Asianet News MalayalamAsianet News Malayalam

സ്റ്റാലിന്റെ കാലത്തെ കൂട്ടക്കുരുതി? ഉക്രെയിനിൽ കണ്ടെത്തിയത് ഭീമൻ ശവപ്പറമ്പ്!

1930 -കളിൽ ജോസഫ് സ്റ്റാലിന്റെ അക്രമാസക്തമായ അടിച്ചമർത്തലിനിടെ ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന് ഉക്രേനിയൻ ചരിത്രകാരന്മാർ പറയുന്നു. 

Ukraines stalin era mass grave found
Author
Ukraine, First Published Aug 27, 2021, 4:05 PM IST

ഉക്രെയ്നില്‍ സ്റ്റാലിന്‍ കാലഘട്ടത്തിലെ ഏറ്റവും വലിയ ശവപ്പറമ്പുകളിലൊന്ന് ഗവേഷകർ തിരിച്ചറിഞ്ഞു. തെക്കൻ നഗരമായ ഒഡെസയിലെ 29 ശവകുടീരങ്ങളിൽ 5000 മുതൽ 8,000 വരെ ആളുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 1930 -കളുടെ അവസാനത്തിലേത് എന്ന് കരുതപ്പെടുന്ന ഈ സ്ഥലം ഒരു വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ശ്രദ്ധയില്‍ പെട്ടത്. സോവിയറ്റ് യൂണിയന്റെ ജോസഫ് സ്റ്റാലിന്‍ ഭരണകാലത്ത് ലക്ഷക്കണക്കിന് ഉക്രേനിയക്കാർ മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അതില്‍ പെട്ടതാകാം ഇതെന്ന് ബിബിസി എഴുതുന്നു. 

1930 -കളുടെ അവസാനത്തിലായിരിക്കണം സോവിയറ്റ് രഹസ്യ പൊലീസ് യൂണിറ്റ് ഈയാളുകളെ കൊന്നിരിക്കുകയെന്ന് ഉക്രെയിനിന്‍റെ നാഷണല്‍ മെമ്മറി ഇന്‍സ്റ്റിറ്റിയൂട്ട് പ്രാദേശിക ശാഖയുടെ തലവന്‍ സെര്‍ജി ഗുസ്താല്യുക് എഎഫ്പിയോട് പറഞ്ഞു. എന്നിരുന്നാലും മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഉക്രൈന്‍ഫോം വെബ്സൈറ്റ് പ്രകാരം ഒഡേസയില്‍ സോവിയറ്റ് രഹസ്യ പൊലീസിനാല്‍ 1938 -നും 1941 -നും ഇടയില്‍ 8600 ആളുകളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. 

നാഷണൽ മെമ്മറി ഇൻസ്റ്റിറ്റ്യൂട്ട് തുടക്കത്തിൽ പറഞ്ഞിരുന്നത്, സൈറ്റിൽ വധിക്കപ്പെട്ടവരുടെ എണ്ണം കണക്കാക്കാനാവില്ല, എന്നാൽ ഉക്രെയ്നിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൂട്ടക്കുഴിമാടങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു എന്നാണ്. 

സൈറ്റിന്റെ ചില ഭാഗങ്ങളിൽ ഖനനം പൂർത്തിയായിട്ടില്ലാത്തതിനാൽ, ഇതിനകം കണ്ടെത്തിയതിനേക്കാൾ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട് എന്ന് ഇവിടെ പ്രവർത്തിച്ച ചരിത്രകാരന്മാരിൽ ഒരാളായ അലക്സാണ്ടർ ബാബിച്ച് ഫേസ്ബുക്കിൽ പറഞ്ഞു. അടുത്തുള്ള പ്രദേശങ്ങളില്‍ ഇതുപോലെ വേറെയും ശവപ്പറമ്പുകള്‍ കണ്ടേക്കാം എന്നും അദ്ദേഹം പറയുന്നു. അതൊരു മിലിറ്ററി യൂണിറ്റിന്‍റെ സ്ഥലമാണ്. 

1930 -കളിൽ ജോസഫ് സ്റ്റാലിന്റെ അക്രമാസക്തമായ അടിച്ചമർത്തലിനിടെ ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന് ഉക്രേനിയൻ ചരിത്രകാരന്മാർ അവകാശപ്പെട്ടു. ഒഡെസയിലും ഉക്രെയ്നിലെ മറ്റ് സ്ഥലങ്ങളിലും മറ്റ് കൂട്ടക്കുരുതി നടന്ന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

ഏറ്റവും വലിയ സൈറ്റുകളിലൊന്ന് തലസ്ഥാനമായ കിയെവിന് പുറത്തുള്ള വനമായ ബൈകിവ്‌നിയയിലാണ്. അവിടെ വധശിക്ഷയ്ക്ക് വിധേയരായ 200,000 -ലധികം രാഷ്ട്രീയ തടവുകാരെ അടക്കം ചെയ്തതായി ചില കണക്കുകൾ പറയുന്നുവെന്നും ബിബിസി എഴുതുന്നു. 

1932-1933 വരെയുള്ള സ്റ്റാലിൻ കാലഘട്ടത്തിലെ ക്ഷാമകാലത്ത് ദശലക്ഷക്കണക്കിന് ഉക്രേനിയക്കാരും മരിച്ചു, സോവിയറ്റ് നേതാവ് നടത്തിയ വംശഹത്യയാണ് ഇതെന്ന് ഉക്രെയ്നിലെ ചിലർ വിശ്വസിക്കുന്നു. എന്നാല്‍, റഷ്യ ഇത് നിഷേധിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios