തുർതുക്കിലേക്ക് എത്തിപ്പെടുക എളുപ്പമല്ല. ഇത് ലഡാക്കിലെ നുബ്ര താഴ്വരയുടെ വിദൂരസ്ഥമായ ഒരു കോണിലുള്ള ഒരു കുഞ്ഞു ഗ്രാമമാണ്.തുർതുക്കിന്റെ ഒരു വശത്തുകൂടി ശ്യോക്ക് നദി ഒഴുകുന്നുണ്ട്. മറുവശം കാത്തുകൊണ്ട് കാരാക്കോറം മലനിരകളുമുണ്ട്. ഈ അതിർത്തിഗ്രാമത്തിലേക്ക് വരാനും പോകാനും ഒരേയൊരു മാർഗ്ഗമേയുള്ളൂ. ലേ മലനിരകളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഒരു ചെറുനിരത്ത്. ഈ നിരത്തിലൂടെ പോകുമ്പോൾ നമുക്ക് കൺകുളിർപ്പിക്കുന്ന കാഴ്ചകൾ പലതും കാണാനാകും. എന്നാൽ അതിനേക്കാളൊക്കെ രസകരമാണ് തുർതുക്കിന്റെ ഇന്നുവരെയുള്ള ചരിത്രം. 

1971-ൽ ഇന്തോ പാക് യുദ്ധമുണ്ടായപ്പോൾ നമ്മുടെ സൈന്യം പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത ഒരു ഗ്രാമമാണ് തുർതുക്. സ്വാതന്ത്ര്യാനന്തരം അന്നുവരെ അവിടം പാകിസ്ഥാന്റെ നിയന്ത്രണത്തിലായിരുന്നു. ഒരു സുപ്രഭാതത്തിൽ അത് ഇന്ത്യ പിടിച്ചെടുത്തു. യുദ്ധം തീർന്നപ്പോൾ ഇന്ത്യൻ പട്ടാളം ഈ ഗ്രാമത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല. ലഡാക്കിൽ മിക്കവാറും ഇടങ്ങളിലെല്ലാം തിബത്തി ബുദ്ധമതവിശ്വാസികളാണ് കഴിയുന്നത്. എന്നാൽ തുർതുക്കിലെ ജനത അടിസ്ഥാനപരമായി 'ബാൾട്ടി' വംശജരാണ്. പാകിസ്താനിലെ സ്കർദ്ദു താഴ്വരയിലാണ് ഇവിടത്തെ മുസ്ലിംകളുടെ വംശപരമായ അടിവേരുകൾ ചെന്നവസാനിക്കുക. സൂഫി പാരമ്പര്യമുള്ള നൂർ ബക്ഷിയാ മുസ്ലിംകളാണ് ഇവിടത്ത് ഗ്രാമവാസികൾ. ബാൾട്ടി എന്ന തിബത്തൻ ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ഇവർ സൽവാറും കമ്മീസും ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇവരുടെ പല ജീവിത ശീലങ്ങളും പാകിസ്താനിലെ ബാൾട്ടിസ്ഥാനിലെ ജനതയുടേതിന് സമാനമാണ്. 

തുർതുക് അതിർത്തിയോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമമാണ്. 1949 -ലെ യുദ്ധത്തിനു ശേഷം പാക് നിയന്ത്രണത്തിലായിരുന്ന തുർതുക്കിനെ 1971-ലെ യുദ്ധത്തിൽ ഇന്ത്യ തിരിച്ചുപിടിക്കുകയായിരുന്നു. അതിർത്തി സുരക്ഷ മുൻനിർത്തി ഇന്ത്യ ഈ ഗ്രാമം മാത്രം വിട്ടുകൊടുക്കാൻ മടിക്കുകയായിരുന്നു. യുദ്ധം അവസാനിച്ചെന്ന് രാത്രി ഈ ഗ്രാമം വിട്ട് പാകിസ്താനിലെ മറ്റുപ്രദേശങ്ങളിലേക്ക് പോയ ആർക്കും തന്നെ, പിന്നെ തങ്ങളുടെ പ്രിയപ്പെട്ടവർക്കടുത്തേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. അപ്പോഴേക്കും ഈ ഗ്രാമം അവരുടെ രാജ്യത്തിൽ നിന്നും അടർന്നു മാറിക്കഴിഞ്ഞിരുന്നു. അതിർത്തിപ്രദേശമായിരുന്നിട്ടും സാമാന്യത്തിൽ കവിഞ്ഞ ശാന്തതയുണ്ട് തുർതുക്കിൽ. ഇപ്പോൾ ഇവിടം വിനോദസഞ്ചാരികൾക്ക് പോലും പ്രവേശനം അനുവദിക്കപ്പെടുന്ന ഒരിടമായി മാറിക്കഴിഞ്ഞു. 

തുർതുക്ക് സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഇവിടെ താമസിച്ചുകൊണ്ട് ഇവിടത്തെ ഗ്രാമീണരുടെ ജീവിതങ്ങളെ അടുത്തറിയാനുള്ള അവസരമുണ്ട്. കാരക്കോറം മലനിരകളിൽ നിന്നും പൊട്ടിച്ചെടുക്കുന്ന പാറക്കല്ലുകൾ കൊണ്ടാണ് ഇവരുടെ വീടുകളുടെ ചുവരുകളും, മതിലുകളും ഒക്കെ നിർമ്മിക്കപ്പെടുന്നത്. ജലസേചനത്തിനുള്ള കനാലുകളിൽ പോലും പാകിയിരിക്കുന്നത് ഇതേ കല്ലുകളാണ്. ലഡാക്കിന്റെ മറ്റു പ്രദേശങ്ങലെക്കാണ് ഉയരം കുറവാണ് സമുദ്രോപരിതലത്തിൽ നിന്നും തുർതുക്കിന്. വെറും 2900m. വേനൽക്കാലത്ത് സാമാന്യം നല്ല ചൂടനുഭവപ്പെടും. കല്ലുകൾ കൂട്ടിയടുക്കിവെച്ച് ഇവർ ചൂടിനെ അതിജീവിച്ച് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനുള്ള ബങ്കറുകൾ പോലുള്ള ഇടങ്ങളുണ്ടാക്കുന്നു. ഈ ബങ്കറിൽ തണുത്തകാറ്റിന് കേറിയിറങ്ങാനുള്ള സുഷിരങ്ങളുണ്ടാകും. 

ജോഹറാണ് തുർതുക്കിലെ പ്രധാന കൃഷി. ഇത്രയും ഉയരത്തിൽ ആകെ കൃഷിചെയ്യാൻ പറ്റുന്നൊരു ധാന്യം ഇതാണ്. അതിനുപുറമെ കുട്ടു എന്നൊരു ധാന്യവും, വാൾനട്ട്, ആപ്രിക്കോട്ട് തുടങ്ങിയ ഫലങ്ങളും ഗ്രാമീണർ കൃഷി ചെയ്യുന്നുണ്ട്. വർഷം മുഴുവൻ പണിചെയ്താലെ ഈ ഫലങ്ങൾ വിളവെടുക്കാൻ സാധിക്കൂ. വരണ്ട കാരക്കോറം മലനിരകൾക്കും ശ്യോക്ക് നടിയ്ക്കും, ഒഴിഞ്ഞ താഴ്വരകൾക്കും ഇടയിലെ പച്ചപ്പിന്റെ ഒരു ഇത്തിരിത്തുരുത്താണ് തുർതുക്ക്. കശ്മീരിന്റെ പേരും പറഞ്ഞ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ എന്തൊക്കെ കാലുഷ്യങ്ങളുണ്ടായാലും അതിന്റെയൊന്നും അനുരണനങ്ങൾ ഇവിടെ തുർതുക്കിൽ അനുഭവപ്പെടാറില്ല. എല്ലാ ഗ്രാമീണർക്കും ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ  നൽകിയിട്ടുണ്ട്.1971-ൽ ഇന്ത്യൻ നിയന്ത്രണത്തിൽ വന്നപ്പോൾ തന്നെ ഗ്രാമീണർക്കെല്ലാം ഇന്ത്യൻ പൗരത്വം നല്കപ്പെട്ടിരുന്നു. ലഡാക്കിനെ വേറിട്ട ഒരു കേന്ദ്രഭരണപ്രദേശമാക്കി കാശ്മീരിൽ നിന്നും പിരിച്ചതോടെ കൂടുതൽ ആധുനിക സൗകര്യങ്ങളും, വികസനവും, കൂടുതൽ നല്ല നിരത്തുകളും ഒക്കെ ഈ അതിർത്തി ഗ്രാമത്തെ തേടിയെത്തും എന്നത് നിശ്ചയമാണ്. 

കുട്ടുധാന്യം പൊടിച്ചുണ്ടാക്കുന്ന ചപ്പാത്തിയുടെ കൂടെ യാക്കിന്റെ മാംസം കൊണ്ടുള്ള കറിയോ അല്ലെങ്കിൽ മസ്ക്കട്ട് എന്നറിയപ്പെടുന്ന ആപ്രിക്കോട്ട് ചട്ട്ണിയോ ഒക്കെയാണ് ഇവിടത്തെ ഭക്ഷണം. തുർതുക്കിന്റെ യഥാർത്ഥ ഭംഗി വെളിപ്പെടുന്നത് ശരത്കാലത്താണ്. സെപ്‌തംബർ ഒക്ടോബർ മാസങ്ങളിൽ മലഞ്ചെരിവുകളിലെ പോപ്ലാർ മരങ്ങളുടെ ഇലകൾ നിറം മാറും. അതുവരെ വരണ്ടുനിന്ന മലകൾ ഈ മാറിയ നിറങ്ങളിൽ തുടുത്തുനിൽക്കും. ഭൂകമ്പത്തിന്റെയും മണ്ണിടിച്ചിലിന്റെയും ഭീതി സദാ നിലനിൽക്കുന്ന ഒരു പ്രദേശം കൂടിയാണിത്. എന്നിരുന്നാലും കല്ലുകൊണ്ടുമാത്രം നിർമിച്ച കെട്ടിടങ്ങൾ ഉലച്ചിൽ തട്ടാതെ ഇന്നും നെഞ്ചുവിരിച്ചു നിൽക്കുന്നുണ്ട്. 

രാജ്യങ്ങൾ അവരുടെ ശത്രുത നിറവേറ്റിക്കൊണ്ടിരിക്കുമ്പോഴും, അതിലൊന്നും തത്പരരല്ലാതെ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു കൂട്ടം പച്ചമനുഷ്യരുണ്ടിവിടെ. മാറിയ സാഹചര്യങ്ങളിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട്, സംഘർഷങ്ങളോട് മുഖം തിരിച്ച്, മനുഷ്യരെ സ്നേഹിക്കാൻ മാത്രം ശീലിച്ചുകൊണ്ട്, ഏറെ ശുഭോദർക്കമായ ഒരു ഭാവിയിലേക്ക് കണ്ണുംനട്ടുകൊണ്ട് അവർ ഇവിടെ കഴിഞ്ഞുപോരുന്നു.