പിന്നെ വൈകിയില്ല. അത് കണ്ടെത്തുന്നതിനായി യുകെയിൽ നിന്നും അദ്ദേഹം പാക്കിസ്ഥാനിൽ എത്തി. തുടർന്ന് ട്രാക്ക് ചെയ്ത സ്ഥലത്തെ പ്രാദേശിക പൊലീസിൻ്റെ സഹായത്തോടെ നഷ്ടപ്പെട്ട തന്റെ എയർപോഡുകൾ കണ്ടെത്തി.
ഒരു വർഷം മുമ്പാണ് ബ്രിട്ടീഷ് യൂട്യൂബർ മൈൽസ് റൂട്ട്‌ലെഡ്ജിന് തൻ്റെ എയർപോഡുകൾ ദുബായിൽ വച്ച് നഷ്ടപ്പെട്ടത്. എന്നാൽ, ഇപ്പോഴിതാ 'ഫൈൻഡ് മൈ ഡിവൈസ്' ഫീച്ചറിന്റെ സഹായത്തോടെ അതേ എയർപോഡുകൾ പാക്കിസ്ഥാനിൽ നിന്ന് വീണ്ടെടുത്തിരിക്കുകയാണ് അദ്ദേഹം. പാക്കിസ്ഥാൻ പൊലീസിന്റെ സഹായത്തോടുകൂടിയായിരുന്നു എയർപോഡുകൾ തിരിച്ചു പിടിച്ചത്.
മൈൽസ് റൂട്ട്‌ലെഡ്ജ് പറയുന്നത് അനുസരിച്ച് ഒരു യാത്രയ്ക്കിടയിൽ ദുബായിലെ ഒരു ഹോട്ടലിൽ വെച്ചാണ് എയർപോഡുകൾ നഷ്ടമായത്. ഹോട്ടൽ റൂമിൽ ഹൗസ് കീപ്പിങ്ങിനായി എത്തിയ വ്യക്തിയാണ് ഇത് മോഷ്ടിച്ചത് എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. തുടർന്ന് അയാൾ അത് ഒരു പാക്കിസ്ഥാൻ സ്വദേശിക്ക് 50 ഡോളറിന് വിറ്റുവെന്നും ഇദ്ദേഹം പറയുന്നു.
എയർപോഡ് നഷ്ടപ്പെട്ട സമയം മുതൽ തന്നെ 'ഫൈൻഡ് മൈ ഡിവൈസ്' ആപ്പ് ഉപയോഗിച്ച് മൈൽസ് അത് ട്രാക്ക് ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു വർഷത്തിനിപ്പുറം പാക്കിസ്ഥാനിലെ ഝലം നഗരത്തിലെ 'സെക്കൻഡ് വൈഫ് റെസ്റ്റോറന്റി'ന് സമീപം അതിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തി.
പിന്നെ വൈകിയില്ല. അത് കണ്ടെത്തുന്നതിനായി യുകെയിൽ നിന്നും അദ്ദേഹം പാക്കിസ്ഥാനിൽ എത്തി. തുടർന്ന് ട്രാക്ക് ചെയ്ത സ്ഥലത്തെ പ്രാദേശിക പൊലീസിൻ്റെ സഹായത്തോടെ നഷ്ടപ്പെട്ട തന്റെ എയർപോഡുകൾ കണ്ടെത്തി. ദുബായിലെ ഒരു സുഹൃത്തിൽ നിന്ന് താൻ പണം കൊടുത്ത് വാങ്ങിയതാണ് എയർപോഡുകൾ എന്നും മോഷ്ടിക്കപ്പെട്ടതായി തനിക്ക് അറിയില്ല എന്നും ഡിവൈസ് കൈവശം വെച്ചിരുന്ന പാക്കിസ്ഥാനി പൗരൻ വ്യക്തമാക്കി.
എയർപോഡുകൾ വീണ്ടെടുക്കാൻ സഹായിച്ച പാക്കിസ്ഥാൻ പൊലീസിന് മൈൽസ് റൂട്ട്‌ലെഡ്ജ് സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞു. ലോർഡ് മൈൽസ് എന്നറിയപ്പെടുന്ന യൂട്യൂബർ മൈൽസ് റൂട്ട്‌ലെഡ്ജിന് യൂട്യൂബിൽ 178K- യിലധികം സബ്‌സ്‌ക്രൈബർമാരും X-ൽ 333K- യിലധികം ഫോളോവേഴ്‌സും ഉണ്ട്.


