിറ്റി പറയുന്നു.

പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ താങ്കൾ നൽകുന്ന പ്രചോദനം വലുതാണെന്നും ജീവിതത്തോടുള്ള അഭിനിവേശം ഇതുപോലെതന്നെ ഇനിയും മുറുകെ പിടിക്കുക എന്നും പലരും അഭിപ്രായപ്പെട്ടു.
 

Latest Videos
Follow Us:
Download App:
  • android
  • ios