സാധാരണയായി പൂച്ചകള്‍ 15 മുതല്‍ 30 വരെ തവണയാണ് ഒരു മിനിറ്റില്‍ ശ്വാസം എടുക്കുക. ഈ പൂച്ചക്കുട്ടി ഒരു മിനിറ്റില്‍ 80 തവണ വരെ ശ്വാസം എടുക്കുന്നുണ്ട് എന്ന് അവള്‍ക്കു മനസ്സിലായി.
പൂച്ചകളെയും നായ്ക്കളെയും ഒക്കെ ഓമനിച്ചു വളര്‍ത്തുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ഇത്തരം ആളുകള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്ത് മൃഗങ്ങള്‍ക്ക് വരുന്ന ചെറിയ അസുഖങ്ങള്‍ പോലും വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതുപോലെ ചിലപ്പോഴെങ്കിലും തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്കും ചികിത്സ നല്‍കാന്‍ പലരും തയ്യാറാകാറുണ്ട്. ഇത്തരത്തില്‍ ഒരാളാണ് യുകെയിലെ സാല്‍ഫോര്‍ഡില്‍ നിന്നുള്ള 23 കാരിയായ അബിഗെയ്ല്‍ ലേക്കര്‍. പ്രിയപ്പെട്ട പൂച്ചക്കുട്ടിക്കായി ഇവര്‍ ചെലവഴിച്ചത് 7 ലക്ഷം രൂപയാണ്.
കഴിഞ്ഞവര്‍ഷമാണ് മൂസ് എന്ന പൂച്ചക്കുട്ടിയെ ഇവര്‍ സ്വന്തമാക്കുന്നത്. മൂസിന് വന്ധ്യകരണം ചെയ്യിക്കാനാണ് അവള്‍ അന്ന് മൃഗ ഡോക്ടറെ കാണാന്‍ പോയത്. ചികിത്സിക്കുന്നതിനിടയില്‍ ഡോക്ടര്‍ അബിഗെയ്‌ലിനോട് പൂച്ചയുടെ ശ്വാസം എടുക്കുന്ന രീതിയില്‍ എന്തോ വ്യത്യാസമുണ്ടെന്ന് സൂചിപ്പിച്ചു. ഇതിനെക്കുറിച്ച് ശ്രദ്ധിക്കണമെന്നു ഡോക്ടര്‍ പറഞ്ഞു.
പിന്നീട് വീട്ടിലെത്തിയ അബിഗെയ്ല്‍ പൂച്ചയെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. പൂച്ചക്കുട്ടി ഒരു മിനിറ്റില്‍ 80 തവണ വരെ ശ്വാസം എടുക്കുന്നുണ്ട് എന്ന് അവള്‍ക്കു മനസ്സിലായി. സാധാരണയായി പൂച്ചകള്‍ 15 മുതല്‍ 30 വരെ തവണയാണ് ഒരു മിനിറ്റില്‍ ശ്വാസം എടുക്കുക എന്ന് അവള്‍ സമീപത്തുള്ള ഒരു മൃഗാശുപത്രിയില്‍ നിന്നും മനസ്സിലാക്കി. തുടര്‍ന്ന് തന്റെ പൂച്ചക്കുട്ടിക്ക് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും രോഗമുണ്ടോ എന്നറിയുന്നതിനായി അവള്‍ ആദ്യം കണ്ട മൃഗഡോക്ടറെ സമീപിച്ചു.
ഡോക്ടര്‍ ഇതുമായി ബന്ധപ്പെട്ട വിവിധ പരിശോധനകള്‍ പൂച്ചയില്‍ നടത്തി. ഇങ്ങനെ പരിശോധനകള്‍ക്കായി അബിഗെയ്ല്‍ ചെലവഴിച്ചത് 7 ലക്ഷത്തോളം രൂപയാണ്. ഒടുവില്‍ പരിശോധന ഫലം വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് പൂച്ചക്ക് പ്രത്യേകിച്ച് രോഗങ്ങള്‍ ഒന്നുമില്ല, അത് ഈ പൂച്ചയുടെ വിചിത്രമായ സ്വഭാവരീതി മാത്രമാണെന്നാണ്.
പൂച്ചക്കുട്ടിക്ക് രോഗം ഒന്നുമില്ല എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും എല്ലാ പരിശോധനകള്‍ക്കും ശേഷം ഡോക്ടര്‍ നടത്തിയ പ്രതികരണം ഏറെ വിചിത്രമായി തോന്നിയെന്നാണ് അബിഗെയ്ല്‍ പറയുന്നത്. വിചിത്ര സ്വഭാവക്കാരനായ തന്റെ പൂച്ചക്കുട്ടിയുടെ ഒരു വീഡിയോക്കൊപ്പം ഇക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് അബിഗെയ്ല്‍ തന്നെയാണ്
