2022 ല്‍ യൂറോപ്പില്‍ മാത്രം ഉഷ്ണതരംഗം മൂലം 15,700 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 700-ലധികം മരണങ്ങൾ രേഖപ്പെടുത്തി.
മനുഷ്യന് ഇന്ന് ഭൂമുഖത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയില്‍ ഓരോ വര്‍ഷവുമുണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന ഡബ്ല്യുഎംഒയുടെ 2022 ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ആശങ്ക രേഖപ്പെടുത്തിയത് ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രത്തിലെ താപനില റെക്കാര്‍ഡ് ഉയരത്തിലെത്തുമെന്നത് സംബന്ധിച്ചാണ്. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) ഇന്നലെയാണ് ഇത് സംബന്ധിച്ച സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് 2022 റിപ്പോർട്ട് പുറത്ത് വിട്ടത്.
റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള നിരവധി റെക്കോർഡുകൾ തകർത്തു. ലാ നിന പ്രതിഭാസത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും 2022 ലെ ആഗോള താപനില, 1850 മുതല്‍ 1900 വരെയുണ്ടായിരുന്ന ആഗോള താപനിലയേക്കാള്‍ 1.15 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ഏറ്റവും ചൂടുള്ള വര്‍ഷമാണ് കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ റെക്കോര്‍ഡ് ചൂട്, ലോകമെമ്പാടും വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതാപ തരംഗങ്ങൾ എന്നിവയ്ക്ക് കാരണമായി. 2022 ല്‍ യൂറോപ്പില്‍ മാത്രം ഉഷ്ണതരംഗം മൂലം 15,700 പേര്‍ മരിച്ചെന്നും ഡബ്ല്യുഎംഒ റിപ്പോർട്ടിൽ പറയുന്നു.
2022 ല്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ പതിവിലും നേരത്തെ എത്തുകയും വൈകിയാണ് രാജ്യം വിട്ടതും. മണ്‍സൂണിന് മുമ്പ് ഇന്ത്യയിലും പാകിസ്ഥാനിലും വലിയ ചൂടാണ് അനുഭവപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താപനിലയിലെ വര്‍ദ്ധനവ് ഹിമാലയത്തിന് താഴെയുള്ള പര്‍വത സംസ്ഥാനമായ ഉത്തരാഖണ്ഡില്‍ കാട്ടിതീ വര്‍ദ്ധിപ്പിച്ചു. ഇത് കാര്‍ഷിക വിളവില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നതിനും കാരണമായി. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ മൂന്ന് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കഴിഞ്ഞ വര്‍ഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയുൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ എന്നിവ ശക്തമാക്കുമെന്നും മനുഷ്യനെ നേരിട്ട് ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താന്‍ കോടിക്കണക്കിന് ഡോളര്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലും പാക്കിസ്ഥാനിലും 2022-ലെ മൺസൂണിന് മുമ്പുള്ള ഉഷ്ണതരംഗം കാര്‍ഷിക വിളകള്‍ കുറയാൻ കാരണമായി. ഇതിന് പിന്നാലെ യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചും അരി കയറ്റുമതിയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ആഗോള ഭക്ഷ്യലഭ്യതയില്‍ വലിയ വിടവുകളുണ്ടാക്കി. അന്താരാഷ്‌ട്ര ഭക്ഷ്യവിപണികളിലെ പ്രധാന ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറവ് ഇതിനകം ദരിദ്ര രാഷ്ട്രങ്ങളായവയെ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2022 ജൂണിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാരണമായതും കാലാവസ്ഥാ വ്യതിയാനമാണ്. ഈ സീസണിൽ 700-ലധികം മരണങ്ങൾ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. "2022-ൽ, കിഴക്കൻ ആഫ്രിക്കയിലെ തുടർച്ചയായ വരൾച്ച, പാകിസ്ഥാനിലെ റെക്കോർഡ് മഴ, ചൈനയിലും യൂറോപ്പിലും റെക്കോർഡ് സൃഷ്ടിച്ച് ഉഷ്ണതരംഗം എന്നിവ ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിച്ചു, ആഗോള തലത്തില്‍ ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു, കൂട്ട കുടിയേറ്റം വർദ്ധിപ്പിച്ചു, കൂടാതെ കോടിക്കണക്കിന് ഡോളർ നാശനഷ്ടവും ഉണ്ടാക്കി. " ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി താലസ് പറഞ്ഞു.
37,000 അടി ഉയരത്തില്‍, വിമാനത്തില്‍ വച്ച് പാട്ടു പാടി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍ !
