Asianet News MalayalamAsianet News Malayalam

അര്‍ബുദം കൂടാന്‍ കാരണം ഭക്ഷണത്തിലെയും വെള്ളത്തിലെയും വിഷാംശം; പഠനം പ്രസിദ്ധീകരിച്ച ശാസ്ത്രജ്ഞന്‍ ജയിലില്‍

മണ്ണ്, ജലം, ഭക്ഷണം എന്നിവയിലെ വിഷാംശവും പടിഞ്ഞാറന്‍ തുര്‍ക്കിയിലെ അര്‍ബുദവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പഠിക്കാന്‍ ആരോഗ്യമന്ത്രാലയം തന്നെയാണ് പഠനസംഘത്തെ നിയമിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബുലെന്തും സംഘവും പഠനം നടത്തുന്നുണ്ട്. 

Turkish scientist in jail for published environmental study
Author
Turkey, First Published Sep 30, 2019, 11:22 AM IST

സര്‍ക്കാര്‍ നടപടികള്‍ പലപ്പോഴും പല രാജ്യങ്ങളിലും ജനങ്ങളുടെ ജീവിതം ദുസ്സഹമാകാന്‍ കാരണമാകാറുണ്ട്. അനധികൃത നിര്‍മ്മാണങ്ങളോടുള്ള കണ്ണടക്കല്‍, പലതിനോടും നിഷ്ക്രിയമായിരിക്കല്‍ തുടങ്ങി അതങ്ങനെ നീളുന്നു. ഇങ്ങനെ പോയാല്‍ ലോകത്താകമാനം ഇനിയൊരു തലമുറ എങ്ങനെ ജീവിക്കുമെന്നത് ചോദ്യചിഹ്നമാവുകയാണ്. 

അതിനിടെ, തുര്‍ക്കിയിലെ ഫുഡ് എഞ്ചിനീയറും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഒരാള്‍ 15 മാസത്തേക്ക് ജയിലില്‍ അടക്കപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ഉയര്‍ന്ന തോതില്‍ അര്‍ബുദം ഉണ്ടാകുന്നത് മണ്ണിലും ഭക്ഷണത്തിലും ജലത്തിലും കലരുന്ന വിഷാംശമാണ് എന്ന പഠനം നടത്തി, അതിന്‍റെ ഫലം പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍. അദ്ദേഹവും മറ്റ് ചില ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്. അക്ഡെനിസ് യൂണിവേഴ്‍സിറ്റിയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്‍ററിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ജയിലില്‍ അടക്കപ്പെട്ട ബുലെന്ത് സിക്. 2018 ഏപ്രിലില്‍ തുര്‍ക്കിയിലെ ഒരു പത്രത്തില്‍ ഒരു പരമ്പരയിലെ നാല് ഭാഗങ്ങളായിട്ടാണ് പഠനം പ്രസിദ്ധീകരിച്ചു വന്നത്. ഒരു പൗരനെന്ന നിലയിലും ശാസ്ത്രജ്ഞനെന്ന നിലയിലും തന്‍റെ കടമ നിറവേറ്റുകയാണ് ബുലെന്ത് സിക് ചെയ്‍തത് എന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചു. 

മണ്ണ്, ജലം, ഭക്ഷണം എന്നിവയിലെ വിഷാംശവും പടിഞ്ഞാറന്‍ തുര്‍ക്കിയിലെ അര്‍ബുദവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പഠിക്കാന്‍ ആരോഗ്യമന്ത്രാലയം തന്നെയാണ് പഠനസംഘത്തെ നിയമിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബുലെന്തും സംഘവും പഠനം നടത്തുന്നുണ്ട്. ആ പഠനത്തില്‍ പരിശോധനക്ക് വിധേയമായ ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും ഉയര്‍ന്ന തോതിലുള്ള കീടനാശിനികള്‍, മെറ്റല്‍ തുടങ്ങി ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അര്‍ബുദത്തിന് കാരണമായേക്കാവുന്ന പലതും കണ്ടെത്തി. ഉയര്‍ന്ന തോതില്‍ ഈയം, അലുമിനിയം എന്നിവയെല്ലാം കലര്‍ന്ന് പല സ്ഥലങ്ങളിലേയും വെള്ളം കുടിക്കാന്‍ പോലും യോഗ്യമല്ല എന്നും പഠനസംഘം കണ്ടെത്തുകയുണ്ടായി. 

Turkish scientist in jail for published environmental study

2015 -ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ഇതിനെതിരെ നടപടിയെടുക്കാനും നിയന്ത്രിതമാക്കാനുള്ള വഴി തേടാനും ബുലെന്ത് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, മൂന്ന് വര്‍ഷമായിട്ടും സര്‍ക്കാര്‍ യാതൊരു തരത്തിലുമുള്ള നടപടിയെടുത്തിരുന്നില്ല. അങ്ങനെയാണ് ആ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെയും സംഘത്തിന്‍റെയും പഠനം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. അങ്ങനെ Cumhuriyet എന്ന ഇസ്‍താംബുള്‍ പത്രത്തില്‍ പഠനഫലം പ്രസിദ്ധീകരിക്കപ്പെട്ടു. അത് മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ ശബ്‍ദമുയരാന്‍ കാരണമായി. പ്രതിപക്ഷസഭയിലെ ഒരംഗവും മുന്‍ പത്രപ്രവര്‍ത്തകനുമായ അഹ്മദ് സിക്, ബുലെന്ത് സിക്കിന്‍റെ സഹോദരനാണ്. നേരത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ജയിലില്‍ കഴിയേണ്ടി വന്ന ആള് കൂടിയാണ് ബുലെന്ത്. 

''ഇവിടെ ശ്രദ്ധേയമായ കാര്യം ആരോഗ്യമന്ത്രാലയം ബുലെന്ത് എഴുതി പ്രസിദ്ധീകരിച്ചതിനെ ഇതുവരെ എതിര്‍ക്കുകയോ ആ പഠനഫലം തെറ്റാണെന്ന് പറയുകയോ ചെയ്‍തിട്ടില്ല എന്നതാണ്. പകരം രഹസ്യാത്മകതയുണ്ടെന്നും അത് സൂക്ഷിക്കണം എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. അത് സൂചിപ്പിക്കുന്നത് ഇങ്ങനെ ഒരപകടം ഉണ്ട് എന്നത് തന്നെയാണ്'' - ലണ്ടനിലെ തുര്‍ക്കി ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ മുതിര്‍ന്ന പ്രചാരക മിലേന ബ്യൂം പറയുന്നു. 

തുര്‍ക്കിയിലെ നിയമമനുസരിച്ച് ചെയ്‍തത് തെറ്റാണ് എന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‍താല്‍ ശിക്ഷയില്‍ ഇളവ് കിട്ടും. എന്നാല്‍, അങ്ങനെ ചെയ്യില്ലെന്ന് ബുലെന്ത് പറഞ്ഞുകഴിഞ്ഞു. എന്‍റെ ലേഖനത്തിലൂടെ ഞാന്‍ ലക്ഷ്യം വച്ചത് പൊതുസമൂഹത്തോട് ഈ അപകടത്തെ കുറിച്ച് സംസാരിക്കുക അവരില്‍ അവബോധമുണ്ടാക്കുക എന്നതാണ്. മാത്രവുമല്ല സര്‍ക്കാര്‍ വേണ്ട നടപടിയെടുക്കേണ്ടതുമുണ്ട് എന്ന് ബുലെന്ത് അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചിരുന്നു. 

തെക്കുകിഴക്കൻ തുർക്കിയിലെ തുർക്കി സേനയും കുർദിഷ് തീവ്രവാദികളും തമ്മിലുള്ള സമാധാനം ആവശ്യപ്പെട്ട് ഒരു നിവേദനത്തിൽ ഒപ്പിട്ടതിനാല്‍ 2016 -ൽ യൂണിവേഴ്സിറ്റിയിലെ തന്‍റെ സ്ഥാനം നഷ്ടപ്പെട്ട ആളാണ് ബുലെന്ത്. ആ അപ്പീൽ ഇതുവരെ തീർപ്പാക്കിയിട്ടില്ല. 

Follow Us:
Download App:
  • android
  • ios