വ്ലാദിമിർ പുട്ടിന്റെ ആയോധന കലാവൈഭവത്തെപ്പറ്റി റഷ്യയിൽ നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. സത്യം എത്രത്തോളമുണ്ട്, പൊലിപ്പിക്കൽ എത്രത്തോളമുണ്ട് എന്ന് കൃത്യമായി വേർതിരിച്ചറിയുക പ്രയാസമാണ്. സത്യം എന്തുതന്നെ ആയിരുന്നാലും റഷ്യൻ മീഡിയ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പുടിന്റെ പ്രകടനങ്ങളുടെ വീഡിയോകൾ കാണുന്ന ആരും കരുതുക പുടിൻ ജൂഡോയിൽ ലോകത്തെ ഏറ്റവും ഉയർന്ന യോഗ്യത നേടിയ ഒരു യോദ്ധാവാണ് എന്നുതന്നെയാകും. 

അമേരിക്ക എന്തൊക്കെപ്പറഞ്ഞാലും, പുടിനെപ്പറ്റി പ്രചരിക്കുന്ന ജൂഡോ കഥകളിൽ ഒരു വലിയ സത്യമുണ്ട്. ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് അദ്ദേഹം. അത് റഷ്യയുടെ അമരത്തു വരുന്നതിനൊക്കെ മുമ്പ് നേടിയതാണ്. അതിൽ വേറെ കള്ളമൊന്നുമില്ല. എന്നുമാത്രമല്ല, ഇത്തരത്തിലുള്ള ബെൽറ്റുകൾ നൽകുന്ന മാർഷ്യൽ ആർട്സ് ഓർഗനൈസേഷനുകളിൽ നിന്ന് അദ്ദേഹം നിരവധി ബെൽറ്റുകൾ വേറെയും നേടിയിട്ടുണ്ട്. 

 

 

പുടിൻ, ജൂഡോ എന്നീ രണ്ടു വാക്കുകൾ ചേർത്തൊരു ഗൂഗിൾ സെർച്ച് നടത്തിയാൽ, വെള്ള നിറത്തിലുള്ള ജൂഡോക്കുപ്പായമിട്ട് സ്പാറിങ് മാട്രെസ്സുകൾക്കുമേൽ എതിരാളികളെ അനായാസം മലർത്തിയടിക്കുന്ന പുടിന്റെ ജൂഡോ പ്രകടനങ്ങളുടെ വീഡിയോകൾ നിരവധി കാണാം. ജൂഡോയെപ്പറ്റി ഒന്നിലധികം പുസ്തകങ്ങളുടെ സഹകർത്താവ് കൂടിയാണ് വ്ലാദിമിർ പുടിൻ എന്നു ഈ മുൻ കെജിബി ചാരൻ. 'ലെറ്റ്സ് ലേൺ ജൂഡോ വിത്ത് പുടിൻ' എന്നൊരു വീഡിയോയിൽ വരെ പുടിൻ അഭിനയിച്ചിട്ടുണ്ട്. 

 

ജൂഡോയിൽ പുട്ടിനുണ്ടെന്നു പറയപ്പെടുന്ന വൈദഗ്ധ്യത്തോട് യോജിച്ചു പോകുന്ന കഥകളാണ് അദ്ദേഹത്തെപ്പറ്റി റഷ്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിലും പ്രചരിക്കുന്നത്. റഷ്യൻ ഗ്രാമങ്ങളിലെ അമ്മൂമ്മമാർ കുഞ്ഞുങ്ങളെ രാത്രി കിടത്തിയുറക്കാൻ പറഞ്ഞുകൊടുക്കുന്ന കഥകളിൽ കരടിയോട് മൽപ്പിടുത്തം നടത്തുന്ന, സൈബീരിയയിലെ മഞ്ഞുറഞ്ഞ തടാകങ്ങളിൽ തണുപ്പ് വകവെക്കാതെ നീന്തിത്തുടിക്കുന്ന അതിമാനുഷനായ പുട്ടിനാണുള്ളത്. വിരിഞ്ഞ നെഞ്ച് അനാവൃതമാക്കിക്കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന, ട്രാൻക്വിലൈസർ ഡാർട്ടുകൾ കൊണ്ട് സൈബീരിയൻ കടുവകളെ വേട്ടയാടുന്ന പുടിന്റെ പിആർ ചിത്രങ്ങൾ വേറെയും ഇന്റർനെറ്റിലുണ്ട്. റഷ്യ വികസിപ്പിച്ചെടുക്കുന്ന ഓരോ അത്യാധുനിക കലാഷ്നിക്കോവ് തോക്കുകളും പരീക്ഷിക്കാനുള്ള പാടവവും പുടിന് ഉണ്ടെന്നാണ് കരുതപ്പെടുന്നത്, അല്ലെങ്കിൽ ചിത്രങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത്. 

 

 

എന്നാൽ, അമേരിക്കയിലെ നാഷണൽ സെക്യൂരിറ്റി ബ്ലോഗർ ആയ ബെഞ്ചമിൻ വിറ്റ്സ് ആരോപിക്കുന്നത് ജൂഡോയെപ്പറ്റി പുടിന് ഒരു ചുക്കും അറിയില്ലെന്നാണ്. തയ്ക്ക്വാൻഡോയിലും ഐക്കിഡോയിലും ബ്ലാക്ക് ബെൽട്ടുള്ള ഈ നാല്പത്തേഴുകാരൻ പറയുന്നത് പുടിന്റെ ഈ സ്‌ട്രോങ്ങ്മാൻ ഇമേജൊക്കെ  വെറും തട്ടിപ്പാണെന്നും, ലോകത്ത് എവിടെ വെച്ചും പുടിനുമായി ഒരു സ്പാറിങ്ങിന് താൻ തയ്യാറാണ് എന്നും, തന്റെ മുന്നിൽ ഒരു മിനിറ്റുപോലും റഷ്യയുടെ സൂപ്പർ ഫൈറ്റർക്ക് പിടിച്ചുനിൽക്കാനാവില്ല എന്നുമാണ്. വേണമെങ്കിൽ ക്രെംലിനിൽ നേരിട്ട് ചെന്നും പുടിനെ പൊരുതിത്തോൽപ്പിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. എന്നെങ്കിലുമൊരു ദിവസം പുടിൻ തന്റെ വെല്ലിവിളി ഏറ്റെടുക്കും എന്നു പ്രതീക്ഷാപൂർത്ത് ആ ദിവസത്തിനായുള്ള പരിശീലനം തുടരുകയാണ് വിറ്റ്സ് ഇന്നും. 
 


 
എന്നാൽ പുടിന്റെ ആയോധനമികവിൽ ഒരു സംശയവും വേണ്ട എന്ന് അടിവരയിട്ടുതന്നെ പറയുകയാണ് പുടിന്റെ ജീവചരിത്രകാരന്മാർ. തന്റെ കൗമാരകാലം തൊട്ടുതന്നെ ജൂഡോയും സോവിയറ്റ് ആയോധനകലയായ സാംബോയും പരിശീലിക്കുന്നയാളാണ് പുടിൻ. 2001 ലെ ഒരു അഭിമുഖത്തിൽ സാക്ഷാൽ പുടിൻ തന്നെ തന്റെ ആയോധനകലാ താത്പര്യങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. " എന്റെ പതിനാലാം വയസ്സിലാണ് ഞാൻ ജൂഡോയിലേക്ക് തിരിയുന്നത്. ജൂഡോ അല്ല. അന്ന് ഞാൻ പഠിച്ചു തുടങ്ങിയ ആയോധനകലയ്ക്ക് റഷ്യയിൽ പറഞ്ഞിരുന്ന പേര് സാംബോ എന്നായിരുന്നു. ആദ്യം സാംബോയിൽ അത്യാവശ്യം പയറ്റിത്തെളിഞ്ഞ ശേഷമാണ് ഞാൻ ജൂഡോ പഠിപ്പിക്കുന്ന ഒരു ജിംനേഷ്യത്തിൽ ചേരുന്നത്. അവിടെ അവർ മാസ്റ്റർ ഓഫ് സ്പോർട്സ് എന്ന് പറയുന്ന ഒരാളായിരുന്നു ഞാൻ. എന്റെ പതിനെട്ടാം വയസ്സിലാണ് എനിക്ക് ബ്ലാക്ക് ബെൽറ്റ് കിട്ടുന്നത്. പിന്നീടങ്ങോട്ട് ഇക്കണ്ടകാലമത്രയും ഞാൻ നിരന്തരം ജൂഡോ പരിശീലിച്ചുവരുന്നുണ്ട്. എനിക്ക് ഈ കായികയിനം വളരെ ഇഷ്ടമാണ്. എതിരാളിയെ, അല്ലെങ്കിൽ സ്പോർട്ടിങ് പാർട്ണറെ ഇത്രയ്ക്ക് ബഹുമാനത്തോടെ പരിചരിക്കുന്ന മറ്റൊരു ആയോധനകലയില്ല. " എന്നായിരുന്നു പുടിൻ പറഞ്ഞത്. 2014 -ൽ ഒരു ഇന്റർനാഷണൽ കരാട്ടെ ഓർഗനൈസേഷൻ റഷ്യയിൽ ഫുൾ കോൺടാക്റ്റ് കരാട്ടെ  പ്രചരിപ്പിക്കുന്നതിന് പുടിൻ വഹിച്ച പങ്കിനോടുള്ള ആദരമായി അദ്ദേഹത്തിന് എട്ടാം ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നൽകുകയുണ്ടായി. 2013 -യിൽ വേൾഡ് തൈക്വാൻഡോ ഫെഡറേഷനും 'ഗ്രാൻഡ് മാസ്റ്റർ' പദവി നൽകി പുടിനെ ആദരിച്ചിരുന്നു. 
 


 

വാസ്തവം എന്താണെന്ന് ഉറപ്പിക്കുക പ്രയാസമാണ്. എന്നാലും, ലോകരാഷ്ട്രീയത്തിൽ അമേരിക്കക്കെതിരെ മുട്ടിനിൽക്കാൻ പ്രാപ്തിയുള്ള ഒരു സൂപ്പർ ഹീറോ രാഷ്ട്രത്തലവൻ എന്ന പുടിന്റെ പ്രതിച്ഛായക്ക് ഈ ആയോധന കലയിലെ മികവെന്ന വാദം പകരുന്ന ബലം ചില്ലറയല്ല.