പോസ്റ്റോഫീസിന് സമീപം താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞത് മൃതദേഹവുമായി യുവാക്കള്‍ പോകുന്നത് തന്‍റെ മകള്‍ കണ്ടിരുന്നു എന്നാണ്. അയാളുടെ കാല്‍ നിലത്തുറച്ചിരുന്നില്ല, വലിച്ചായിരുന്നു കൊണ്ടുപോയിരുന്നത്. അയാള്‍ക്ക് എന്തോ വയ്യായ്ക ഉണ്ട് എന്ന് തോന്നുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നു എന്നും സ്ത്രീ പറയുന്നു. 

അയര്‍ലന്‍ഡിലെ പൊലീസ് ഒരു വിചിത്രമായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവം വേറൊന്നുമല്ല, രണ്ടുപേര്‍ ചേര്‍ന്ന് പെന്‍ഷന്‍(pension) പണം വാങ്ങാനായി ഒരു മൃതദേഹവു(Dead body)മായി പോസ്റ്റ് ഓഫീസിലെത്തി. മരിച്ചയാളുടെ പേരിലുള്ളതായിരുന്നു പെന്‍ഷന്‍. 

വെള്ളിയാഴ്ച രാവിലെ കൗണ്ടി കാർലോ(County Carlow)യിലെ കെട്ടിടത്തിലേക്ക് ഇയാളെ രണ്ടുപേര്‍ ചേര്‍ന്ന് താങ്ങിക്കൊണ്ട് വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11.30 -നാണ് സംഭവങ്ങളുടെ തുടക്കം. ഒരാള്‍ പോസ്റ്റോഫീസിലെത്തി ഈ വൃദ്ധന്‍റെ പേരിലുള്ള പെന്‍ഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പെന്‍ഷന്‍കാരന്‍ നേരിട്ട് ഹാജരാവാതെ തുക തരാനാവില്ല എന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. 

അയാള്‍ താമസിയാതെ മറ്റ് രണ്ട് പേരുമായി മടങ്ങിയെത്തി, അവരിൽ ഒരാൾക്ക് 60 വയസ്സ് പ്രായമുണ്ടായിരുന്നു. ഇയാളുടെ പെൻഷൻ തുക നൽകണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടു. എന്നാല്‍, പണമൊന്നും നല്‍കിയില്ല. സംശയം തോന്നിയ ഒരു സ്ത്രീ ജീവനക്കാരോട് കാര്യം പറഞ്ഞതോടെ പുരുഷന്റെ മൃതദേഹം ഉപേക്ഷിച്ച് രണ്ട് പേരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മൃതദേഹവുമായി എത്തിയവര്‍ക്ക് മരിച്ചയാളെ നന്നായി അറിയാം എന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം നടക്കുന്നുവെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണ് എന്നും പൊലീസ് പറയുന്നു. 

പോസ്റ്റോഫീസിന് സമീപം താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞത് മൃതദേഹവുമായി യുവാക്കള്‍ പോകുന്നത് തന്‍റെ മകള്‍ കണ്ടിരുന്നു എന്നാണ്. അയാളുടെ കാല്‍ നിലത്തുറച്ചിരുന്നില്ല, വലിച്ചായിരുന്നു കൊണ്ടുപോയിരുന്നത്. അയാള്‍ക്ക് എന്തോ വയ്യായ്ക ഉണ്ട് എന്ന് തോന്നുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നു എന്നും സ്ത്രീ പറയുന്നു. ഏതായാലും സംഭവത്തെ കുറിച്ച് അറിഞ്ഞ ശേഷം നഗരത്തിലെ മേയറടക്കം സകലരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. എന്നാലും പട്ടാപ്പകൽ ഇത്രയും തിരക്കേറിയ ഒരു പോസ്റ്റ് ഓഫീസിലേക്ക് ഒരാളുടെ മൃതദേഹവുമായി എത്തി പെൻഷൻ ആവശ്യപ്പെടാൻ മാത്രം ആ രണ്ടുപേർക്കും എങ്ങനെ ധൈര്യം വന്നു എന്നോർത്ത് പലരും അന്തിച്ച് നിൽക്കുകയാണ്.