ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇവർ ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്. ബാക്കി എല്ലാ സമയവും പെപ്പർമിന്റ് ചായ കുടിക്കുകയും ചെയ്യുന്നു. തൽഫലമായി, ഇവരുടെ ഭാരം ഇപ്പോൾ 89 കിലോഗ്രാമിൽ നിന്ന് 57 കിലോഗ്രാമായി കുറഞ്ഞുവെന്നും പറയുന്നു.
വളർത്തു മൃഗങ്ങളെ ഒരുപാട് ഇഷ്ടമുള്ളവർ ആണ് നമ്മിൽ പലരും. എന്നാൽ, യുകെ സ്വദേശിനിയായ ഈ സ്ത്രീയെപ്പോലെ തന്റെ പൂച്ചക്കുട്ടികളെ സ്നേഹിക്കുന്നവർ ആരുമുണ്ടാകില്ല. കാരണം സ്വന്തം ഭക്ഷണം പോലും വേണ്ടന്നു വെച്ചാണ് ഇവർ തന്റെ പൂച്ചകളെ പരിപാലിക്കുന്നത്.
നോർത്ത് ലണ്ടനിൽ നിന്നുള്ള 46 -കാരിയായ യാസെം കപ്താൻ എന്ന സ്ത്രീയാണ് സ്വന്തം ആരോഗ്യം പോലും വിസ്മരിച്ചുകൊണ്ട് തന്റെ പൂച്ചകൾക്കായി ജീവിക്കുന്നത്. ആറ് പൂച്ചകളാണ് കപ്താനുള്ളത്. നന്നേ ചെറുപ്പം മുതൽ തന്നോടൊപ്പമുള്ള പൂച്ചകളെ വിട്ടുപിരിയാൻ മനസില്ലാത്തതുകൊണ്ടാണ് ഇവർ സ്വന്തം ഭക്ഷണത്തിനുള്ള പണം കൂടി പൂച്ചകൾക്ക് ഭക്ഷണം കൊടുക്കാനായി ചിലവഴിച്ച് അവയുടെ സംരക്ഷകയാകുന്നത്. രാജ്യത്ത് ജീവിതച്ചെലവ് വർദ്ധിച്ചതോടെയാണ് തനിക്ക് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ടിവന്നത് എന്നാണ് കപ്താൻ പറയുന്നത്. 'മിറര്‍' ആണ് ഇവരെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇവർ ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്. ബാക്കി എല്ലാ സമയവും പെപ്പർമിന്റ് ചായ കുടിക്കുകയും ചെയ്യുന്നു. തൽഫലമായി, ഇവരുടെ ഭാരം ഇപ്പോൾ 89 കിലോഗ്രാമിൽ നിന്ന് 57 കിലോഗ്രാമായി കുറഞ്ഞുവെന്നും പറയുന്നു. തന്റെ സമ്പാദ്യത്തിലെ ഭൂരിഭാഗം തുകയും ഇവർ ചിലവഴിക്കുന്നത് പൂച്ചകൾക്കുള്ള പാൽ, ബിസ്ക്കറ്റ്, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ വാങ്ങാനും അവയെ പരിചരിക്കാനുമാണ്. തന്റെ ഫോൺ ബില്ലു പോലും അടയ്ക്കാൻ ഇപ്പോൾ പണം തികയാറില്ല എന്നാണ് കപ്താൻ പറയുന്നത്.
ഒരു സ്വകാര്യ ഷോപ്പിലാണ് കപ്താൻ ജോലി ചെയ്തിരുന്നത്. എന്നാൽ 2022 -ൽ അവൾക്ക് എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗമാണന്ന് തിരിച്ചറിഞ്ഞതോടെ ജോലി ഉപേക്ഷിക്കാൻ നിർബന്ധിത ആകുകയായിരുന്നു. ഇപ്പോൾ കൃത്യമായി ഭക്ഷണം കഴിക്കാത്തതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയിട്ടുണ്ടെങ്കിലും തന്റെ പൂച്ചകളെ സംരക്ഷിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.
