സ്ത്രീ കൂടിയായ സ്ഥാപനമേധാവി തന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ശകാരിക്കുകയും കഴിവുകെട്ടവളും ഒന്നിനും കൊള്ളാത്തവളുമായി വിശേഷിപ്പിക്കുകയും ചെയ്തു

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവ്. ഇംഗ്ലണ്ടിലെ എസെക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വീസസിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലിക്ക് കയറിയ 34 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ജോലിയില്‍ കയറി അധികം വൈകാതെ തന്നെ യുവതി ഗര്‍ഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപനമേധാവികള്‍ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് എന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാര്‍ലറ്റ് ലീച്ച് എന്ന യുവതി 2021 മെയ് മാസത്തിലാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ കയറി അധികം വൈകാതെ തന്നെ യുവതി ഗര്‍ഭിണിയായി. മുന്‍പ് നിരവധി തവണ ഗര്‍ഭഛിദ്രം സംഭവിച്ചതിനാല്‍ ഗര്‍ഭാവസ്ഥയിലുള്ള തന്റെ കുഞ്ഞിന്റെ സുരക്ഷയെ കരുതി യുവതി സ്ഥാപനമേധാവികളെ ആരോഗ്യ അവസ്ഥ അറിയിച്ചു. എന്നാല്‍ താന്‍ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായിരുന്നു അവരുടെ പ്രതികരണം എന്നാണ് യുവതി പറയുന്നത്. ഒരു സ്ത്രീയും അമ്മയും കൂടിയായ സ്ഥാപനമേധാവി തന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ശകാരിക്കുകയും കഴിവുകെട്ടവളും ഒന്നിനും കൊള്ളാത്തവളുമായി വിശേഷിപ്പിക്കുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്.


തനിക്ക് പ്രസവാവധി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഷാര്‍ലറ്റ് ലീച്ച് സ്ഥാപന മേധാവിയായ നിക്കോള കാല്‍ഡറെ സമീപിച്ചത്. എന്നാല്‍ യുവതിക്ക് പ്രസവാവധിക്കുള്ള അര്‍ഹതയില്ലന്നും തുടര്‍ന്നും അവരെ കമ്പനിയുടെ ജീവനക്കാരിയായി നിലനിര്‍ത്തുന്നത് കൊണ്ട് കമ്പനിക്ക് പ്രത്യേക ഗുണങ്ങളൊന്നും ഇല്ല എന്നും പറഞ്ഞുകൊണ്ട് നിക്കോള കാല്‍ഡര്‍ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

എന്നാല്‍, തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടരുത് എന്നും അത് തനിക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും കാണിച്ചുകൊണ്ട് ഷാര്‍ലറ്റ് സ്ഥാപനത്തിന്റെ എച്ച് ആര്‍ മേധാവികള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. എന്നാല്‍ അവര്‍ അതു മുഖവിലയ്ക്ക് എടുത്തില്ല എന്ന് മാത്രമല്ല ഷാര്‍ലറ്റ് ജോലിയില്‍ നിന്നും പിരിഞ്ഞു പോകാന്‍ നിര്‍ബന്ധിത ആകുകയും ചെയ്തു. എന്നാല്‍ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ജോലി നഷ്ടപ്പെട്ട ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആ കുഞ്ഞിനെ ഉദരത്തില്‍ വച്ച് തന്നെ അവള്‍ക്ക് നഷ്ടപ്പെട്ടു. 

അധികം വൈകാതെ അവളുടെ പങ്കാളിയും അവളെ ഉപേക്ഷിച്ചു. ഇതോടെ ആകെ തളര്‍ന്നുപോയ ഷാര്‍ലറ്റ് തന്നെ അന്യായമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപന മേധാവികള്‍ക്കെതിരെ കോടതിയില്‍ പരാതി കൊടുക്കുകയായിരുന്നു. ഷാര്‍ലറ്റിനോട് സ്ഥാപനം കാണിച്ച അനീതിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ കോടതി അവള്‍ക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയോളം നല്‍കാന്‍ സ്ഥാപന അധികാരികളോട് ഉത്തരവിടുകയായിരുന്നു.