ഏറ്റവും കൂടുതല്‍ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങളുടെ പട്ടികയാണ് ബാരി പുറത്തുവിട്ടത്. ആ പട്ടികയില്‍ ജനപ്രിയമായ ചില പബ്ബുകള്‍ വരെ ഉള്‍പ്പെടുന്നു

പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. പേരു കേട്ടാല്‍ വലിയ സംഭവമാണെങ്കിലും പണി പ്രേതാന്വേഷണമാണ്. അതായത്, പ്രേതമുണ്ടെന്ന് ആളുകള്‍ പറയുന്ന സ്ഥലങ്ങളില്‍ ചെന്ന് കാര്യങ്ങള്‍ പഠിക്കുക. ബ്രിട്ടനില്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് 43 കാരനായ ബാരി ഘായ്. താനൊരു പ്രൊഫഷണല്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററാണ് എന്നാണിദ്ദേഹം പറയുന്നത്. പ്രേതവേട്ടക്കാരനായ തന്റെ അനുഭവങ്ങള്‍ പുള്ളി എഴുതുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍, ഒരു പട്ടികയുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഈ സ്വയം പ്രഖ്യാപിത ഗോസ്റ്റ് ഹണ്ടര്‍. ലണ്ടന്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങളുടെ പട്ടികയാണ് ബാരി പുറത്തുവിട്ടത്. ആ പട്ടികയില്‍ ജനപ്രിയമായ ചില പബ്ബുകള്‍ വരെ ഉള്‍പ്പെടുന്നു. പ്രേതങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട സ്ഥലങ്ങളായ ചില പബ്ബുകള്‍ മുതല്‍ കടകള്‍ വരെ ലണ്ടന്‍ നഗരത്തില്‍ ഉണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

ബാരിയുടെ ലിസ്റ്റിലെ ആദ്യയിടം 84 കൊമേഴ്സ്യല്‍ സ്ട്രീറ്റിലെ ദ ടെന്‍ ബെല്‍സ് പബ് ആണ്. 1888 നവംബര്‍ 9-ന്, ആണ് 25-കാരിയായ ഇവിടെ വെച്ച് മേരി കെല്ലി, ജാക്ക് ദി റിപ്പറിന്റെ അവസാന ഇരയാകുന്നത്. അവളുടെ വികൃതമാക്കിയ മൃതദേഹം അടുത്ത ദിവസം രാവിലെ, ഡോര്‍സെറ്റ് സ്ട്രീറ്റിലെ മില്ലേഴ്സ് കോര്‍ട്ടില്‍, ഇപ്പോള്‍ ടെന്‍ ബെല്‍സ് പബ് നില്‍ക്കുന്ന റോഡിന്റെ എതിര്‍വശത്തായി കണ്ടെത്തി. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടു ഇപ്പോഴും ഇവിടുത്തെ ജീവനക്കാരും സന്ദര്‍ശകരും ഭയപ്പെടുത്തുന്ന ശബ്ദങ്ങളും കാല്‍ പെരുമാറ്റങ്ങളും കേള്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ബാരി പറയുന്നത്. ഒരു ദിവസം ഇവിടുത്തെ ഒരു ജീവനക്കാരനെ അദൃശ്യമായ എന്തോ ഒരു ശക്തി പിടിച്ചു തള്ളിയതായും അദ്ദേഹം പറയുന്നു.


46-50 കോപ്പര്‍ഫീല്‍ഡ് റോഡിലുള്ള റാഗഡ് സ്‌കൂള്‍ മ്യൂസിയം ആണ് അടുത്ത സ്ഥലം. ഈ മുന്‍ സ്‌കൂള്‍ ഈസ്റ്റ് ലണ്ടന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രേത ശല്യം ഉണ്ടെന്ന് പലരും റിപ്പോര്‍ട്ട് ചെയ്തതായി ബാരി പറയുന്നു. സ്‌കൂളിന്റെ ചുവരുകളില്‍ നിന്ന് നിലവിളിയും മുഴക്കങ്ങളും കേള്‍ക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഈസ്റ്റ് എന്‍ഡിലെ ഏറ്റവും ദരിദ്രരായ കുട്ടികളെ പഠിപ്പിക്കുന്നതിനാണ് റാഗഡ് സ്‌കൂള്‍ സ്ഥാപിച്ചത്, 1860-കളില്‍ കോളറ പടര്‍ന്ന്പിടിച്ചതോടെ, 3,000 പേര്‍ കൊല്ലപ്പെടുകയും നിരവധി കുടുംബങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു .ഈ കുട്ടികളുടെ ആത്മാക്കള്‍ ഇന്നും കെട്ടിടത്തെ വേട്ടയാടുന്നതായി വിശ്വസിക്കപ്പെടുന്നതായി ബാരി പറയുന്നു. 

ബ്ലീഡിംഗ് ഹാര്‍ട്ട് യാര്‍ഡ് ആണ് അദ്ദേഹത്തിന്റെ ലിസ്റ്റിലെ അടുത്ത സ്ഥലം. 1626-ല്‍ ലേഡി എലിസബത്ത് ഹാട്ടന്റെ വികൃതമായ മൃതദേഹം ഇവിടുത്തെ കല്ല് മുറ്റത്തിന് നടുവില്‍ കണ്ടെത്തി എന്നാണ് പറയുന്നത്. അവളുടെ കാലുകള്‍ നിലത്ത് ചിതറി കിടക്കുകയായിരുന്നു, ഹൃദയത്തില്‍ നിന്ന് രക്തം അവിടുത്തെ കല്ലുകളിലേക്ക് ചീറ്റി തെറിക്കുന്നുണ്ടായിരുന്നു. ഈ ഭയാനകമായ സംഭവം ലണ്ടനിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നായി ബ്ലീഡിംഗ് ഹാര്‍ട്ട് യാര്‍ഡിനെ മാറ്റി. ഇന്നും എലിസബത്ത് ഹാട്ടണ്‍ ലേഡി സഹായം അഭ്യര്‍ത്ഥിക്കുന്ന വിചിത്രമായ നിലവിളി ചിലപ്പോള്‍ രാത്രിയില്‍ ഒറ്റയ്ക്ക് ഇവിടെ എത്തുന്നവര്‍ കേള്‍ക്കാറുണ്ടന്നാണ് ബാരി പറയുന്നത്.

മെയ് ഫെയറിലുള്ള 50 ബെര്‍ക്ക്‌ലി സ്‌ക്വയറാണ് മറ്റൊരിടം. ലണ്ടനിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രേതഭവനമായി ഇത് കണക്കാക്കപ്പെടുന്നതായി ബാരി പറയുന്നു. ഇവിടുത്തെ മുന്‍ താമസക്കാരും അതിഥികളും വീട്ടില്‍ ദുരൂഹമായി കൊല്ലപ്പെടുകയോ ഭ്രാന്തരായി മാറുകയോ ചെയ്തതായി പറയുന്നു. അമ്മാവന്റെ പീഡനത്തെത്തുടര്‍ന്ന് മുകളിലത്തെ നിലയിലെ ജനലില്‍ നിന്ന് സ്വയം ചാടി ആത്മഹത്യ ചെയ്ത ഒരു യുവതിയുടെ ആത്മാവ് വീട്ടില്‍ എത്തുന്നവരെ വേട്ടയാടുന്നതായി പറയപ്പെടുന്നു, അവളുടെ പീഡിത ആത്മാവ് ആളുകളെ ഭയപ്പെടുത്താന്‍ കഴിവുള്ളതാണെന്ന് ബാരി പറയുന്നു.