സെപ്റ്റംബർ 28 , 2016 -  ഇന്തോ-പാക് അതിർത്തിയിൽ ഇരുൾ വീഴുന്ന നേരം. നിലാവസ്തമിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ  നൂറോളം കമാൻഡോകൾ. ഇരുട്ടു പരന്നതോടെ അവർ പതുക്കെ ശത്രുരാജ്യത്തിന്റെ മണ്ണിലേക്ക് പ്രവേശിച്ചു. മുൻകൂട്ടി നിശ്ചയിച്ച ഹിറ്റ് പ്ലാൻ പ്രകാരം അവർ പലതായി വഴിപിരിഞ്ഞു. സൈന്യത്തിലെ ഒരു മേജർക്കായിരുന്നു ടീമിന്റെ ചുമതല.  

എന്തായിരുന്നു ആക്രമണത്തിന്റെ പ്രകോപനം 

എന്തായിരുന്നു ഇത്തരത്തിൽ ഒരു ആക്രമണത്തിന്റെ പ്രകോപനം? 2016  സെപ്റ്റംബർ 18 -ന്  അതിർത്തി കടന്നെത്തിയ സായുധരായ ഫിദായീൻ ഭീകരന്മാർ ഉറിയിലെ സൈനികാസ്ഥാനം ആക്രമിച്ചു. പത്തൊമ്പതു സൈനികർക്ക് ആ ആക്രമണത്തിൽ ജീവൻ നഷ്ടമായി. ഗുർദാസ്പൂരിലേയും പത്താൻ കോട്ടിലെയും ആക്രമണങ്ങൾക്കു പിന്നാലെ ഉറിയിൽ കൂടി ആക്രമണമുണ്ടായതോടെ തിരിച്ചടിക്കാനുള്ള സമ്മർദ്ദം സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മേൽ ശക്തമായി. ആദ്യ രണ്ടാക്രമണങ്ങൾ നടന്നപ്പോഴും, 'ശരിയായ സമയത്ത് ശരിയായ ഇടം നോക്കി തിരിച്ചടിക്കും' എന്നുമാത്രമാണ് സൈന്യം പറഞ്ഞിരുന്നത്. ലഷ്കർ എ ത്വയ്യിബയും ജെയ്ഷെ മുഹമ്മദും നിരന്തരം ഇത്തരത്തിലുള്ള തീവ്രവാദാക്രമണങ്ങൾ തുടർന്നപ്പോൾ തിരിച്ചടിക്കുകയല്ലാതെ സൈന്യത്തിന് വേറെ നിവൃത്തിയില്ലാതെയായി എന്നതാണ് അന്നത്തെ സാഹചര്യം. 

 വിദഗ്ദ്ധമായി ആസൂത്രണം, കിറുകൃത്യമായി നടപ്പാക്കൽ 

തീവ്രവാദികൾ അക്രമണങ്ങൾക്കായി ഇന്ത്യയിലേക്ക് കടക്കുന്നതിനു തൊട്ടുമുമ്പ് ഒത്തുകൂടിയിരുന്ന ട്രാൻസിറ്റ് സ്റ്റേ കേന്ദ്രങ്ങളിൽ ഒന്നിന് നേർക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ വാദം. നൂറോളം കമാണ്ടോകളാണ് ആക്രമണത്തിനായി പാക് അധീന കശ്മീരിലേക്ക് കടന്നുചെന്നത്. അവരുടെ മുന്നിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. പരമാവധി ആൾനാശം ശത്രുപക്ഷത്തുണ്ടാക്കി, എത്രയും പെട്ടെന്ന് തന്നെ തിരിച്ച് സ്വന്തം മണ്ണിലെത്തുക. 

ഇന്ത്യൻ കമാൻഡോകൾ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി സൈന്യത്തിന്റെ വക ആർട്ടിലറി കവർ ഫയർ ഉണ്ടായിരുന്നു. LoC -യിൽ നിന്ന് അഞ്ചു കിലോമീറ്ററിൽ താഴെ മാത്രം അകലെ കിടക്കുന്ന കേൽ, ലിപ, അത്മുകാം, തട്ടാപാനി, ഭിമ്പേ തുടങ്ങിയ  അഞ്ച് ടെററിസ്റ്റ് ലോഞ്ചിങ്ങ് പാഡുകളാണ് സൈന്യം ഒരേ സമയത്ത് ആക്രമിച്ചു തകർത്തത്. ആക്രമണങ്ങൾ ചിത്രീകരിക്കാൻ ഹാൻഡ് ഹെൽഡ് കാമറകളും ഇന്ത്യൻ സൈന്യത്തിന്റെ ഡ്രോണുകളുമുണ്ടായിരുന്നു. അവ തത്സമയം തന്നെ ചിത്രങ്ങൾ സൈനികാസ്ഥാനത്തുള്ള സൂപ്പർ വൈസിങ് റൂമിലേക്ക് റിലേ ചെയ്തുകൊണ്ടിരുന്നു. 

അതൊരു സർജിക്കൽ സ്ട്രൈക്ക് ആയിരുന്നതുകൊണ്ടുതന്നെ നേരിട്ടുള്ള യുദ്ധത്തിനോ ചെറിയ തോക്കുകൾ കൊണ്ടുള്ള അക്രമണങ്ങൾക്കോ കമാൻഡോകൾ മുതിർന്നില്ല. ഓരോ ലൊക്കേഷനിലും ചെന്ന് കേറലും, ആക്രമണവും, തിരിച്ചു പോറലും ഒക്കെ മിനിറ്റുകൾ കൊണ്ട് പൂർത്തിയാക്കി ഇന്ത്യൻ സൈനിക കമാൻഡോകൾ സുരക്ഷിതരായി തിരിച്ചു പോന്നു. പരമാവധി നാശം ശത്രുപക്ഷത്തെ കെട്ടിടങ്ങൾക്കും സൈനികർക്കും ഉണ്ടാക്കാൻ പോന്ന ആയുധങ്ങളാണ് കമാൻഡോകൾ കരുതിക്കൂട്ടിത്തന്നെ തെരഞ്ഞെടുത്തിരുന്നത്. ഉദാ. റഷ്യൻ നിർമിത 'ഷ്മെൽ' തോളത്തുവെച്ച് ഫയർ ചെയ്യുന്ന ഒരു തീതുപ്പും യന്ത്രമായിരുന്നു. ഒരു 150mm ബൊഫോഴ്‌സ് ഷെല്ലിന് തുല്യമായ ആഘാതമുണ്ടാക്കാൻ പോന്നത്.  അതുകൂടാതെ ഓരോ സൈനിക കമാൻഡോയുടെയും തോൾ ബാഗിൽ കാൾ ഗുസ്താഫ് റോക്കറ്റ് ലോഞ്ചറുകളും ഉണ്ടായിരുന്നു. അതും പോരാഞ്ഞ് തെർമോബാറിക് റോക്കറ്റുകൾ, 40 mm ഗ്രനേഡുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള മികോർ മൾട്ടിപ്പിൾ ഗ്രനേഡ് ലോഞ്ചറുകൾ തുടങ്ങിയവയും സംഘത്തിന്റെ പക്കലുണ്ടായിരുന്നു. ഇതൊക്കെ പ്രയോജനപ്പെടുത്തിക്കൊണ്ട് വിജയകരമായി പൂർത്തിയാക്കപ്പെട്ടത് അക്ഷരാർത്ഥത്തിൽ ഒരു ടെക്സ്റ്റ് ബുക്ക് സർജിക്കൽ സ്ട്രൈക്ക് തന്നെയായിരുന്നു. 


2011 -ൽ  അമേരിക്ക അബോട്ടാബാദിൽ നിന്ന് ഒസാമാ ബിൻ ലാദനെ ഈച്ച പോലുമറിയാതെ പൊക്കാൻ ഉപയോഗിച്ച 'ഗോസ്റ്റ് ഹാക്ക്സ് 'പോലുള്ള മിഷൻ സ്പെസിഫിക് ആയ ഹെലികോപ്ടറുകളൊന്നും ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ ഇല്ലാതിരുന്നതുകൊണ്ട് അവർ മനഃപൂർവം ഹെലികോപ്റ്ററുകൾ ഉപയോഗിക്കാതെയാണ് മിഷൻ നടപ്പിലാക്കിയത്.  നാൽപതു കിലോയിൽ അധികം ഭാരമുള്ള ബാക്ക് പാക്കും ചുമന്നുകൊണ്ട് അതിർത്തി കടന്ന് മുപ്പതു കിലോമീറ്ററിലധികം ദൂരം സ്പീഡ് മാർച്ച് ചെയ്‌തുള്ള പരിശീലനം സിദ്ധിച്ചിട്ടുള  ഈ കമാണ്ടോകളെ സംബന്ധിച്ചിടത്തോളം LoC കടന്നുള്ള അഞ്ചു കിലോമീറ്റർ നടത്തം ഒട്ടും ദുഷ്കരമായിരുന്നില്ല. 

എന്നാൽ മറ്റുപല അപകടങ്ങളും അതിജീവിച്ചുകൊണ്ടാണ് അവർ ആ ദൂരം താണ്ടിയത്. മുന്നിൽ ഒരു മീറ്റർ അപ്പുറത്തേക്കുപോലും കാണാനാകാത്തത്ര കട്ടപിടിച്ച ഇരുട്ടാണ്. ഒരു ചുള്ളിക്കമ്പ് ഒടിയുന്ന ശബ്ദം കേട്ടാൽ മതി, ഒരു കാട്ടുകരടിയോ, നരിയോ, തീവ്രവാദിയോ, പാക് ഭടന്മാരോ ഒക്കെ അവരെ ആക്രമിക്കാൻ സാധ്യതയുണ്ടായിരുന്നു. മിഷൻ തീരും വരെ അവർ തങ്ങളുടെ മനസ്സാന്നിദ്ധ്യം കൈവിടാതെ സൂക്ഷിച്ചു. ഒരു സൈനികൻ കാലിൽ ചെറിയ ഒരു പരിക്കുപറ്റി എന്നതൊഴിച്ചാൽ ഇന്ത്യൻ സൈനിക കമാണ്ടോകൾക്ക് കാര്യമായ ഒരു പരിക്കും ഏറ്റില്ല. കൂട്ടത്തിൽ ഒരു ക്യാമ്പ് രാവിലെ ആറുമണിക്ക് വെളിച്ചം വീണശേഷമാണ് കമാൻഡോകൾ ബോംബിട്ടു തകർത്തതും അതിന്റെ ദൃശ്യങ്ങൾ പകർത്തിയതും. 

സെപ്റ്റംബർ 29 -നാണ് ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് തീവ്രവാദി കേന്ദ്രങ്ങൾക്കുനേരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയ വിവരം പരസ്യമാക്കുന്നത്. ലെഫ്റ്റനന്റ് ജനറൽ രൺബീർ സിങ്ങായിരുന്നു ഈ വിവരം അറിയിച്ചത്. ശത്രുപക്ഷത്ത് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. 35 -നും 50 -നും ഇടക്ക് പാക് സൈനികരും ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സൈന്യത്തിന്റെ വാദം. 

ഇന്ത്യൻ സൈന്യം അന്ന് ശത്രുമണ്ണിലേക്ക് രാത്രിയുടെ മറവിൽ സധൈര്യം കടന്നു കയറി പാക് മണ്ണിലെ ഭീകരവാദി ക്യാമ്പുകളിൽ അഞ്ചെണ്ണം തകർത്തിട്ട്, പാകിസ്താന്റെ ധാർഷ്ട്യത്തിന് സർജിക്കൽ സ്‌ട്രൈക്കിലൂടെ ചുട്ട മറുപടി കൊടുത്തിട്ട് ഇന്നേക്ക് രണ്ടുവർഷം..!