മരണ സർട്ടിഫിക്കറ്റിനൊപ്പം, ഫോഷ് എയർലൈനിന് റീഫണ്ടിന് വേണ്ടിയുള്ള അപേക്ഷയും സമർപ്പിച്ചു. വിമാനക്കമ്പനി അത് സ്വീകരിച്ച് അദ്ദേഹത്തിന്റെ ബാങ്ക് വിശദാംശങ്ങൾ ചോദിച്ചു.

വിമാനക്കമ്പനിയിൽ നിന്നും റീഫണ്ട് കിട്ടാൻ വേണ്ടി മരിച്ചുവെന്ന് വിശ്വസിപ്പിച്ചതായി യൂട്യൂബർ. യുകെ ആസ്ഥാനമായുള്ള യൂട്യൂബറായ മാക്സിമിലിയൻ ആർതർ ഫോഷ് ആണ് 'ഐ ടെക്നിക്കൽ ഡൈഡ്' എന്ന തന്റെ പുതിയ വീഡിയോയിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്. മരിച്ചാൽ റീഫണ്ട് കിട്ടുന്നത് എങ്ങനെ എന്ന് മനസിലാക്കിയതിന് പിന്നാലെയാണ് ഇയാൾ തന്റെ മരണം വ്യാജമായി സൃഷ്ടിച്ചത്.

30 -കാരനായ യൂട്യൂബർ പറയുന്നത്, രണ്ട് മാസം മുമ്പ് താൻ ഒരു ഫ്ലൈറ്റ് ബുക്ക് ചെയ്തു. അന്ന് തനിക്ക് ആ ഫ്ലൈറ്റിന് പോകാൻ കഴിഞ്ഞില്ല. റീഫണ്ടിനായി അപേക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ധാരാളം ആളുകൾ ഉപയോ​ഗിക്കുന്ന ഒരു ലീ​ഗൽ ക്ലോസ് കണ്ടെത്തിയത്. അതിനായി ടെക്നിക്കലി താൻ മരിച്ചു എന്ന് വരുത്തണമായിരുന്നു എന്നാണ്.

അങ്ങനെ യുവാവ് ഇറ്റലിയിലെ അംഗീകാരമില്ലാത്ത ഒരു മൈക്രോനേഷനായ സെബോർഗ പ്രിൻസിപ്പാലിറ്റിയിലേക്ക് പോയി. അവിടെ ചെന്ന ശേഷം പ്രിൻസസ് നീന മെനെഗാറ്റോയിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് വാങ്ങി. ആ നാടിന്‍റെ ചരിത്രത്തെ കുറിച്ച് പഠിക്കാനും വിവരിക്കാനും യൂട്യൂബര്‍ മറന്നില്ല.

YouTube video player

മരണ സർട്ടിഫിക്കറ്റിനൊപ്പം, ഫോഷ് എയർലൈനിന് റീഫണ്ടിന് വേണ്ടിയുള്ള അപേക്ഷയും സമർപ്പിച്ചു. വിമാനക്കമ്പനി അത് സ്വീകരിച്ച് അദ്ദേഹത്തിന്റെ ബാങ്ക് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ, റീഫണ്ടുമായി മുന്നോട്ട് പോകരുത് എന്നും അത് വഞ്ചനയാണ് എന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉപദേശിച്ചത്. അങ്ങനെ റീഫണ്ടുമായി മുന്നോട്ട് പോയില്ല.

തന്റെ ക്രിയേറ്റിവിറ്റിയും വിമാനക്കമ്പനിയുടെ നിയമങ്ങളെ ചലഞ്ച് ചെയ്യുന്നത് എങ്ങനെ എന്ന് കാണിക്കാനുമാണ് ഫോഷ് ഈ വീഡിയോ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ട് കമന്റുകളുമായി എത്തിയത്. £37.28 (4,348.08) ലാഭിക്കാൻ വേണ്ടി ഇത്രയധികം കാര്യങ്ങൾ ചെയ്തതിന് സമ്മതിച്ചു എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. എന്നാലും, ഇത്രയധികം ചെയ്തശേഷം വക്കീലിനോട് സംസാരിക്കാനുള്ള മനസ് കാണിച്ചതാണ് മറ്റ് പലരേയും ചിരിപ്പിച്ചത്.