Asianet News MalayalamAsianet News Malayalam

മ്യാന്‍മര്‍ പട്ടാളത്തിന്‍റെ ക്രൂരതകള്‍ വെളിപ്പെടുത്തിയതിന് അറസ്റ്റില്‍; ഒടുവില്‍ അവര്‍ പുറത്തേക്ക്...

ഈ രണ്ടു പത്രപ്രവർത്തകർ കുറച്ചുദിവസങ്ങളായി ഇൻ ദിൻ ഗ്രാമത്തിൽ കേറിയിറങ്ങി നടക്കുകയായിരുന്നു.  അവർ അവിടത്തെ ബുദ്ധമതവിശ്വാസികളായ ഗ്രാമീണരെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിൽ കണ്ടു വിശദമായ ഇന്റർവ്യൂകൾ നടത്തി.

Two Reuters journalists released in Myanmar
Author
Myanmar (Burma), First Published May 7, 2019, 4:11 PM IST

വിവേചനബുദ്ധിയില്ലാത്ത കൊലപാതകങ്ങൾ നടത്തുക. ഗ്രാമങ്ങളെ ചുട്ടെരിക്കുക. സ്ത്രീകളെ ഒന്നടങ്കം കൂട്ടബലാൽസംഗം ചെയ്യുക. ഇതൊക്കെയായിരുന്നു മ്യാൻമർ പട്ടാളം റോഹിംഗ്യയിലെ ജനങ്ങളോട് ചെയ്തുകൊണ്ടിരുന്നത്. ഈ കുറ്റകൃത്യങ്ങളുടെ നേർസാക്ഷ്യങ്ങളായിരുന്നു അവിടെനിന്നും അക്കാലത്ത് വന്നുകൊണ്ടിരുന്ന പത്ര റിപ്പോർട്ടുകൾ. അന്തർദേശീയ മാധ്യമസ്ഥാപനമായ റോയിട്ടേഴ്‌സിനും ഉണ്ടായിരുന്നു മ്യാന്മറിൽ പണ്ടുതൊട്ടേ വളരെ സജീവമായ ഒരു ബ്യൂറോ.  അവരുടെ പ്രാദേശിക റിപ്പോർട്ടർമാരായ വാ ലോൺ, ക്യാ സോ ഊ എന്നിവർ നിർഭയമായ റിപ്പോർട്ടുകൾ നിരന്തരം പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന കാലമായിരുന്നു  2017  എന്ന വർഷം. അതിന്റെ നാൾ വഴികളിലൂടെ..

2017  മാർച്ച് 24 -ന്  ചേർന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി മ്യാൻമറിലെ പട്ടാളം നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി അന്വേഷിക്കാൻ തീരുമാനമെടുക്കുന്നു. അതിനായി അവർ ഒരു വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കുന്നു. അവർ ഒരു അന്വേഷണ മിഷൻ തുടങ്ങിവെക്കുന്നു.

Two Reuters journalists released in Myanmar 

അഞ്ചുമാസത്തിനകം, രാഖിനെ സ്റ്റേറ്റിലെ റോഹിംഗ്യൻ തീവ്രവാദികളുടെ ഭാഗത്തുനിന്നും ഉണ്ടായ ചില പ്രകോപനങ്ങളുടെ പേരിൽ മ്യാൻമർ സൈന്യം തങ്ങളുടെ ആക്രമണങ്ങൾ കടുപ്പിക്കുന്നു. ഈ പ്രത്യാക്രമണങ്ങൾക്കിടയിൽ ക്രൂരമായ പീഡനങ്ങളും, കൂട്ടബലാൽസംഗങ്ങളും, കൊലപാതകങ്ങളുമടക്കം ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങൾ നടന്നു. ഐക്യരാഷ്ട്ര സഭയുടെ മിഷൻ ഇതെല്ലാം അന്വേഷണവിധേയമാക്കി. ഏകദേശം ഏഴ് ലക്ഷത്തോളം റോഹിംഗ്യൻ മുസ്ലിങ്ങൾ 2017  അഗസ്റ്റിനുശേഷം മ്യാന്മർ വിട്ടു പലായനം ചെയ്തിട്ടുണ്ട്. റോഹിംഗ്യൻ തീവ്രവാദികളും മ്യാന്മർ പട്ടാളവും തമ്മിൽ നടന്ന സായുധപോരാട്ടത്തിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വന്നത്, അതിലൊന്നും യാതൊരു പങ്കുമില്ലാതിരുന്ന സാധാരണക്കാരും തീർത്തും നിരപരാധികളുമായ റോഹിംഗ്യൻ ഗ്രാമീണർക്കാണ്.  

മ്യാന്മാറിലെ സർക്കാർ നയങ്ങൾ  ഗ്രാസ് റൂട്ട് ലെവലിൽ ഒരു അന്വേഷണം നടത്താൻ അന്താരാഷ്ട്ര ഏജൻസികളെ  അനുവദിക്കുന്ന ഒന്നായിരുന്നില്ല. പലകുറി അതിനുള്ള അനുമതി തേടി സർക്കാരിനെ യുഎൻ സമീപിച്ചെങ്കിലും, മറുപടിയുണ്ടായില്ല. ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കും മുമ്പുതന്നെ റോയിട്ടേഴ്‌സിന് മ്യാന്മറിൽ സാന്നിധ്യമുണ്ടായിരുന്നു. അത് അവർക്ക് റിപ്പോർട്ടിങ്ങിൽ ഗുണം ചെയ്തു.  2017 -ല്‍  രാഖിനെ സ്റ്റേറ്റിലെ ഒരു ഗ്രാമത്തിൽ വെച്ച് പത്ത് റോഹിൻഗ്യൻ വംശജരെ ഗ്രാമീണരും മ്യാന്മർ പട്ടാളവും  ചേർന്ന് നിർദ്ദയം വകവരുത്തി. ഈ സംഭവത്തെക്കുറിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട വിശദമായ റിപ്പോർട്ടാണ് അവരുടെ റിപ്പോർട്ടർമാർക്കെതിരെ നടപടിയുണ്ടാവാനും, രാജ്യത്ത് നിലവിലുള്ള 'ഒഫീഷ്യൽ സീക്രട്ട്സ് ആക്ട്' എന്ന ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം വഴി അവരിൽ രണ്ടുപേരെ അറസ്റ്റുചെയ്ത് തുറുങ്കിലടക്കാനും കാരണമായത്. 

2017 ഡിസംബർ 12 -നാണ് റിപ്പോർട്ടർമാരുടെ  അറസ്റ്റുകൾ രേഖപ്പെടുത്തുന്നത്. ഗവൺമെന്റുമായി ബന്ധപ്പെട്ട സെൻസിറ്റീവ് ആയ രേഖകൾ അനുവാദം കൂടാതെ പരിശോധിച്ചു, രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കും വിധം അതൊക്കെ വിദേശ മാധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ. 

ഈ രണ്ടു പത്രപ്രവർത്തകർ കുറച്ചുദിവസങ്ങളായി ഇൻ ദിൻ ഗ്രാമത്തിൽ കേറിയിറങ്ങി നടക്കുകയായിരുന്നു.  അവർ അവിടത്തെ ബുദ്ധമതവിശ്വാസികളായ ഗ്രാമീണരെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിൽ കണ്ടു വിശദമായ ഇന്റർവ്യൂകൾ നടത്തി. പല രഹസ്യ സോഴ്‌സുകളിൽ നിന്നും കൊലപാതകങ്ങളുടെ ഫോട്ടോഗ്രാഫിക് എവിഡൻസ് ശേഖരിച്ചു. ആ വിവരങ്ങൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന ഒരു കൂട്ടക്കൊലയുടെ വിശദാംശങ്ങളായിരുന്നു. 

Two Reuters journalists released in Myanmar

ഒരു റോഹിംഗ്യൻ ഗ്രാമം മ്യാന്മർ പട്ടാളത്താൽ ആക്രമിക്കപ്പെടുന്നു. അവിടെ നിന്നും ജീവനും കൊണ്ടോടി രക്ഷപ്പെടാൻ ശ്രമിച്ച പത്തുപേർ കടൽത്തീരത്ത് ഒരിടത്ത് അഭയം തേടുന്നു. അവരെ അയൽഗ്രാമത്തിലെ ബുദ്ധമതക്കാരായ ഗ്രാമീണർ കണ്ടെത്തുന്നു. അവർ പട്ടാളത്തെ ഈ പത്തു പേരിലേക്ക് നയിക്കുന്നു. അവരെ കൈകൾ ബന്ധിച്ച് ഗ്രാമത്തിലേക്ക് നടത്തിക്കൊണ്ടു പോവുന്നു. തുടർന്ന് പത്തുപേരും നിർദ്ദയം വധിക്കപ്പെടുന്നു. രണ്ടുപേരെ ഗ്രാമീണർ വാളിന് വെട്ടിക്കൊല്ലുന്നു. ബാക്കിയുള്ളവരെ പട്ടാളം വെടിവെച്ചും കൊന്നുകളയുന്നു. ഇത് ആദ്യമായിട്ടായിരുന്നു റോയിട്ടേഴ്‌സിന് പട്ടാളം നടത്തിക്കൊണ്ടിരുന്ന ക്രൂരതകളുടെ ഫോട്ടോഗ്രാഫിക് എവിഡൻസ് കിട്ടുന്നത്. ദൃക്‌സാക്ഷികളായ ഗ്രാമീണരുടെ സാക്ഷിമൊഴികളുടെ ഓഡിയോ ക്ലിപ്പിംഗുകളും റോയിട്ടേഴ്‌സിന് കിട്ടുന്നു.

Two Reuters journalists released in Myanmar 

ഈ ചിത്രങ്ങളുടെ പിൻബലത്തോടെ വിശദമായ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മ്യാന്മർ സൈന്യം നേരിട്ട് ഈ കൂട്ടക്കൊലയെപ്പറ്റി ഒരു അന്വേഷണം പ്രഖ്യാപിക്കുന്നു. അത് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടുകൾ ശരിവെക്കുന്നു. ഈ പത്തുപേരും ആരെയും ഉപദ്രവിക്കാൻ കോപ്പുകൂട്ടിവന്നവരല്ലായിരുന്നു, മറിച്ച് ആൾക്കൂട്ടത്തിൽ നിന്നും തെരഞ്ഞുപിടിച്ച് കൊല്ലാൻ ഇട്ടോടിച്ച നിരപരാധികളായിരുന്നു എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ഈ റിപ്പോർട്ട്  പുറത്തുവന്നതോടെയാണ് സ്വന്തം രാജ്യത്തു നിന്നുകൊണ്ട് ഒരു വിദേശ ന്യൂസ് ഏജൻസിക്കു വേണ്ടി കരിങ്കാലിപ്പണി ചെയ്തു എന്ന മട്ടിൽ ഈ രണ്ടു റിപ്പോർട്ടേഴ്‌സിനും എതിരെ ഒരു പൊതുവികാരം റോഹിംഗ്യൻ വിരുദ്ധരായ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നത്. അങ്ങനെയാണ് അതിപുരാതനമായൊരു നിയമം എടുത്തുപയോഗിച്ച്  പൊലീസ് ഇവരെ അറസ്റ്റു ചെയ്യുന്നത്. 

രഹസ്യ വിവരങ്ങൾ കൈമാറാം എന്ന് വാഗ്ദാനം ചെയ്‌തുകൊണ്ട് ഒരു പൊലീസ് ഓഫീസർ തന്നെ ഇവരെ ബന്ധപ്പെട്ട് ചതിയിൽ കുടുക്കുകയായിരുന്നു. യാങ്കോണിനു പുറത്തുള്ള ഒരു റെസ്റ്റോറന്റിൽ വന്നാൽ ചില രഹസ്യ രേഖകൾ കൈമാറാം എന്നായിരുന്നു അവരോട് പറഞ്ഞിരുന്നത്. അവിടെ വെച്ച് ഈ അണ്ടർ കവർ പോലീസുകാരൻ ഇവരുടെ കയ്യിൽ 'ക്‌ളാസിഫൈഡ്‌' ആയ ടോപ്പ് സീക്രട്ട് ഫയലുകളിൽ ഒന്ന് കൊടുക്കുകയും, പിന്നാലെ വന്നു കയറിയ പൊലീസ് കയ്യോടെ ഇവരെ പിടികൂടുകയുമായിരുന്നു. 

Two Reuters journalists released in Myanmar

മ്യാന്മറിലെ പത്രസ്വാതന്ത്ര്യത്തിന്റെ ഒരു ലിറ്റ്മസ് ടെസ്റ്റായിരുന്നു ഈ അറസ്റ്റും തുടർന്നുണ്ടായ നടപടികളും. മ്യാന്മർ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. അന്താരാഷ്ട്ര സമ്മർദ്ദങ്ങളുടെ കൂടി ഫലമായിട്ടാണ് ഏറെ വൈകിയെങ്കിലും ഇരുവരും ഇപ്പോൾ വിട്ടയക്കപ്പെട്ടിരിക്കുന്നത്. പത്രപ്രവർത്തന സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ വേണ്ടി വാ ലോണും ക്യാ സൊ ഊയും അനുഭവിച്ച യാതനകൾ  അവർക്ക് കഴിഞ്ഞ കൊല്ലത്തെ പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്തു. 


 

Follow Us:
Download App:
  • android
  • ios