സിൻജിയാങ്ങിൽ പീഡനവും നിർബന്ധിത തടവുകളും ഉണ്ട് എന്ന വിവരം വിശ്വസനീയമാണെന്ന് യുഎൻ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. മേഖലയിൽ നടക്കുന്ന കാര്യങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.
സിൻജിയാങ് മേഖലയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന എല്ലാ ഉയ്ഗറുകളെയും മറ്റ് മുസ്ലീം സമുദായങ്ങളെയും വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് ചൈനയോട് ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് യുഎൻ ചൈനയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു ദശലക്ഷത്തിലധികം ഉയ്ഗറുകളെ നിർബന്ധിത തടങ്കലിൽ പാർപ്പിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഏജൻസി പുറത്തുവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു ആവശ്യം യുഎൻ ഉന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്.

ആഗസ്റ്റ് 31-ന് യുഎൻ മനുഷ്യാവകാശ മേധാവിയായ മിഷേൽ ബാച്ചലെറ്റ് സ്ഥാനമൊഴിയുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് എന്നതും ശ്രദ്ധേയം. ഓഫീസിലെ തന്റെ നാല് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ചൈനയും ബാച്ചലെറ്റും തമ്മിൽ നിരവധി ആശയവിനിമയങ്ങൾ നടന്നിരുന്നു എന്ന് ഏജൻസി വക്താവ് രവീന ഷംദസാനി പറയുന്നു. ചൈനയുമായുള്ള ആശയവിനിമയം തുടരും എന്നും രവീന ഷംദസാനി പറഞ്ഞു.
സിൻജിയാങ്ങിൽ പീഡനവും നിർബന്ധിത തടവുകളും ഉണ്ട് എന്ന വിവരം വിശ്വസനീയമാണെന്ന് യുഎൻ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. മേഖലയിൽ നടക്കുന്ന കാര്യങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.

എന്നാൽ, 45 പേജുള്ള റിപ്പോർട്ട് പുറത്തുവിടുന്നതിനെ ചൈന എതിർത്തതും ശ്രദ്ധേയമാണ്. വർഷങ്ങളായി സിൻജിയാങ്ങിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളെ കുറിച്ച് വെളിപ്പെടുത്തുന്ന സ്വതന്ത്ര അഭിഭാഷക ഗ്രൂപ്പുകളുടെയും പത്രപ്രവർത്തകരുടെയും കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ട്. അതേ സമയം പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ സൽപ്പേരിന് കളങ്കം വരുത്താനായി നടത്തുന്ന ശ്രമങ്ങളാണ് ഈ ആരോപണങ്ങളെല്ലാം എന്നതാണ് ചൈനയുടെ നിലപാട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചൈനീസ് സർക്കാർ ദശലക്ഷക്കണക്കിന് ഉയ്ഗൂർ മുസ്ലീങ്ങളെ തടവിലിടുകയും അവരെ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനങ്ങളിലേക്ക് അയക്കുന്നതായും ആരോപണങ്ങളുണ്ട്.
