പേര് - കുൽദീപ് സിങ്ങ് സെംഗർ. ഉപജീവനം- രാഷ്ട്രീയപ്രവർത്തനം.  കുൽദീപ് സെംഗറിന് രണ്ടു ജീവിതങ്ങളുണ്ട്. ഒന്ന്, ഒരു രാഷ്ട്രീയ നേതാവിന്റെ, എംഎൽഎയുടെ നിയമാനുസൃത പ്രത്യക്ഷ ജീവിതം. രണ്ട്, ഖനനമാഫിയയും, അപഹരണങ്ങളും മറ്റും അരങ്ങുതകർക്കുന്ന യുപി എന്ന ഹിന്ദി ഹൃദയഭൂമിയുടെ അധോലോകത്തിന്റെ നിയന്ത്രണം കയ്യാളിക്കൊണ്ടുള്ള ഒരു രഹസ്യജീവിതം. 
 
നിയമത്തിന്റെ പുരികക്കൊടികൾ ചുളിയാൻ കാരണമാകുന്ന ഈ അധോലോകബന്ധങ്ങൾ സെംഗർക്ക് തടുക്കാനാവാത്ത വിധം പുറംലോകമറിഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി സെംഗറിനു നേരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ. അതിന്റെ തുടർച്ചയായി ആ പെൺകുട്ടിയുടെ ഉറ്റവർക്കുണ്ടായ ജീവാപായങ്ങളുടെ പേരിൽ.  ആദ്യം ജീവൻ നഷ്ടപ്പെട്ടത് യുവതിയുടെ അച്ഛനായിരുന്നു. എംഎൽഎയുടെ സഹോദരനടക്കമുള്ളവരുടെ ക്രൂരമർദ്ദനങ്ങളേറ്റ്,  ചികിത്സ വേണ്ടിയിരുന്ന ഘട്ടത്തിൽ അതിന് അനുമതി നൽകാതെ, ജയിലിലയച്ച് അവിടെ വെച്ച് മരണപ്പെടുകയായിരുന്നു ആ പെൺകുട്ടിയുടെ അച്ഛൻ. പിന്നീടിതാ, കഴിഞ്ഞ ദിവസമുണ്ടായ ദുരൂഹമായ ഒരു കാറപകടത്തിൽ യുവതിയുടെ രണ്ട് അടുത്ത ബന്ധുക്കളും മരിച്ചു. യുവതിയും വക്കീലും ഗുരുതരമായ പരിക്കുകളോടെ ഐസിയുവിൽ വെന്‍റിലേറ്ററിലാണ്.  നമ്പർ പ്ലേറ്റ് കറുത്ത ഗ്രീസുകൊണ്ട് മറച്ചിരുന്ന ഒരു ട്രക്ക് വന്ന് ഇടിച്ചുകയറുകയായിരുന്നു ഇവർ സഞ്ചരിച്ച കാറിൽ. 

സിനിമകളെ വെല്ലുന്നത്ര നാടകീയമായ സെംഗറുടെ ജീവിതകഥ പറയുമ്പോൾ അതിന് മൂന്നധ്യായങ്ങളുണ്ടാകും. ഒന്ന്, ഇന്നത്തെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ അസ്തിത്വത്തിലേക്കുള്ള വളർച്ച.  രണ്ട്, നാടിനെ പിടിച്ചുകുലുക്കിയ ഒരു കൂട്ടബലാത്സംഗക്കേസിന്റെ വിശദാംശങ്ങൾ. മൂന്ന്, ചുരുങ്ങിയ കാലം കൊണ്ട് ഉന്നാവ് ജില്ലയെ അടക്കിവാഴുന്ന തരത്തിൽ സെംഗർക്കുണ്ടായ വളർച്ചയുടെ അണിയറക്കഥകൾ. 

കുൽദീപ് സിങ്ങ് സെംഗർ എന്ന രാഷ്ട്രീയനേതാവ് 

ആദ്യം തന്നെ, സെംഗറിന്റെ  പാർലമെന്ററി അങ്കങ്ങളെപ്പറ്റി... നാലു തവണ യുപി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സെംഗർ നിലവിൽ ഉന്നാവ് ജില്ലയിലെ ബംഗർമാവു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ആണ്. കൂറുമാറ്റത്തിൽ കാര്യത്തിൽ  സർക്കസിലെ  ട്രപ്പീസ് കളിക്കാരന്റെ മെയ്‌വഴക്കമാണ് സെംഗറിന്. ആദ്യം ചേർന്നുപ്രവർത്തിച്ച കോൺഗ്രസ് പാർട്ടി അധികം താമസിയാതെ അദ്ദേഹം ഉപേക്ഷിച്ചു. 2002 -ൽ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ ടിക്കറ്റിൽ ഉന്നാവ് സദർ മണ്ഡലത്തിൽ നിന്നും ജയിച്ചുകേറിക്കൊണ്ടാണ് നിയമസഭയിലെ  സെംഗറിന്റെ അരങ്ങേറ്റം. യുപിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ബിഎസ്‍പി ആ സീറ്റിൽ ഒരാളെ നിർത്തി ജയിക്കുന്നത്. പിന്നീട്, സമാജ്  വാദി പാർട്ടി ടിക്കറ്റിൽ രണ്ടുവട്ടം എംഎൽഎ ആയി. അവസാനമായി 2017 -ൽ ബംഗർമാവുവിൽ നിന്നുള്ള എംഎൽഎ.  സംഗതി ക്ലീനാണ്. ഒരിടത്തും ഒരാൾക്കും ഒരു കളങ്കവും സെംഗറുടെ മേൽ ചാർത്താനായിട്ടില്ല. 

കൈവിട്ടുപോയ ഒരു കളി 

അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ തന്റെ സ്ഥാനമുറപ്പിക്കാൻ എന്തുമാർഗ്ഗങ്ങളും സ്വീകരിക്കാൻ മടികാണിക്കാതിരുന്നിട്ടും സെംഗറിന്റെ നിലനിൽപ്പിനെ അതൊന്നും തന്നെ  ബാധിച്ചിരുന്നില്ല. സംഗതികൾ പാളിപ്പോകുന്നത് ഒരു പതിനേഴുകാരിയുടെ ദൃഢനിശ്ചയത്തിനു മുന്നിലാണ്. 2017 ജൂൺ 4 -ന്, മറ്റൊരു സ്ത്രീയോടൊപ്പം ജോലിയുടെ ഒരാവശ്യത്തിനുവേണ്ടി ചെന്നതാണ് പെൺകുട്ടി. പെൺകുട്ടിയും, എംഎൽഎയും ഒരേ ഗ്രാമക്കാരായിരുന്നു, മാഖീ ഗാവ്. അവിടെവെച്ച് കുൽദീപ് സിങ്ങ് സെംഗർ എംഎൽഎയും അദ്ദേഹത്തിന്റെ സഹോദരൻ അതുലും കൂട്ടാളികളും ചേർന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു എന്നാണ് കേസ്. ദിവസങ്ങളോളം പെണ്‍കുട്ടി അവിടെ വെച്ചും മറ്റുപലയിടങ്ങളിൽ കൊണ്ടുചെന്നും പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നു.  ദിവസങ്ങൾക്കു ശേഷം ഒരു അവസരം കിട്ടിയപ്പോൾ ആ പെൺകുട്ടി അവിടെനിന്നും ഇറങ്ങിയോടി നേരെ മാഖീ പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി  കൊടുക്കുകയായിരുന്നു. എന്നാൽ, മാഖീ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ, സെംഗറിനെതിരെ എഫ്‌ഐആർ ഇടാൻ വിസമ്മതിച്ചു. പിന്നീട്, ഇതേ ആവശ്യവുമായി പെണ്‍കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു. അവിടെയും പക്ഷേ അവള്‍ക്ക് നീതി കിട്ടിയില്ല. 

എന്നാൽ, അധികം താമസിയാതെ സംഗതി മാധ്യമങ്ങളുടെ ശ്രദ്ധയിൽ  വരികയും, റിപ്പോർട്ടുകളെത്തുടർന്ന് പ്രദേശവാസികളായ മൂന്നുപേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, സെംഗറിന്റെയോ, സഹോദരൻ അതുലിന്റെയോ കുറ്റകൃത്യത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെയോ ഒന്നും പേര് ആ എഫ്‌ഐആറിൽ ഉണ്ടായിരുന്നില്ല. വന്നതോ, സെംഗറിന്റെ  എതിരാളികളായ മൂന്ന് യുവാക്കളുടെ  പേരും. മാഖീ ഗാവ് നിവാസികളായ ശുഭം സിങ്ങ്, അയാളുടെ ഡ്രൈവർ നരേഷ് തിവാരി, ബ്രിജേഷ് യാദവ് എന്നു പേരുള്ള മൂന്നാമതൊരാൾ.  എന്നാൽ, അവർ ആ കുറ്റത്തിൽ  നിരപരാധികൾ ആയിരുന്നതിനാൽ തന്നെ, കോടതിയിൽ അവർക്ക് നിഷ്പ്രയാസം  ജാമ്യം കിട്ടി. 

ശുഭം സിങ്ങിന്റെ  അമ്മ, തന്റെ നിരപരാധിയായ മകനെ ബലാത്സംഗക്കേസിന് ജയിലിലയച്ചതിന്റെ പക തീർക്കാൻ, ഈ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും പ്രതിചേർത്ത് ഒരു ക്രോസ്സ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യിച്ചു പൊലീസ് സ്റ്റേഷനിൽ. ഇരുവരും ചേർന്ന് ആ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്നതായിരുന്നു ആരോപണം. യുപിയിലെ ഗ്രാമങ്ങളിൽ ഒരു ബലാത്സംഗക്കേസുണ്ടായാൽ, അതിന്റെ തുടർച്ചയായി ഇത്തരത്തിൽ ഇരയാകുന്ന പെൺകുട്ടിയുടെ ബന്ധുക്കൾക്ക് നേരെ ക്രോസ്സ് എഫ്ഐആറുകൾ പതിവാണ്. ഇങ്ങനെ വരുന്ന പരാതികൾ വ്യാജമാണ് എന്ന് ഏറെക്കുറെ പൊലീസിനും  അറിവുള്ളതാണ്. എന്നിട്ടും, അവരെ ഇരുവരെയും ജയിലിലടച്ചു. അധികം താമസിയാതെ ഇരുവർക്കും ജാമ്യവും കിട്ടി. 
 
അതോടെ സംഗതി ഏറെക്കുറെ  ശാന്തമായി. അടുത്ത ഒരു വർഷം പെണ്‍കുട്ടിയും പിതാവും കോടതികൾ കയറിയിറങ്ങുകയാണ്. നീതിയുടെ ഒരു വാതിൽ അടയുമ്പോൾ, അടുത്ത വാതിലിൽ പരാതിയുമായി ചെല്ലുകയാണ്.

അച്ഛനേറ്റ ക്രൂരമർദ്ദനം, പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം,  അച്ഛന്റെ മരണം

അതിനിടയിൽ, 2018  ഏപ്രിൽ 3 -ന്   പട്ടണത്തിൽ ഏതോ ആവശ്യത്തിനായി പോയി തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ എംഎൽഎയുടെ സഹോദരൻ അതുലും സംഘവും ചേർന്ന് തടുത്തു നിർത്തുന്നു.  തനിക്കും, സഹോദരനും എതിരെ നൽകിയ പരാതി പിൻവലിക്കണം എന്നും ഇനി പ്രശ്നങ്ങൾക്കൊന്നും മുതിരരുത് എന്നുമായിരുന്നു അവരുടെ ആവശ്യം. ആദ്യമാദ്യം അനുനയത്തിന്റെ ഭാഷയിൽ തുടങ്ങിയ സംഭാഷണം പിന്നാലെ ഭീഷണിക്ക് വഴിമാറി. അവർക്ക് വഴങ്ങാതെ തന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയ ആ വൃദ്ധനെ അവർ അവിടെ പൊതുനിരത്തിലിട്ട് മർദ്ദിക്കുന്നു.  മർദ്ദനം തുടങ്ങി അഞ്ചുമിനിട്ടിനകം പോലീസ് സ്ഥലത്തെത്തി എങ്കിലും, അവർ ഇടപെടാതെ കാഴ്ചക്കാരായി നിന്നു. ഈ സംഭവത്തിന്റെ മൊബൈൽ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ  പ്രചരിപ്പിക്കപ്പെട്ടിരുന്നു.  അടികൊണ്ട് പെണ്‍കുട്ടിയുടെ അച്ഛന്റെ പുറത്തെ തൊലി പലയിടങ്ങളിലും ഇളകിപ്പോയതായി ചിത്രങ്ങളിൽ വ്യക്തമായി കാണാം. എങ്കിലും, കേസ് വന്നപ്പോൾ എഫ്‌ഐആറിൽ വീണ്ടും എംഎൽഎയുടെ സഹോദരന്റെ പേരുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഗുണ്ടാസംഘത്തിലെ  ചില സ്ഥിരം ക്രിമിനലുകളുടെ മേൽ പ്രഹസനമെന്നോണം ആ കുറ്റം ചാർത്തപ്പെട്ടു. 

ആ കേസിനും ഒരു ക്രോസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു. എംഎൽഎയുടെ സഹോദരന്റെ പരാതിപ്രകാരം, പെണ്‍കുട്ടിയുടെ അച്ഛന്റെ പേർക്ക് ആംസ് ആക്റ്റ് പ്രകാരം ആക്രമണം നടത്തി എന്ന കുറ്റത്തിന് കേസെടുക്കപ്പെട്ടു. ഒരാളെ അടിച്ച് അവശനിലയിൽ  ആക്കുക. എന്നിട്ട് അയാൾക്കെതിരെ തന്നെ സായുധാക്രമണത്തിന്കേസെടുക്കുക. അതാണ് അവിടെ  നടന്നത്.

പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ അന്നുതന്നെ അറസ്റ്റുചെയ്യുന്നു. ജയിലിലേക്കയക്കും മുമ്പ് അവിടത്തെ സർക്കാർ ആശുപത്രിയിലെ ഡോക്ടറെക്കൊണ്ട് അയാളുടെ മെഡിക്കൽ എടുക്കുന്നു. തീരെ സാരമല്ലാത്ത ചില പരിക്കുകൾ ഉണ്ടെന്ന് അലസമായി പരാമർശിച്ചുകൊണ്ട് അയാളെ ജയിലേക്ക് പറഞ്ഞയക്കാനുള്ള അനുമതി സർക്കാർ ആശുപത്രിയിലെ ആ ഡോക്ടർ  നൽകുന്നു. ഇത് ഏപ്രിൽ ഏഴാം തീയതി വൈകുന്നേരത്തോടെയാണ്. 
 
അടുത്ത ദിവസം... 
അതായത്, ഏപ്രിൽ  എട്ടാം തീയതി പകൽ യുവതി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  ഔദ്യോഗികവസതിക്കു മുന്നിൽ ചെന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നു. അവരെ   സുരക്ഷാ ജീവനക്കാർ ഇടപെട്ട് അതിൽ നിന്നും തടയുന്നു. അറസ്റ്റുചെയ്തു നീക്കുന്നു. എന്നാൽ, പെണ്‍കുട്ടിയുടെ അച്ഛന് അന്നേ ദിവസം രാത്രി  ജയിലിൽ വെച്ച്  വയറുവേദന അനുഭവപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പുലർച്ചയോടെ മരിക്കുന്നു.

 

എംഎൽഎയുടെ രക്ഷയ്ക്കായി എത്തിയ പലരും പെണ്‍കുട്ടിയുടെ അച്ഛന്റെ പേരിലുള്ള നിരവധി പൊലീസ് കേസുകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സ്വഭാവഹത്യ നടത്തി, കേസിനെ ലഘൂകരിക്കാനുള്ള പരിശ്രമങ്ങൾ തുടർന്നു.  കൊള്ള, കൊല, കൊലപാതകശ്രമം, മോഷണം തുടങ്ങിയ പല വകുപ്പുകളിലായി 1991  മുതൽ അന്നോളം പല പൊലീസ് സ്റ്റേഷനുകളിലായി, മരിച്ചയാളിന്റെ പേരിൽ 28  ക്രിമിനൽ കേസുകളുണ്ട് എന്നവർ വാദിച്ചു. തന്നെ ഈ കേസിൽ കുടുക്കിയതാണ് എന്ന് എംഎൽഎയും വാദിച്ചു. താൻ ഇതൊന്നും അറിഞ്ഞതല്ലെന്നും, തനിക്ക് ദുഷ്പേരുണ്ടാക്കാൻ മനഃപൂർവം നടത്തുന്ന ഗൂഢാലോചനയാണിത് എന്നുമായിരുന്നു എംഎൽഎയുടെ വാദം. കുറ്റം ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടും എന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസ്താവനയിറക്കി. 

പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മാഹുതിക്ക് ശ്രമിക്കും വരെ, അതിന്റെ അടുത്ത ദിവസം അവരുടെ അച്ഛൻ ജയിലിൽ  മരിച്ചുപോകും വരെ ഇത് യുപി പോലൊരു സംസ്ഥാനത്ത് നിത്യേന റിപ്പോർട്ടു ചെയ്യപ്പെടുന്ന സാധാരണമായ ഒരു ബലാത്സംഗക്കേസു  മാത്രമായിരുന്നു. അതിന് ദേശീയ ശ്രദ്ധ കിട്ടിയിരുന്നില്ല. എന്നാൽ, ആ സംഭവങ്ങളോടെ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് ഉയർന്നു. 

ആരെയും അസൂയപ്പെടുത്തുന്ന വളർച്ചയുടെ അണിയറക്കഥകൾ 

ഇനി, കുൽദീപ് സിങ്ങ്  സെംഗറിന്റെ രാഷ്ട്രീയത്തിലെ ആരെയും മോഹിപ്പിക്കുന്ന വളർച്ചയുടെ നാൾവഴികളിലേക്ക്...
മാഖീ ഗാവ് ഉന്നാവ് ജില്ലയിലെ വലിയൊരു പഞ്ചായത്താണ്. പതിനായിരത്തിലധികം വോട്ടർമാരുണ്ടിവിടെ. ഫത്തേപൂരിൽ കഴിഞ്ഞു പോന്നിരുന്ന  സെംഗർ, മാഖീ ഗാവിലെത്തുന്നത്, തന്റെ പൈതൃകസ്വത്തിന്റെ വിഹിതമായി ഇവിടെ വലിയൊരു പുരയിടം സ്വന്തമാകുന്നതോടെയാണ്. അങ്ങനെ താമസം അങ്ങോട്ടുമാറ്റി. അവിടെ കൃഷിയും കച്ചവടവും മറ്റും പച്ചപിടിച്ച്, സ്വാധീനമൊക്കെ കൂടിവന്നപ്പോഴാണ് സെംഗറിന് ആദ്യമായി രാഷ്ട്രീയത്തിൽ മോഹമുദിക്കുന്നത്. അങ്ങനെ, സെംഗർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുന്നു. പഞ്ചായത്തുതലത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്തി സാമാന്യം പേരൊക്കെ നേടിയ ശേഷമാണ്, അദ്ദേഹം അവിടത്തെ കോൺഗ്രസിന്റെ അറിയപ്പെടുന്ന നേതാവായിരുന്ന ഡോ. ഗംഗാബക്ഷ് സിങ്ങിനെ ചെന്നുകണ്ട് അദ്ദേഹത്തിന്റെ പാളയത്തിലേക്ക് പ്രവേശനം നേടുന്നത്. മായാവതിയുമായി സഖ്യമുണ്ടാക്കിയപ്പോൾ ഉണ്ടായ ചില പ്രശ്നങ്ങളെത്തുടർന്ന് കോൺഗ്രസിൽ ഒരുഭാഗം കല്യാൺ സിംഗിന്റെ കൂടെ ലോക് താന്ത്രിക് കോൺഗ്രസ് എന്നപേരിൽ പാർട്ടി രൂപീകരിച്ച് വീണ്ടും അധികാരത്തിന്റെ ഭാഗമായി നിന്നിരുന്നു. അതിൽപെട്ട നേതാവും, മന്ത്രിയും ഒക്കെ ആയിരുന്നു  ഡോ. ഗംഗാബക്ഷ് സിങ്ങ്. അദ്ദേഹത്തിന്റെ വിശ്വസ്തനായി അധികം താമസിയാതെ  സെംഗർ മാറി. 

2001-02  ഒക്കെ ആയപ്പോഴേക്കും  സെംഗറിന് ഒരു കാര്യം മനസ്സിലായി. ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. ഏത് വിധേനയും എംഎൽഎ ആയില്ലെങ്കിൽ കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാവില്ല. അങ്ങനെ ആദ്യത്തെ കൂറുമാറ്റം. 2002 -ൽ നേരെ ബെഹൻജി മായാവതിയെ ചെന്ന് കണ്ടു. ആവശ്യം അറിയിച്ചു. മായാവതിയാണെങ്കിൽ വർഷങ്ങളായി പാർട്ടിക്ക് പിടി തരാതെ വഴുതിമാറിക്കൊണ്ടിരുന്ന ഉന്നാവ് സദർ മണ്ഡലത്തിലേക്ക് ഒരു ചാവേറിനെ തേടിക്കൊണ്ടിരുന്ന കാലം. അവർ നേരെ ആ സീറ്റ്  സെംഗറിന് വെച്ചുനീട്ടി. അദ്ദേഹം അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. 

എന്നാൽ, അധികം താമസിയാതെ ബിഎസ്‍പിക്ക് സംസ്ഥാനത്ത് അധികാരം നഷ്ടമായി. മുലായം സിങ്ങ് അധികാരത്തിലെത്തി. അതിനു പിന്നാലെ  സെംഗറിന്റെ മേൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ  മായാവതി പാർട്ടിയിൽ നിന്നും പുറത്താക്കി.  സെംഗറിനെ ബംഗർമാവുവിൽ നിന്നും എസ്‍പി സ്ഥാനാർത്ഥിയാക്കി. രണ്ടായിരം വോട്ടിന് അദ്ദേഹം ജയിച്ചുകേറി. അടുത്തവട്ടം ഭഗവന്ത് നഗറിൽ നിന്നും.  അതിനിടയിൽ അവിടെയും പടലപ്പിണക്കങ്ങൾ തുടങ്ങി. യുവാക്കളുടെ ഒരു സംഘം എസ്‍പിയിൽ  സെംഗറിനെതിരെ പടയൊരുക്കം തുടങ്ങി.  

2017 ആയപ്പോഴേക്കും സെംഗർ വീണ്ടും പാളയം വിട്ടു. ഇത്തവണ ബിജെപിയിലേക്കായിരുന്നു ചാട്ടം, അതും തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ്.  ഇത്തവണ,  ഭഗവന്ത്‌ നഗറിൽ നിന്നും മത്സരിക്കാനുള്ള ധൈര്യം കുൽദീപ്  സെംഗറിനുണ്ടായില്ല. വീണ്ടും ബംഗർമാവുവിൽ നിന്നും  മത്സരിച്ചു ജയിച്ചു. 

സെംഗറിന്റെ  ക്രിമിനൽ സംഘങ്ങൾ 

യുപിയിൽ രാഷ്ട്രീയനേതാക്കളും കുറ്റവാളികളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പൊതുവെ പറയപ്പെടുന്നത്.  കുൽദീപ്  സെംഗർ എന്ന രാഷ്ട്രീയ നേതാവ് തന്റെ  പ്രതിച്ഛായ തീർത്തും നിർമ്മലമാണ് എന്നവകാശപെടുന്നത് ഒരു പരിധിവരെ ശരിയാണ്. കാരണം, യുപിയിലെ ഒരു കോടതിയും ഇന്നേവരെ ഒരു കേസിലും  സെംഗറിനെ ശിക്ഷിച്ചിട്ടില്ല. എന്നാൽ, ഉന്നാവിലെ പത്രപ്രവർത്തക-പൊലീസ്-വൃത്തങ്ങളിൽ അദ്ദേഹത്തിന്റെ എല്ലാത്തരത്തിലുള്ള അക്രമപ്രവർത്തനങ്ങളുടെയും മുഖമായ സ്വന്തം അനുജൻ അതുൽ അഥവാ ജഗദീപ് സിങ്ങ്  സെംഗറിന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട്. അദ്ദേഹത്തെപ്പറ്റി ഏറെ നാടകീയമായ പല കഥകളുമുണ്ട് അവിടെ. ഉന്നാവിൽ അതുൽ സിങ്ങ്  സെംഗർ വിചാരിക്കാതെ ഒരു ഇല പോലും അനങ്ങില്ല എന്നാണ് പറയപ്പെടുന്നത്. ഏറ്റെടുക്കപ്പെടുന്ന എല്ലാ സർക്കാർ കോൺട്രാക്ടുകളിലും അതുൽ  സെംഗറിന് ഒരു നിശ്ചിത ശതമാനം 'കട്ട്' ഉണ്ടത്രേ. ഇളയ സഹോദരൻ മനോജ് സിങ്ങ്  സെംഗറാണ് കുടുംബത്തിന്റെ പേരിലുള്ള ഹോട്ടലുകൾ നോക്കി നടത്തുന്നത്. പല ഹോട്ടലുകളും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും, പല ക്രിമിനൽ പ്രവർത്തനങ്ങളുടെയും കേന്ദ്രമാണ് ഇവയൊന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

 

ഖനികളിലെ  പ്രവർത്തനങ്ങൾക്കുള്ള കമ്മീഷൻ മുതൽ, ഓട്ടോ സ്റ്റാൻഡുകളില്‍ നിത്യേന നടക്കുന്ന ഗുണ്ടാപ്പിരിവിൽ വരെ  സെംഗർ ഗാങ്ങിന് പങ്കുണ്ടെന്ന്  പറയപ്പെടുന്നു. ഒരിക്കൽ അതുൽ സിങ്ങ്  സെംഗർ  ഉന്നാവ് ജില്ലയിലെ  ഒരു ഡിഎസ്‍പിയെ വെടിവെച്ചു എന്നൊരു കഥയുണ്ട്. വയറ്റിൽ വെടിയുണ്ട തറച്ചുകേറിയ നിലയിൽ അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് കേസ് ഒതുക്കിത്തീർക്കുകയായിരുന്നത്രെ. അതുപോലെ, തനിക്കും സഹോദരന്മാർക്കും എതിരെ വാർത്തയെഴുതിയ ജേർണലിസ്റ്റിന്റെ കാൺപൂരിലെ വീട്ടിൽ ചെന്നുകേറി അദ്ദേഹത്തെയും, അച്ഛനെയും വെടിവെച്ചുവീഴ്ത്തി. ജേർണലിസ്റ്റ് പരിക്കുകളെ അതിജീവിച്ചെങ്കിലും അച്ഛൻ മരണത്തിനു കീഴടങ്ങി. ആ കേസിലും അതുൽ സിങ്  സെംഗർ പ്രതിയാകുകയോ അദ്ദേഹത്തിന് ശിക്ഷ ലഭിക്കുകയോ ഉണ്ടായില്ല.

എന്നാൽ, ഈ ബലാത്സംഗകേസിൽ മാത്രം അവർക്കിരുവർക്കും പതിവുപോലെ കേസ് ഒതുക്കിത്തീർക്കാനോ, രക്ഷപ്പെടാനോ ഒന്നും സാധിച്ചില്ല. പെൺകുട്ടിയുടെ അച്ഛൻ മർദ്ദനമേറ്റു മരിക്കുകയും, പെൺകുട്ടി മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ ചെന്ന് ആത്മാഹുതിക്ക് ശ്രമിക്കുകയും ചെയ്തതോടെ സമ്മർദ്ദത്തിന് വഴങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേസന്വേഷണം സിബിഐക്ക് വിടേണ്ടി വന്നു. സിബിഐ അന്വേഷണത്തിൽ കുൽദീപ് സിങ്ങ് സെംഗാർ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞതോടെ 2018 ഏപ്രിൽ 13 -ന്  അലഹബാദ് ഹൈക്കോടതി എംഎൽഎയെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ടു. അന്നുതന്നെ കുൽദീപ് സെംഗർ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്യപ്പെട്ടു. 2018  ജൂലൈ 11 -ന് എംഎൽഎയെ പ്രതി ചേർത്തുകൊണ്ട് സിബിഐയുടെ ആദ്യ കുറ്റപത്രം വന്നു. പിന്നാലെ, പെൺകുട്ടിയുടെ അച്ഛനെതിരെ കള്ളക്കേസ് ചമച്ചതിന്, കുൽദീപ് സിങ്ങ് സെംഗാർ, സഹോദരൻ അതുൽ, മൂന്നുപോലീസുകാർ, മറ്റ് അഞ്ചുപേർ എന്നിവരെ പ്രതിചേർത്ത്  രണ്ടാമത്തെ കുറ്റപത്രവും. ഇവരൊക്കെയും ജയിലിലാകുന്നു. പുറത്തുള്ള കുൽദീപിന്റെ സഹോദരൻ മനോജ് സിങ്ങ് സെംഗറിൽ നിന്നും വധഭീഷണി കിട്ടിയതായി പെൺകുട്ടിയുടെ പരാതി നിലനിൽക്കെയാണ് ഇപ്പോൾ ഈ വധശ്രമം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  

പലകാരണങ്ങൾ കൊണ്ടും, ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ കാറപകടം ഏറെ ദുരൂഹമാണ്. പെണ്‍കുട്ടിയെ ഇല്ലാതാക്കാനുള്ള മനഃപൂർവമായ ഒരു ശ്രമമായിരുന്നു ഇതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കാൻ '24 X7' നിയോഗിക്കപ്പെട്ടിരുന്ന ഒരു ഗൺമാൻ, രണ്ടു വനിതാ പൊലീസ് കോൺസ്റ്റബിൾ എന്നിവർ ഈ യാത്രയിൽ ഇവരോടൊപ്പം ഉണ്ടായിരുന്നില്ല. 'വണ്ടിയിൽ സ്ഥലം തികയാഞ്ഞതുകൊണ്ട് പെണ്‍കുട്ടി വരേണ്ട എന്ന് പറഞ്ഞു' എന്നാണ് അവരുടെ വാദം. 
 
എന്നാൽ, ഇതേ സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നാണ് എംഎൽഎയുടെ സംഘത്തിന് പെണ്‍കുട്ടി റായ് ബറേലിയിലേക്ക് കാറിൽ യാത്ര പോകുന്നുണ്ടെന്ന വിവരം ചോർന്നു കിട്ടിയത് എന്നൊരു ആരോപണവും ഉയർന്നുവന്നിട്ടുണ്ട്. എന്തായാലും, ഏറെ  ദുരൂഹമായ ഈ കാറപകടത്തെപ്പറ്റിയും, പെണ്‍കുട്ടി ഉന്നയിച്ച ആരോപണങ്ങളെപ്പറ്റിയും ഒക്കെ സിബിഐ അന്വേഷണത്തിന് തയ്യാറാണ് എന്നാണ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് അറിയിച്ചിരിക്കുന്നത്.
 
കാറപകടത്തിൽ യാദൃച്ഛികതകൾ 

യാദൃച്ഛികത 1 : പെണ്‍കുട്ടിക്ക് പ്രൊട്ടക്ഷനായി സർക്കാർ അനുവദിച്ചിരുന്ന ഉന്നാവ് പൊലീസിലെ ഉദ്യോഗസ്ഥർ അപകടം നടന്നപ്പോൾ ആ വാഹനത്തിൽ ഇല്ലായിരുന്നു. 

യാദൃച്ഛികത 2 : അപകടത്തിന് കാരണമായ ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത ഗ്രീസുകൊണ്ട് മറച്ചിരുന്നു. ഇത് ഫൈനാൻസുകാർ വാഹനം പിടിച്ചെടുക്കാതിരിക്കാനാണ് ചെയ്തത് എന്നാണ് വാഹനമുടമ പൊലീസിന് നൽകിയ വിശദീകരണം.

യാദൃച്ഛികത 3 : ട്രക്കിന്റെ ഉടമയും ഡ്രൈവറും ഉന്നാവ് ജില്ലക്കാർ തന്നെയാണ്.  

യാദൃച്ഛികത 4  :  സംഭവസ്ഥലം സന്ദർശിച്ച പൊലീസിന് 'പ്രഥമദൃഷ്ട്യാ' ഒരു കൊലപാതകശ്രമമാണ് എന്ന് തോന്നിയില്ല. ഒരു സാധാരണ വാഹനാപകടമാകാനാണ് സാധ്യതയെന്ന് അവർ പറയുന്നു. 

ഉന്നാവ് കേസിന്റെ നാൾവഴികൾ 

ജൂൺ 4, 2017: കുൽദീപ് സിങ്ങ് സെംഗാറിനെതിരെ ഉന്നാവ് ജില്ലയിലെ മാഖീ ഗാവിൽ നിന്നുള്ള ഒരു പതിനേഴുകാരി പെൺകുട്ടി ബലാത്സംഗാരോപണം ഉന്നയിക്കുന്നു.  

കോടതിയിൽ അടുത്ത ഒരു വർഷത്തോളം എഫ്ഐആർ - ക്രോസ് എഫ്ഐആർ നൂലാമാലകൾ നീളുന്നു. 

ഏപ്രിൽ 3, 2018: പെൺകുട്ടിയുടെ അച്ഛനെ എംഎൽഎയുടെ സഹോദരനും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുന്നു. 

ഏപ്രിൽ 7, 2018: പെൺകുട്ടിയുടെ പരാതിയെ അവഗണിച്ചുകൊണ്ട് അവശനിലയിലുള്ള അച്ഛനെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുന്നു. 

ഏപ്രിൽ 8,  2018:    പെണ്‍കുട്ടി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ആത്മാഹുതിക്ക് ശ്രമിക്കുന്നു. 

ഏപ്രിൽ 9, 2018:  പെൺകുട്ടിയുടെ അച്ഛൻ മർദ്ദനത്തിലേറ്റ പരിക്കുകൾ മൂർച്ഛിച്ച് ജയിലിൽ കഴിയവേ മരണപ്പെടുന്നു. 

ഏപ്രിൽ 10, 2018: പൊലീസ് എംഎൽഎയുടെ നാല് ഗുണ്ടകളെ അറസ്റ്റുചെയ്യുന്നു. പോസ്റ്റ്‌മോർട്ടത്തിൽ പെണ്‍കുട്ടിയുടെ അച്ഛന്റെ ദേഹത്ത് 14 മുറിവുകളുള്ളതായി വെളിപ്പെടുന്നു.

ഏപ്രിൽ 11, 2018: കേസ് സിബിഐക്ക് വിടുന്നു. 

ഏപ്രിൽ  12, 2018:  സിബിഐ അന്വേഷണത്തിൽ കുൽദീപ് സിങ്ങ് സെംഗാർ കുറ്റക്കാരനാണ് എന്ന് തെളിയുന്നു. 

ഏപ്രിൽ 13, 2018: അലഹബാദ് ഹൈക്കോടതി എംഎൽഎയെ അറസ്റ്റുചെയ്യാൻ ഉത്തരവിടുന്നു.

ജൂലൈ 11, 2018: എംഎൽഎയെ പ്രതി ചേർത്തുകൊണ്ട് സിബിഐ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നു. 

ജൂലൈ 13, 2018: എംഎൽഎ, സഹോദരൻ അതുൽ, മൂന്നുപോലീസുകാർ, മറ്റ് അഞ്ചുപേർ എന്നിവരെ പ്രതിചേർത്ത് പെൺകുട്ടിയുടെ അച്ഛനെതിരെ കള്ളക്കേസ് ചമച്ചതിന് രണ്ടാമത്തെ സിബിഐ കുറ്റപത്രം വരുന്നു. 

ഓഗസ്റ്റ് 18, 2018: യൂനുസ് എന്നുപേരായ ബലാത്സംഗക്കേസിലെ ഒരു മുഖ്യ സാക്ഷി ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു. ആരോ വിഷം കൊടുത്തു കൊന്നതാണ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവരുന്നു. 

നവംബർ 21, 2018: പതിനെട്ടു വർഷം പഴക്കമുളള ഒരു വെടിവെപ്പുകേസിൽ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റു ചെയ്യുന്നു. 

ഡിസംബർ 26, 2018: ജനനത്തീയതിയുമായി ബന്ധപ്പെട്ട് കൃത്രിമം നടത്തി എന്നാരോപിച്ച് പൊലീസ് പെൺകുട്ടിയുടെയും അമ്മയുടെയും അമ്മാവന്റെയും പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നു.

ജൂൺ 6, 2019 : ബിജെപിയുടെ പാർലമെന്റംഗമായ സാക്ഷി മഹാരാജ് സീതാപ്പൂർ ജയിലിൽ ചെന്ന് കുൽദീപ് സിങ്ങ് സെംഗറിനെ കാണുന്നു. സന്ദർശനം വിവാദമായപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് എംഎൽഎയുടെ സുഖവിവരം അന്വേഷിക്കാൻ ചെന്നതാണ് എന്നാണ്.

ജൂലൈ 28, 2019: റായ് ബറേലി ജയിലിൽ കിടക്കുന്ന അമ്മാവനെ കാണാൻ പോകും വഴി പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച കാറിലേക്ക് ഒരു ട്രക്ക് ഇടിച്ചു കയറുന്നു. പെൺകുട്ടിയുടെ രണ്ടു ചെറിയമ്മമാർ അപകടത്തിൽ മരിക്കുന്നു. പെൺകുട്ടിയും അഭിഭാഷകനും അതീവഗുരുതരാവസ്ഥയിൽ ഐസിയുവിൽ വെന്റിലേറ്ററിൽ കഴിയുകയാണിപ്പോൾ.