പഴങ്ങൾ, പച്ചക്കറികൾ, ടെക് ​ഗാഡ്ജെറ്റ്സ്, വീട്ടുപകരണങ്ങളടക്കം എന്തും ഇതുപോലെ വീട്ടിൽ കിട്ടുമെന്നും ഇത് ശരിക്കും അടിപൊളിയാണ്, ഇത് തനിക്ക് വളരെ ഇഷ്ടമാണ് എന്നും വിക്ടോറിയ പറയുന്നു.

ഇന്ത്യയിൽ മിനിറ്റുകൾക്കുള്ളിൽ ഓൺലൈനിൽ സാധനങ്ങൾ വീട്ടിലെത്തുന്നതിനെ പുകഴ്ത്തിക്കൊണ്ട് കൊൽക്കത്തയിൽ താമസിക്കുന്ന യുക്രേനിയൻ യുവതിയുടെ പോസ്റ്റ്. ബ്ലിങ്കിറ്റിന്റെ 10 മിനിറ്റിനുള്ളിൽ വീട്ടിൽ സാധനങ്ങൾ എത്തിക്കുന്ന സംവിധാനത്തെയാണ് പ്രധാനമായും യുവതി പുകഴ്ത്തുന്നത്. വിക്ടോറിയ ചക്രവർത്തി എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ബ്ലിങ്കിറ്റിന്റെ ഒരു കവറുമായി നിൽക്കുന്ന വിക്ടോറിയയെയാണ് കാണുന്നത്.

ഇന്ത്യയിലെ ഡെലിവറി സ്പീഡ് അവിശ്വസനീയമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിക്ടോറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ​ഗ്രോസറി മുതൽ മരുന്നുകൾ വരെ നിങ്ങൾക്ക് ആവശ്യമുള്ളതെന്തും വെറും 10 മിനിറ്റിനുള്ളിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തും എന്നും വിക്ടോറിയ പറയുന്നു. തന്റെ യൂറോപ്യൻ സുഹൃത്തുക്കളെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ് ഇന്ത്യയിൽ 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിൽ എത്തുന്ന ഈ സംസ്കാരമെന്നും അവർ വിശദീകരിക്കുന്നു. തന്റെ കയ്യിലിരിക്കുന്ന ഈ പാക്കറ്റും 10 മിനിറ്റിനുള്ളിൽ തനിക്ക് ലഭിച്ചു എന്നാണ് വിക്ടോറിയ പറയുന്നത്.

View post on Instagram

പഴങ്ങൾ, പച്ചക്കറികൾ, ടെക് ​ഗാഡ്ജെറ്റ്സ്, വീട്ടുപകരണങ്ങളടക്കം എന്തും ഇതുപോലെ വീട്ടിൽ കിട്ടുമെന്നും ഇത് ശരിക്കും അടിപൊളിയാണ്, ഇത് തനിക്ക് വളരെ ഇഷ്ടമാണ് എന്നും വിക്ടോറിയ പറയുന്നു. ഇത്രയും പെട്ടെന്ന് സാധനങ്ങൾ വീട്ടുപടിക്കലെത്തുന്ന ഡെലിവറി സംവിധാനത്തെ എത്ര പുകഴ്ത്തിയിട്ടും അവർക്ക് മതിയാവുന്നില്ല. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യയിൽ മാത്രമായിരിക്കും ഇത്ര വേ​ഗത്തിൽ നിങ്ങൾക്ക് ഇത്തരത്തിൽ ഒരു സേവനം കിട്ടുന്നത്, വീട്ടിലെത്തി ബ്ലഡ് ടെസ്റ്റ് വരെ ഇവിടെ നടത്തിത്തരും എന്നായിരുന്നു ഒരാളുടെ കമന്റ്. ഇന്ത്യയിലെ ജനസംഖ്യ കൂടിയതും കൂലി കുറവായതും ഒക്കെ ഇതിന് കാരണമാണ് എന്നും ആളുകൾ കമൻ‌റ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പൊസിറ്റീവായ കാര്യങ്ങൾ പറയുന്നതിന് നന്ദി എന്നാണ് മറ്റ് ചിലർ പറഞ്ഞത്.