വിജനമായ ദ്വീപായ നോവയ സെംല്യയ്ക്ക് മുകളിലുള്ള മിത്യുഷിക്ക ബേ പരീക്ഷണ സ്ഥലത്ത് മോസ്കോ സമയം രാവിലെ 11:32 -നാണ് ബോംബ് പതിച്ചത്. ഏകദേശം 60 കിലോമീറ്റർ ഉയരത്തിലായിരിക്കുമ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചതെങ്കിലും, ഇത് നാശത്തിന്റെ തോത് കുറച്ചില്ല.

മനുഷ്യരാശിയ്ക്ക് നാശം വിതച്ച അണുബോംബുകളുടെ കാര്യം പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബാക്രമണങ്ങളാണ്. അത് അണുബോംബുകളുടെ വിനാശകരമായ ശക്തിയെക്കുറിച്ച് ആദ്യമായി നമുക്ക് പറഞ്ഞു തന്നു. എന്നിരുന്നാലും, ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായതിനേക്കാൾ 1,500 മടങ്ങ് ശക്തിയുള്ള ഒരു ബോംബ് 1961 -ൽ വികസിപ്പിച്ചെടുക്കുകയുണ്ടായി. അന്ന് യു‌എസ്‌എസ്ആർ ആയിരുന്ന റഷ്യയാണ് ബോംബ് നിർമ്മിച്ചത്. അതിനെ ‘സാർ ബോംബ‘ എന്നാണ് വിളിച്ചിരുന്നത്.

സാർ ബോംബെന്നാൽ റഷ്യൻ ഭാഷയിൽ ‘ബോംബുകളുടെ രാജാവ്‘ (King of Bombs) എന്നാണ് അർത്ഥം. ആർ‌ഡി‌എസ് -220 എന്ന കോഡ് നാമമുള്ള അത് ബിഗ് ഇവാൻ എന്നും അറിയപ്പെട്ടിരുന്നു. 1961 ഒക്ടോബർ 30 -ന് ആർട്ടിക് സമുദ്രത്തിലെ നോവ സെംല്യ ദ്വീപിൽ നടന്ന പരീക്ഷണ സ്ഫോടനത്തിന് ശേഷമാണ് ആ ഹൈഡ്രജൻ ന്യൂക്ലിയർ ബോംബ് ലോകശ്രദ്ധ നേടിയത്. ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ശക്തമായ മനുഷ്യനിർമിത സ്ഫോടകമായിരുന്നു അത്. യു‌എസ്‌എസ്‌ആറും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള ശീതയുദ്ധകാലത്ത് ആൻഡ്രി സഖാരോവിന്റെയും അദ്ദേഹത്തിന് കീഴിലുള്ള സോവിയറ്റ് ഭൗതികശാസ്ത്രജ്ഞരുടെയും മാർഗനിർദേശമനുസരിച്ചാണ് സാർ ബോംബ വികസിപ്പിച്ചത്. സോവിയറ്റ് യൂണിയന്റെ ശക്തി കാണിക്കാനുള്ള ഒരു ആയുധമായിട്ടാണ് ബോംബ് നിർമ്മിച്ചത്. മൂന്ന് ഘട്ടങ്ങളുള്ള 100 മെഗാട്ടൺ ശേഷിയുള്ള ബോംബായിരുന്നു സാർ ബോംബ. എന്നിരുന്നാലും, ബോംബ് മൂലമുണ്ടായ നാശം വളരെ അപകടകരമാകുമെന്നതിനാൽ, ടെസ്റ്റിന്റെ സമയത്ത് അവർ അത് 50 മെഗാട്ടണായി കുറച്ചു. ഒരു പതിറ്റാണ്ട് മുമ്പ് ജപ്പാനിൽ പതിച്ച യുഎസ് ആണവ ബോംബുകളേക്കാൾ ഏകദേശം 1500 മടങ്ങ് അധികശേഷി അതിനുണ്ടായിരുന്നു.

ഏകദേശം 27 ടൺ ഭാരവും ഏകദേശം എട്ട് മീറ്റർ നീളവും രണ്ട് മീറ്റർ വ്യാസവുമുള്ള ഒരു ബോംബായിരുന്നു അത്. പരീക്ഷിക്കുന്നതിനായി, ശാസ്ത്രജ്ഞർ അതിനെ ഒരു ടു -95 വി ബോംബറിൽ കയറ്റി. ബോംബ് സാവധാനം വീഴാൻ അനുവദിക്കുന്ന ഒരു പാരച്യൂട്ട് അതിൽ സജ്ജീകരിച്ചു. വിമാന പൈലറ്റുമാർക്ക് സുരക്ഷിതമായ ദൂരത്തേക്ക് പറക്കാൻ മതിയായ സമയം നൽകി. ആൻഡ്രി ഡർനോവ്സെവായിരുന്നു പൈലറ്റ്. വിമാനത്തിനൊപ്പം ബോംബ് ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ അളക്കാനായി ഒരു നിരീക്ഷക വിമാനവും ഉണ്ടായിരുന്നു.

വിജനമായ ദ്വീപായ നോവയ സെംല്യയ്ക്ക് മുകളിലുള്ള മിത്യുഷിക്ക ബേ പരീക്ഷണ സ്ഥലത്ത് മോസ്കോ സമയം രാവിലെ 11:32 -നാണ് ബോംബ് പതിച്ചത്. ഏകദേശം 60 കിലോമീറ്റർ ഉയരത്തിലായിരിക്കുമ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചതെങ്കിലും, ഇത് നാശത്തിന്റെ തോത് കുറച്ചില്ല. 57 മെഗാറ്റൺ ബോംബ് 64 കിലോമീറ്റർ വരെ ഉയരത്തിൽ കൂൺ മേഘങ്ങൾ സൃഷ്ടിച്ചു, അത് 100 കിലോമീറ്ററോളം വ്യാപിച്ചു. പൊട്ടിത്തെറിയുടെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ അകലെയുണ്ടായിരുന്ന സെവേർണി എന്ന ഗ്രാമം പൂർണമായും നശിച്ചു. 160 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങൾ തകർന്നു. ഈ പരിശോധനയിൽ മനുഷ്യർക്ക് ജീവൻ നഷ്ടമായില്ലെങ്കിലും, പ്രഭവകേന്ദ്രത്തിൽ നിന്ന് നൂറു കിലോമീറ്റർ അകലെ വരെ ഗുരുതരമായ പൊള്ളലേല്പിക്കാൻ സ്ഫോടനത്തിന് കഴിയുമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തി.

എന്നാൽ, ഈ തീഗോളം ഒരിക്കലും ഭൂമിയുമായി സമ്പർക്കം പുലർത്തിയിട്ടില്ലാത്തതിനാൽ, വികിരണത്തിന്റെ അളവ് അതിശയകരമാംവിധം കുറവായിരുന്നു. റേഡിയോ കോമുകൾ ഒരു മണിക്കൂറിലധികം പ്രവർത്തനരഹിതമായിരുന്നു. പരീക്ഷണത്തിന് തൊട്ടുപിന്നാലെ, വിനാശകരമായ ബോംബിന്റെ കഥ ലോകം മുഴുവൻ അറിഞ്ഞു. യുഎസ്, യുകെ, സ്വീഡൻ എന്നിവയുൾപ്പെടെ രാജ്യങ്ങൾ യുഎസ്എസ്ആറിന്റെ നേട്ടത്തെ അപലപിക്കാൻ തുടങ്ങി. എന്നിരുന്നാലും, ബോംബിന്റെ വലിപ്പം കാരണം പ്രവർത്തിപ്പിക്കാനുള്ള അനുമതി ലഭിച്ചില്ല. അത് വഹിക്കാൻ കഴിയുമായിരുന്ന ഒരേയൊരു മാർഗ്ഗം ഒരു കനത്ത ബോംബർ വിമാനത്തിലൂടെ മാത്രമായിരുന്നു. എന്നാൽ, ശത്രുവിമാനങ്ങൾ അതിനെ എളുപ്പത്തിൽ കീഴടക്കുമായിരുന്നു.

മാത്രമല്ല, ഈ ബോംബിന്റെ സ്രഷ്ടാവായ സഖാരോവ്, സാർ ബോംബിന്റെ വ്യാപ്തി മനസ്സിലാക്കുകയും, ആണവായുധങ്ങളുടെ പരീക്ഷണത്തിനും വികസനത്തിനും എതിരെ തിരിയുകയും ചെയ്തു. ന്യൂക്ലിയർ വ്യാപനത്തിനെതിരെ ശബ്ദമുയർത്തുന്നതിനിടയിൽ 1963 -ൽ യു‌എസ്‌എസ്ആർ, യു‌എസ്, യുകെ തുടങ്ങിയ രാജ്യങ്ങൾ ഒപ്പുവെച്ചു ഭാഗിക പരീക്ഷണ നിരോധനത്തിനെ അദ്ദേഹം പിന്തുണച്ചു. അദ്ദേഹത്തിന്റെ ഈ ശ്രമങ്ങൾ കാരണം അദ്ദേഹത്തിന് 1975 -ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

(ചിത്രം: Mockup of a Soviet AN-602 hydrogen bomb (Tsar Bomb) is displayed at the exhibition devoted to the 70 -th anniversary of Russias nuclear industry in Moscow/ Getty Images)