വൈദ്യുതാഘാതമേറ്റ അദ്ദേഹം കത്തുന്ന ഒരു തീപ്പന്തമായി മാറി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ തറപ്പിച്ച് പറഞ്ഞു. എന്നിട്ടും പക്ഷേ അദ്ദേഹം മരണത്തിന്റെ പിടിയില്‍ നിന്ന് കുതറി മാറി

മരണത്തെ മുഖാമുഖം കണ്ട് പലരും ജീവിതത്തിലേയ്ക്ക് തിരികെ വരാറുണ്ട്. വൈദ്യശാസ്ത്ര പ്രതിഭാസം എന്നൊക്കെ വിളിക്കാവുന്ന അത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോയ ഒരാളാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന 29 കാരനായ ഡാരന്‍ ഹാരിസ്.

വൈദ്യുതി തീര്‍ത്തും അപകടം നിറഞ്ഞ ഒന്നാണ്. സൂക്ഷിച്ചില്ലെങ്കില്‍ ആളുകളുടെ മരണത്തിന് പോലും അത് കാരണമായേക്കാം. ഒരു ദിവസം അറിയാതെ ഒരു വൈദ്യുതി കമ്പിയില്‍ തട്ടി ഡാനിന് 11000 വോള്‍ട്ട് ഇലക്ട്രിക് ഷോക്കേല്‍ക്കുകയുണ്ടായി. വൈദ്യുതാഘാതമേറ്റ അദ്ദേഹം കത്തുന്ന ഒരു തീപ്പന്തമായി മാറി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ തറപ്പിച്ച് പറഞ്ഞു. എന്നിട്ടും പക്ഷേ അദ്ദേഹം മരണത്തിന്റെ പിടിയില്‍ നിന്ന് കുതറി മാറി, സ്വന്തം ഇച്ഛാശക്തി കൊണ്ട് അപകടത്തെ അതിജീവിച്ചു. ഇന്ന് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാണ് ആ ജീവിതം.

2020 -ല്‍ നവംബറില്‍ നഗരം ചുറ്റി കാണുന്നതിനിടെ ഡാരന്‍ വോള്‍വര്‍ഹാംപ്ടണിലെ ഒരു ഉപേക്ഷിക്കപ്പെട്ട സ്റ്റീല്‍ പ്ലാന്റില്‍ എത്തിച്ചേര്‍ന്നു. സാഹസികതയുടെ പേരില്‍ നഗരത്തിലെ വിജനമായ സ്ഥലങ്ങളില്‍ പോയി അവിടെ മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുന്ന ഒരു പതിവ് അയാള്‍ക്കുണ്ട്. 

അത്തരമൊരു ചിന്തയിലാണ് ഡാരന്‍ ഹാരിസ് നഗരം ചുറ്റി കറങ്ങാന്‍ തീരുമാനിച്ചത്. ഒടുവില്‍ ആളൊഴിഞ്ഞ കമ്പനിയില്‍ എത്തിയ അദ്ദേഹം അവിടെ ഒരു സ്വിച്ച് ബോര്‍ഡും കുറച്ച് ഇലക്ട്രിക്ക് ലൈനുകളും കിടക്കുന്നത് കണ്ടു. പൊളിക്കാന്‍ ഇട്ടിരിക്കുകയായിരുന്നു കെട്ടിടം. അതുകൊണ്ട് തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കയാണ് എന്ന് അദ്ദേഹം കരുതി. 

വൈദ്യുതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചെമ്പ് കമ്പിയില്‍ അയാള്‍ അറിയാതെ തൊട്ടു. എന്നാല്‍ അതില്‍ 11,000 വോള്‍ട്ട് കറന്റ് ഉണ്ടായിരുന്നു. ഷോക്കേറ്റതും അദ്ദേഹം ദൂരേയ്ക്ക് തെറിച്ച് വീണു. താന്‍ മരിക്കുകയാണെന് ഡാരന്‍ ഉറപ്പിച്ചു. പിന്നീട് കുറച്ച് നേരത്തേയ്ക്ക് അദ്ദേഹം ബോധരഹിതനായി. താന്‍ മരിച്ച നിലയില്‍ തറയില്‍ കിടക്കുകയായിരുന്നുവെന്ന് ഡാരന്‍ പറയുന്നു. എന്നാല്‍ എങ്ങനെയെന്ന് അറിയില്ല, കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം ബോധം തെളിഞ്ഞു.

കണ്ണ് തുറന്ന് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മുഴുവന്‍ തീപടര്‍ന്നിരുന്നു. അദ്ദേഹം ഒരു അഗ്‌നിഗോളമായി മാറിയിരുന്നു. ഒടുവില്‍ പ്രാണരക്ഷാര്‍ത്ഥം ഓടി എങ്ങനെയോ വഴിയില്‍ എത്തി. റോഡില്‍ കണ്ട ഒരു ആംബുലന്‍സിന് മുന്നില്‍ വീണു. തുടര്‍ന്ന്, ഡാരനെ ബര്‍മിംഗ്ഹാമിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ എത്തിച്ചു. 

അദ്ദേഹത്തിന്റെ കൈത്തണ്ടകള്‍ പൂര്‍ണ്ണമായും നശിച്ചിരുന്നു. അസ്ഥികള്‍ പുറത്ത് കാണാമായിരുന്നു. മുഖം തൂങ്ങിക്കിടക്കുകയായിരുന്നു. കഴുത്തിലെ എല്ലും കാണാമായിരുന്നു. ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് ഓര്‍മ്മ ഇല്ലായിരുന്നു. 27 ദിവസത്തിന് ശേഷമാണ് അദ്ദേഹം കണ്ണ് തുറക്കുന്നത്. അത്രയും ദിവസം അദ്ദേഹം കോമയിലായിരുന്നു. ഒന്നിലധികം അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. സെപ്സിസ് ഉള്‍പ്പടെയുള്ള രോഗാവസ്ഥകളെ അദ്ദേഹം നേരിട്ടു.

പിന്നീട് അതിജീവനത്തിന്റെ കാലമായിരുന്നു. സ്‌കിന്‍ ഗ്രാഫ്റ്റ്, തലച്ചോറില്‍ നിന്നുള്ള സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള ക്രാനിയോട്ടമി, കൃത്രിമ ചര്‍മ്മം തുന്നിപിടിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെ 23 ശസ്ത്രക്രിയകള്‍ വിദഗ്ധര്‍ നടത്തി. ഈ പ്രക്രിയയില്‍ അദ്ദേഹത്തിന്റെ മൂക്കും ചെവിയും മുറിച്ച് മാറ്റേണ്ടി വന്നു. എന്നിട്ടും ഡാരന്‍ ഭാഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. 

കാരണം അത്തരമൊരു സാഹചര്യത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അവര്‍ പറഞ്ഞു. അതേസമയം ശരീരത്തിന് മാത്രമല്ല അദ്ദേഹത്തിന്റെ മനസ്സിനും കൂടിയാണ് പൊള്ളലേറ്റത്. ഡാരന്‍ പിന്നീടുള്ള കുറെക്കാലം വിഷാദാവസ്ഥയിലായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോലും ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം പുറത്ത് വന്നു കൊണ്ടിരിക്കയാണ് അദ്ദേഹം. ഒരു ശസ്ത്രക്രിയയിലൂടെ ചെവി വച്ച് പിടിപിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു, ഇതിനായി അദ്ദേഹം ഗോഫണ്ട്മി എന്ന ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്.

സാധാരണ നിലയിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് ഏകദേശം ഒരു വര്‍ഷമെടുത്തു. അതിന്റെ ആഘാതം ഇന്നും കുറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഇനി ജോലി ചെയ്യാന്‍ സാധിക്കില്ല. കൂടാതെ, മുടിയില്ല, പുരികമില്ല, ഇടതു തള്ളവിരല്‍ ഇല്ല. കൈ ചലിപ്പിക്കാന്‍ സാധിക്കില്ല. മുഖം വികൃതമാണ്. ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും താന്‍ വളരെ നന്ദിയുള്ളവനാണെന്ന് അദ്ദേഹം പറയുന്നു. 

തനിക്ക് ജീവിതത്തില്‍ ഒരു പുനര്‍ജന്‍മം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാനസികമായി തളര്‍ന്ന ആളുകള്‍ക്ക് ഒരു കൈത്താങ്ങായി മാറാനാണ് തന്റെ ഇനിയുള്ള ജീവിതമെന്നും ഡാരന്‍ പറയുന്നു.