ഇത് റായിദ് അൽ മൊസ്സാവി. ഇറാഖിലെ ബസ്രയിലുള്ള ഒരു പ്രാദേശിക പോലീസ് പോസ്റ്റിൽ, സിവിൽ പോലീസ് ഓഫീസറായിരുന്നു റായിദ്. നഗരമധ്യത്തിലുള്ള, കുടുംബവീട്ടിൽ നിന്നിറങ്ങി, തിരിച്ച് സ്വന്തം വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു അദ്ദേഹം. നടന്നുവരുന്ന അദ്ദേഹത്തെക്കണ്ടപ്പോൾ ആ ഇടവഴിയിലൂടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന് തങ്ങളെ ആക്രമിക്കാൻ പതുങ്ങിവരുന്ന ഒരു ഭീകരവാദിയാണ് എന്നുതോന്നി. അവരുടെ അസാൾട്ട് റൈഫിളുകളിൽ ഒന്നിൽ നിന്ന്, ആ രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു വെടിയുണ്ട പുറപ്പെട്ടു. അത് റായിദിന്റെ തലയോട്ടി പിളർന്നുകൊണ്ട് കടന്നുപോയി. അതീവ ഗുരുതരമായി പരിക്കേറ്റ റായിദിനെ ബന്ധുക്കൾ അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



ഈ സംഭവത്തെപ്പറ്റി ബ്രിട്ടീഷ് പട്ടാളത്തിൽ അന്വേഷണമുണ്ടായി. മേജർ ക്രിസ്റ്റഫർ സസ്സ്-ഫ്രാങ്ക്സന്റെ നേതൃത്വത്തിൽ നടന്ന ഡിപ്പാർട്ടുമെന്റൽ എൻക്വയറി 24 മണിക്കൂർ നേരം കൊണ്ട് പൂർത്തിയാക്കപ്പെട്ടു. അതിൽ, ആ വെടിവെപ്പ് തീർത്തും അനിവാര്യമായിരുന്നു എന്ന് ബോധ്യപ്പെട്ടു. ആദ്യം വെടിവെച്ചത് റായിദ് ആയിരുന്നത്രേ. ആത്മരക്ഷാർത്ഥം വെടിയുതിർക്കുകയല്ലാതെ മറ്റൊരു മാർഗവും ആ ബ്രിട്ടീഷ് ഓഫീസറുടെ മുന്നിൽ ഇല്ലായിരുന്നുവത്രെ. ഇറാഖി പൗരൻ പട്രോളിംഗ് നടത്തുന്ന ബ്രിട്ടീഷ് സൈനികനുനേരെ ആദ്യം വെടിയുതിർത്തതിന് ആ പട്രോളിംഗ് സംഘത്തിലെതന്നെ അംഗമായ മറ്റൊരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥൻ ദൃക്‌സാക്ഷിയായിരുന്നു. അതോടെ ആ അന്വേഷണം അവസാനിപ്പിച്ചു.

മേൽപ്പറഞ്ഞ സംഭവം ഒരു ഉദാഹരണം മാത്രമാണ്. ഇറാഖ് യുദ്ധകാലത്ത്, 2003 മുതൽക്കിങ്ങോട്ട്,  ഓപ്പറേഷൻ ടെലിക് എന്നപേരിൽ അവിടെ നിയുക്തമായിരുന്ന ബ്രിട്ടീഷ് സൈന്യം ഇത്തരത്തിൽ പ്രവർത്തിച്ച എൺപതിലധികം കൊലപാതകങ്ങളുടെ അന്വേഷണം നടത്താൻ വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക സമിതിയാണ്, ഇറാഖ് ഹിസ്റ്റോറിക് അലിഗേഷൻസ് ടീം(IHAT) എന്നത്. ഇറാഖിലെ യുദ്ധകുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച IHATയ്ക്കൊപ്പം അഫ്‌ഗാനിസ്ഥാൻ യുദ്ധകുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച ഓപ്പറേഷൻ നോർത്ത് മൂറും ഒരാളെപ്പോലും ശിക്ഷിക്കാതെ തന്നെ ബ്രിട്ടൻ അവസാനിപ്പിച്ചിരിക്കുകയാണ്. ഈ രണ്ടന്വേഷണങ്ങളുടെയും ഭാഗമായിരുന്ന പതിനൊന്നോളം ഡിറ്റക്ടീവുമാരുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബിബിസി പനോരമ നിർമിച്ച ഡോകുമെന്ററി കഴിഞ്ഞയാഴ്ച പുറത്തിറങ്ങി.

 



ബ്രിട്ടീഷ് സൈനികരെ അവർ ചെയ്ത കൊലപാതകമടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾക്ക് കോർട്ട് മാർഷ്യൽ ചെയ്യാൻ വേണ്ട എല്ലാ തെളിവുകളും തങ്ങൾക്ക് കിട്ടിയിരുന്നു എന്നാണ് ആ ഡിറ്റക്ടീവുമാരുടെ പക്ഷം. എന്നാൽ സൈന്യത്തിന്റെ ആത്മവീര്യം തകരാൻ പാടില്ല എന്ന കാരണത്താൽ സർക്കാർ തങ്ങളുടെയും അഫ്ഗാനിസ്ഥാൻ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കുന്ന ഓപ്പറേഷൻ നോർത്ത്‌മൂറിന്റെയും കണ്ടെത്തലുകളെയെല്ലാം തന്നെ വെറും സാങ്കേതികമായ കാരണങ്ങൾ കണ്ടുപിടിച്ച് തള്ളിക്കളയുകയും കേസുകളെ എല്ലാം തന്നെ അട്ടിമറിക്കുകയുമാണ് ഉണ്ടായത് എന്നും ഈ അന്വേഷകർ ആരോപിക്കുന്നു.

IHATയും ഓപ്പറേഷൻ നോർത്ത് മൂറും നിർത്തിവെക്കാനുള്ള തീരുമാനം അതിന്റെ സൂചനയാണ്. ഫിൽ ഷിഫർ എന്ന ഒരു അഭിഭാഷകനാണ് ഇത്തരത്തിലുള്ള ആയിരത്തോളം യുദ്ധകുറ്റങ്ങളുടെ കേസുകളിലേക്ക് IHATയുടെ ശ്രദ്ധക്ഷണിച്ചത്. എന്നാൽ, ഈ അഭിഭാഷകൻ, ഇത്തരത്തിലുള്ള കേസുകൾ തന്റെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി, ഇറാഖിൽ ചില ഏജന്റുമാർക്ക് കൈക്കൂലി നൽകി എന്ന ആരോപണത്തിന്മേൽ തൂങ്ങി അദ്ദേഹത്തെ നീക്കം ചെയ്യുകയും, ഈ സാങ്കേതികത ചൂണ്ടിക്കാണിച്ച് മേല്പറഞ്ഞ ആയിരത്തിലധികം കേസുകളിന്മേലുള്ള അന്വേഷണവും, ഒപ്പം ഈ രണ്ട് അന്വേഷണദൗത്യങ്ങളും റദ്ദാക്കുകയുമാണ് ബ്രിട്ടീഷ് ഗവണ്മെന്റ് ചെയ്തത്.

 IHATയുടെ ഒരു ഡിറ്റക്ടീവ് ബിബിസി പനോരമയോട് പറഞ്ഞത് ഇപ്രകാരമാണ്, " ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന് ഇത്തരത്തിലുള്ള കേസുകളിൽ അന്വേഷണം നടത്താൻ യാതൊരുദ്ദേശ്യവുമില്ല. എങ്ങനെയും ഈ കേസുകൾ തേച്ചുമാച്ചു കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നിരിക്കുന്നത്..." ഇത്തരത്തിലുള്ള ഉന്നതതലശ്രമങ്ങൾ തങ്ങൾക്ക് എന്നെങ്കിലും നീതികിട്ടിയേക്കുമെന്ന ഇരകളുടെ അവസാനത്തെ പ്രത്യാശയും തച്ചുതകർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

റായിദ് കൊലപ്പെട്ടന്ന് ആ ഇടവഴിയിൽ ആകെ മുഴങ്ങിക്കേട്ടത് ഒരേയൊരു വെടിയൊച്ചയാണെന്ന് ആ സമയം പ്രസ്തുത ഇടവഴിയിൽ സന്നിഹിതരായിരുന്നവർ പറയുന്നു. അപ്പോൾ, റായിദ് ആദ്യം വെടിവെച്ചു എന്ന വാദത്തിന് നിലനിൽപ്പില്ല. മേജർ സസ്സ്-ഫ്രാങ്ക്സൺ, ഈ കൊലപാതകത്തിന്റെ അന്വേഷണവേളയിൽ നടത്തിയ കവർ അപ്പിന്റെ പേരിൽ അന്വേഷണങ്ങൾക്ക് വിധേയനാവേണ്ടയാളാണ് എന്ന് IHAT അംഗങ്ങൾ കരുതുന്നു.

ബ്രിട്ടീഷ് സൈന്യത്തിന്റെ അഫ്‌ഗാനിസ്ഥാൻ ദൗത്യത്തിനിടെ സൈനികരിൽ നിന്നുണ്ടായ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വേണ്ടി നിയോഗിച്ചതാണ് ഓപ്പറേഷൻ നോർത്ത് മൂർ. അതിന്റെ ഭാഗമായി നടന്ന അന്വേഷണങ്ങൾക്കും പറയാനുണ്ടായിരുന്നത് സമാനമായ അനുഭവസാക്ഷ്യങ്ങളായിരുന്നു.  കാബൂളിലെ ലോയ്‌ബാഗ് എന്ന ഗ്രാമത്തിൽ ഏറെ സമാധാനപൂർവം കഴിഞ്ഞുപോന്നിരുന്ന ഒരു കുടുംബത്തിന് നഷ്ടമായത് അവരുടെ നാലുമക്കളെയാണ്. ഇരുപതുവയസ്സുമാത്രമായിരുന്നു ഫസൽ മുഹമ്മദ് എന്ന മൂത്തകുട്ടിയുടെ പ്രായം. തൊട്ട് ഇളയവൻ നായിക്കിന് 17 വയസ്സ്, താഴെയുള്ള രണ്ട് അനുജന്മാർക്ക് പതിനാലും പന്ത്രണ്ടും വയസ്സ് പ്രായം. അവർ നാലുപേരും ഒന്നിച്ചിരുന്നു ചായ കുടിക്കുകയായിരുന്നു എന്നാണ് വീട്ടുകാർ പറഞ്ഞത്. നാലുപേരെയും ഒന്നിന് പിന്നാലെ ഒന്നായി ബ്രിട്ടീഷ് സൈനികർ വെടിവെച്ചു വീഴ്ത്തി. അവരുടെ അമ്മ ആ മുറിക്കുള്ളിലേക്ക് കയറിവന്നപ്പോൾ ആകെ ചോരയും എല്ലും പല്ലും മാംസവും തലച്ചോറും ഒക്കെ ചിതറിത്തെറിച്ചു കിടക്കുകയായിരുന്നു. അവിടെ ഉയിരറ്റു കിടക്കുന്നത് സ്വന്തം കുഞ്ഞുങ്ങളാണെന്ന് മനസ്സിലാക്കാൻ വരെ ആ അമ്മയ്ക്ക് കുറച്ചു സമയമെടുത്തു.  



എന്നാൽ ആ നാലുപേരും താലിബാൻ പോരാളികളായിരുന്നു എന്നാണ് ബ്രിട്ടീഷ് സൈനികവൃത്തങ്ങളുടെ വിശദീകരണം. അത്യന്തം അപകടകാരികളായ അവരെ അങ്ങനെ നിർവീര്യമാക്കിയില്ലായിരുന്നു എങ്കിൽ അവരിൽ നിന്ന് ബ്രിട്ടീഷ്‌ സൈനികർക്ക്ജീവാപായം സംഭവിച്ചേനെ എന്നാണ് അവർ പറയുന്നത്. " പന്ത്രണ്ടു വയസ്സുള്ള എന്റെ കുട്ടി എങ്ങനെയാണ് അവർക്ക് താലിബാൻ കമാൻഡർ ആയത് ? " എന്നാണ് ആ ദുർഭാഗ്യവാനായ പിതാവ് ചോദിക്കുന്നത്. തങ്ങൾക്കുനേരെ തോക്കുചൂണ്ടിക്കൊണ്ട് ആക്രമിക്കാൻ നിന്ന യുവാക്കളെ വെടിവെച്ചു വീഴ്ത്തുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു എന്ന് സൈനികർ അന്വേഷണത്തിനിടെ അറിയിച്ചു. എന്നാൽ, ആ മുറിയുടെ ചുവരുകളിൽ പതിഞ്ഞിരുന്ന വെടിയുണ്ടകളുടെ അടയാളങ്ങൾ എല്ലാം തന്നെ തറയോട് ചേർന്നുകൊണ്ടായിരുന്നു. ഏറിയാൽ രണ്ടോ മൂന്നോ അടി മാത്രം ഉയരത്തിൽ. അത് സൂചിപ്പിക്കുന്നത് വെടിയേൽക്കുന്ന സമയത്ത് നാല് സഹോദരങ്ങളും നിലത്ത് ഇരിക്കുകയായിരുന്നു എന്നാണ്. അല്ലാതെ, സൈനികർ പറയും പോലെ തോക്കും ചൂണ്ടി നില്കുകയായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ, വെടിവെപ്പിൽ അവരുടെ തലയും തുളച്ചുകൊണ്ട് കടന്നുപോയ ബ്രിട്ടീഷ് വെടിയുണ്ടകൾ ചുവരിൽ തറച്ചുകയറുമായിരുന്നത് സീലിങ്ങിൽ നിന്ന് മൂന്നോ നാലോ അടി താഴെയായിട്ടായിരുന്നേനെ, അല്ലാതെ നിലത്തോട് ചേർന്നുകൊണ്ടാവില്ലായിരുന്നു. 

വെടിയുണ്ടകളുടെ പാടുകൾ സൂചിപ്പിക്കുന്നത്, വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കളുടെ മൊഴികളാണ് ശരിയെന്നാണ്. വെടിവെച്ചുകൊന്നവർ പറയുന്നതത്രയും കള്ളമാണ് എന്നാണ്. എന്നാൽ, ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഓപ്പറേഷൻ നോർത്ത് മൂർ എന്ന ഈ യുദ്ധകുറ്റാന്വേഷണവും ഒരൊറ്റ സൈനികനേയും ശിക്ഷിക്കാതെ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. 



എന്നാൽ ഫിൽ ഷൈനർ എന്ന അഭിഭാഷകന്റെ നേതൃത്വത്തിൽ നടന്നത് ബ്രിട്ടീഷ് സൈന്യത്തെ കരിവാരിതേക്കാനും, അവരുടെ മനോവീര്യം കെടുത്താനുമുള്ള ബോധപൂർവമുള്ള ശ്രമങ്ങളാണെന്നും, ഇത്തരം കുത്സിത പ്രവർത്തനങ്ങളെ വെച്ചുപൊറുപ്പിക്കരുത് എന്നും, കള്ളക്കേസുകൾ കെട്ടിച്ചമച്ചതിന് അഭിഭാഷകന് നേരെ ക്രിമിനൽ നടപടികൾ ഉണ്ടാകേണ്ടതുണ്ട് എന്നും പട്ടാളക്കാർക്കുവേണ്ടി ഈ കേസുകൾ വാദിച്ച സോളിസിറ്റർ ഹിലാരി മെറിഡിത്ത് പറഞ്ഞു.

തീവ്രവാദത്തെ അമർച്ച ചെയ്യാനെന്ന പേരിൽ മറ്റുരാജ്യങ്ങളിലെ പൗരന്മാരോട് ഇത്തരത്തിൽ അതിക്രമം പ്രവർത്തിച്ചവരിൽ പെട്ടവർ തന്നെ ആ അക്രമങ്ങളെപ്പറ്റി അന്വേഷിക്കാനും നിയുക്തരാകുമോൾ അതിന്റെ ഫലം ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ, അങ്ങനെ വരുമ്പോൾ നീതി നിഷേധിക്കപ്പെടുന്നത് സ്വന്തം വീടുകളിൽ, ഒരാളെയും ബുദ്ധിമുട്ടിക്കാതെ ചായയും മൊത്തിക്കൊണ്ടിരിക്കെ വെടിയേറ്റ് തലച്ചോർ ചിതറി മരിച്ചുപോയ ഫസൽ മുഹമ്മദിനെ പ്പോലുള്ളവരുടെ ബന്ധുക്കൾക്കാണ്. എന്തായാലും, ബിബിസി പനോരമയിൽ വന്ന വെളിപ്പെടുത്തലുകൾക്കു ശേഷം ഇന്റർനാഷണൽ ക്രിമിനൽ കോർട്ട് ഈ യുദ്ധകുറ്റകൃത്യങ്ങളെപ്പറ്റി സ്വതന്ത്രമായ ഒരന്വേഷണം തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നീതി കാത്തുകഴിയുന്നവർക്ക് ഇനിയുള്ള ഏക പ്രതീക്ഷ അതുമാത്രമാണ്.