തീർത്തും അവശനായിരുന്നിട്ടും ഫോണിലൂടെ തന്‍റെ ബന്ധുവിനോട് ആവേശത്തോടെ സംസാരിക്കുന്ന മുസ്തഫയുടെ ദൃശ്യങ്ങൾ എല്ലാവരുടെയും കണ്ണുകളെ ഈറൻ അണിയിക്കും. 

ലോകം ഈ അടുത്തകാലത്ത് സാക്ഷ്യം വഹിച്ച ഏറ്റവും വിനാശകരമായ ദുരന്തമായാണ് തുർക്കി - സിറിയ ഭൂകമ്പം അറിയപ്പെടുന്നത്. പ്രകൃതിക്ക് മേലുള്ള മനുഷ്യന്‍റെ അനിയന്ത്രിത കൈകടത്തലുകൾക്കുള്ള ശിക്ഷയായാണ് പരിസ്ഥിതിവാദികൾ അടക്കമുള്ളവർ ഈ ഭൂകമ്പത്തെ വിശേഷിപ്പിക്കുന്നത്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ അകപ്പെട്ട 48,000 ത്തോളം ജീവനുകളാണ് പൊലിഞ്ഞത്. പലപ്പോഴും ദുരന്തമുഖത്ത് നിന്നുള്ള വാർത്തകളിൽ നേരിയ ആശ്വാസമെങ്കിലുമായത് രക്ഷാപ്രവർത്തകരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന് നിരവധി ജീവനുകളുടെ വാർത്തകളായിരുന്നു. അക്കൂട്ടത്തിലേക്ക് ഇതാ അത്ഭുതകരമായ ഒരു രക്ഷപ്പെടൽ വാർത്ത കൂടി. 261 മണിക്കൂറുകളോളം അതായത് 11 ദിവസത്തോളം ഭൂകമ്പത്തിൽ തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന 33 കാരനെയാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷിച്ചിരിക്കുന്നത്.

ഒരു സ്വകാര്യ ആശുപത്രിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മുസ്തഫ അവ്സി എന്ന ചെറുപ്പക്കാരനാണ് ജീവിതത്തിലേക്ക് വീണ്ടും കയറിവന്നത്. ഭക്ഷണവും വെള്ളവും എന്തിനേറെ പറയുന്നു ശുദ്ധവായു പോലുമില്ലാതെയാണ് 11 ദിവസത്തോളം ഈ ചെറുപ്പക്കാരൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവൻ മരണ പോരാട്ടം നടത്തിയത്. തന്‍റെ കുടുംബം മുഴുവൻ ദുരന്തത്തിൽ മരിച്ചു കാണും എന്നാണ് മുസ്തഫ കരുതിയത്. മുസ്തഫയെ ഇനി ഒരിക്കലും ജീവനോടെ തിരികെ ലഭിക്കില്ലെന്ന് അവന്‍റെ വീട്ടുകാരും കരുതി. എന്നാൽ രക്ഷപ്പെട്ട് വന്നതിന് ശേഷം മുസ്തഫ ആദ്യമായി അന്വേഷിച്ചത് തന്‍റെ കുടുംബക്കാരെ കുറിച്ചായിരുന്നു. രക്ഷപ്പെട്ടതിന് ശേഷം ആദ്യമായി തന്‍റെ വീട്ടുകാരോട് ഫോണിൽ സംസാരിക്കുന്ന മുസ്തഫ അവ്സിയുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

Scroll to load tweet…

കൂടുതല്‍ വായിക്കാന്‍: 'ശല്യം' ചെയ്താല്‍ കുറ്റം; 30 ദിവസം തടവും 7500 രൂപ പിഴയും, ഫിലിപ്പൈന്‍സിലെ നിയമം ! 

തുർക്കി ആരോഗ്യമന്ത്രിയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വീഡിയോയിൽ മുസ്തഫ സ്ട്രെച്ചറിൽ കിടക്കുന്നതും നെഞ്ചിൽ ഇലക്ട്രോഡുകൾ ഘടിപ്പിച്ചിരിക്കുന്നതും കാണാം. തീർത്തും അവശനായിരുന്നിട്ടും ഫോണിലൂടെ തന്‍റെ ബന്ധുവിനോട് ആവേശത്തോടെ സംസാരിക്കുന്ന മുസ്തഫയുടെ ദൃശ്യങ്ങൾ എല്ലാവരുടെയും കണ്ണുകളെ ഈറൻ അണിയിക്കും. താൻ സുരക്ഷിതൻ ആണെന്നും തന്‍റെ കുടുംബത്തിലുള്ള എല്ലാവരും സുരക്ഷിതരാണോ എന്നുമായിരുന്നു മുസ്തഫ ഫോണിലൂടെ ആദ്യം ചോദിച്ചത്. എല്ലാവരും സുരക്ഷിതരാണ് എന്നറിഞ്ഞതോടെ തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തന്‍റെ കൈകളിൽ ചുംബിച്ചുകൊണ്ട് 'നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ' എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

കൂടുതല്‍ വായനയ്ക്ക്: മുപ്പതുകാരന്‍റെ ഉറ്റ ചങ്ങാതി ദേശാടന പക്ഷി; ഊണും ഉറക്കവും യാത്രയുമെല്ലാം ഈ ദേശാടന പക്ഷിക്കൊപ്പം

ഫെബ്രുവരി 6 ന് ഭൂകമ്പം ഉണ്ടാകുന്നതിന് മണിക്കൂറുകൾ മുമ്പാണ് മുസ്തഫയുടെ ഭാര്യ ബിൽഗെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തൊട്ടു പിന്നാലെ വന്ന മഹാദുരന്തത്തിൽ എല്ലാം തകർന്നതോടെ തന്‍റെ കുഞ്ഞിനെ ഒരു നോക്കു കാണാൻ പോലും മുസ്തഫക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഡെയിലി മെയിൽ പുറത്ത് വിട്ട മുസ്തഫയുടെ ചിത്രങ്ങളിൽ ആശുപത്രി കിടക്കയിൽ തന്‍റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നെറുകയിൽ ചുംബിക്കുന്ന മുസ്തഫയുടെ ചിത്രവും കാണാം. മുസ്തഫയോടൊപ്പം 26 കാരനായ മെഹ്‌മെത് അലി സക്കിറോഗ്‌ലു എന്ന ചെറുപ്പക്കാരനെയും രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.

കൂടുതല്‍ വായനയ്ക്ക്: കൊവിഡ് ബാധിച്ച അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത മകന്‍റെ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറല്‍ പോസ്റ്റ്