അങ്ങനെ രണ്ട് കുഞ്ഞുങ്ങളും സങ്കീർണതകളൊന്നുമില്ലാതെ തന്നെ പിറന്നു. നാല് മാസങ്ങളായിരുന്നു രണ്ട് കുഞ്ഞുങ്ങളും തമ്മിലുള്ള പ്രായ വ്യത്യാസം.
വെറും നാല് മാസത്തെ വ്യത്യാസത്തിൽ ജനിച്ച സഹോദരങ്ങൾ. കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ട് അല്ലേ? അപൂർവമായ ഈ സംഭവം നടന്നത് യുകെയിലാണ്. ദമ്പതികളായ രോഹനും കേറ്റ് സിൽവയും ഒരുപാട് കാലങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്നവരായിരുന്നു. 20 തവണയാണ് ഇവർ ഐവിഎഫിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയത്. എന്നാൽ നിരാശയായിരുന്നു ഫലം.
ഒടുവിൽ ഇവർ വാടകഗർഭധാരണം എന്ന ആശയത്തിലെത്തിച്ചേർന്നു. അങ്ങനെ അവർക്കുവേണ്ടി മറ്റൊരു സ്ത്രീ അവരുടെ കുഞ്ഞിനെ ഗർഭപാത്രത്തിൽ ചുമക്കാൻ തയ്യാറായി. എന്നാൽ, നാല് മാസം കഴിഞ്ഞപ്പോൾ 40 -കാരിയായ കേറ്റും ഗർഭിണിയായി. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റെയും ചികിത്സയുടെയുമെല്ലാം ഭൂതകാലം പേറിക്കഴിയുന്ന കേറ്റും രോഹനും ഈ കുഞ്ഞിനെയും തങ്ങൾക്ക് വേണം എന്ന തീരുമാനത്തിൽ തന്നെ മുന്നോട്ട് പോയി.
അങ്ങനെ രണ്ട് കുഞ്ഞുങ്ങളും സങ്കീർണതകളൊന്നുമില്ലാതെ തന്നെ പിറന്നു. നാല് മാസങ്ങളായിരുന്നു രണ്ട് കുഞ്ഞുങ്ങളും തമ്മിലുള്ള പ്രായ വ്യത്യാസം. ഇങ്ങനെയുള്ള സഹോദരങ്ങൾ 'ട്വിബ്ലിംഗ്സ്' എന്നാണ് അറിയപ്പെടുന്നത്. 'കാലിഫോർണിയൻ ബേബീസ്' എന്നും ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ വിളിക്കാറുണ്ട്.
കേറ്റ് ആണ് ആദ്യം കുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെയാണ് നാല് മാസങ്ങൾക്ക് ശേഷം വാടക ഗർഭധാരണത്തിലൂടെയുള്ള കുഞ്ഞിന് ജന്മം നൽകിയത്. രണ്ട് കുഞ്ഞുങ്ങളും തമ്മിൽ നാല് മാസത്തെ പ്രായവ്യത്യാസമേ ഉള്ളൂ എന്ന് പറയുമ്പോൾ ആളുകൾ അമ്പരക്കാറുണ്ട് എന്നും അതിന് പിന്നിലെ കഥയെ കുറിച്ച് അറിയാൻ താല്പര്യപ്പെടാറുണ്ട് എന്നും കേറ്റും രോഹനും പറയുന്നു.
കുഞ്ഞുങ്ങൾ കുറച്ചുകൂടി വളരുമ്പോൾ ഈ പ്രായവ്യത്യാസം ആരും ശ്രദ്ധിക്കാതെ പോകും, ഇരുവരും ഇരട്ട സഹോദരങ്ങളെ പോലെ തന്നെയുണ്ടാവും എന്നാണ് ഇവരുടെ പ്രതീക്ഷ. ഇരുവർക്കും ഒരു മകനും കൂടിയുണ്ട്. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇവരുടെ ഒരു മകൾ മരിച്ചുപോയതിന് പിന്നാലെയാണ് ഇവർക്ക് മറ്റൊരു കുട്ടി കൂടി വേണം എന്ന് ആഗ്രഹമുണ്ടാകുന്നതും ഐവിഎഫ് ആരംഭിക്കുന്നതും.
എന്തായാലും, ഏത് കുഞ്ഞാണ് വാടകഗർഭധാരണത്തിലൂടെ ജനിച്ചത് എന്ന് വെളിപ്പെടുത്തില്ല എന്ന തീരുമാനത്തിലാണ് രോഹനും കേറ്റും.


