തനിക്ക് 12 വയസുള്ളപ്പോൾ അമ്മ തന്നോട് തനിക്ക് ഒരു മകൾ കൂടി ഉണ്ടായിരുന്നു, അവളെ ഞാൻ ദത്ത് നൽകുകയായിരുന്നു എന്ന് വെളിപ്പെടുത്തിയതായി അൻസൽ ഓർക്കുന്നു. എന്നാൽ, കുട്ടിയായിരുന്ന അൻസൽ അത് മറക്കുകയും ചെയ്തു.
സഹോദരങ്ങൾ തമ്മിൽ മിക്കവാറും വല്ലാത്ത ഒരു സ്നേഹവും അടുപ്പവും എല്ലാം ഉണ്ടാകും അല്ലേ? എന്നാൽ, ജനിച്ച ഉടനെ തന്നെ പരസ്പരം പിരിയേണ്ടി വന്ന സഹോദരങ്ങൾ ആണെങ്കിലോ? എന്താവും അവസ്ഥ? വേദനാജനകമായ അവസ്ഥയാണ്. അതുപോലെ പിരിയേണ്ടി വന്ന രണ്ട് സഹോദരങ്ങൾ 60 വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയതാണ് ഇപ്പോൾ വാർത്തയാവുന്നത്.
തനിക്ക് അങ്ങനെ ഒരു സഹോദരി ഉണ്ട് എന്നുപോലും ഇവർക്ക് പരസ്പരം അറിയുമായിരുന്നില്ല. ജൂലി മാമോ, ജൂലി അൻസെൽ എന്നിവരാണ് അങ്ങനെ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം പരസ്പരം തിരിച്ചറിഞ്ഞ സഹോദരങ്ങൾ. ഇപ്പോൾ ഇരുവരും ജൂലി 1, ജൂലി 2 എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. മരുമകനായ ജേസൺ ഫിഷർ എടുത്ത ഒരു ഡിഎൻഎ ടെസ്റ്റാണ് ഇങ്ങനെ ഒരു കൂടിച്ചേരലിന് അവസരം ഒരുക്കിയത്. MyHeritage.com വഴി എടുത്ത ഡിൻഎ ടെസ്റ്റാണ് ഇങ്ങനെ ഒരു അപ്രതീക്ഷ വഴിത്തിരിവിൽ എത്തിയത്.
ഇരുവരുടെയും അമ്മയായ ലിലിയൻ ഫിഷറിന് ജൂലി മാമോയെ പ്രസവിക്കുമ്പോൾ 17 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അവർ വിവാഹിതയും ആയിരുന്നില്ല. അതിനാൽ തന്നെ സമൂഹത്തെ ഭയന്ന് ആ കുഞ്ഞിനെ അന്നവർ ദത്ത് നൽകുകയാണ് ഉണ്ടായത്. പിന്നീട്, വിവാഹശേഷം ലിലിയന് നാല് കുട്ടികൾ കൂടി ഉണ്ടായി.
നാല് പേരിൽ മൂത്തയാൾ ജൂലി ആൻസൽ യുകെയിലാണ് താമസിക്കുന്നത്. അതേസമയം, ജൂലി മാമോയെ ഒമ്പത് ദിവസം മാത്രം പ്രായമുള്ളപ്പോൾ മാവിസ്- ഡേവിഡ് ഹോളണ്ട് ദമ്പതികളാണ് ദത്തെടുത്തത്. പിന്നെ അവളെ അവർ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലിലിയൻ മരിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് 12 വയസുള്ളപ്പോൾ അമ്മ തന്നോട് തനിക്ക് ഒരു മകൾ കൂടി ഉണ്ടായിരുന്നു, അവളെ ഞാൻ ദത്ത് നൽകുകയായിരുന്നു എന്ന് വെളിപ്പെടുത്തിയതായി അൻസൽ ഓർക്കുന്നു. എന്നാൽ, കുട്ടിയായിരുന്ന അൻസൽ അത് മറക്കുകയും ചെയ്തു.
ഏതായാലും, ജേസൺ ഫിഷർ ഫേസ്ബുക്കിന്റെ സഹായത്തോടെ ജൂലി മാമോയുടെ മകളുമായി ബന്ധം സ്ഥാപിച്ചു. അൻസലാവട്ടെ തനിക്ക് ഒരു സഹോദരിയുണ്ട് എന്നും അവൾ ഓസ്ട്രേലിയയിലാണ് എന്നും അറിഞ്ഞശേഷം ഒട്ടും നേരം പാഴാക്കിയില്ല. ഉടനെ തന്നെ ഓസ്ട്രേലിയയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. അങ്ങനെ ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് പിരിഞ്ഞുപോയ ആ സഹോദരങ്ങൾ ജീവിതത്തിന്റെ അവസാന കാലത്ത് വീണ്ടും കണ്ടുമുട്ടി.
