രാജ്യത്ത് എല്ലായിടത്തും പൗരത്വ നിയമഭേദഗതിക്കെതിരെ സമാധാനപരവും അക്രമാസക്തവുമായ സമരങ്ങൾ പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ഭരിക്കുന്ന പാർട്ടിക്കനുസരിച്ച് പ്രതിഷേധങ്ങൾക്കെതിരെ നടപടികളും എടുത്തുവരുന്നുണ്ട്. എന്നാൽ, ഇക്കൂട്ടത്തിൽ വളരെ കർശനമായ നടപടികളുടെ പേരിൽ ഉത്തർപ്രദേശ് സംസ്ഥാനം തുടക്കം മുതൽക്കുതന്നെ വേറിട്ട് നിൽക്കുകയാണ്. സമരത്തിനിടെ പ്രതിഷേധക്കാർ വ്യാപകമായ അക്രമം അഴിച്ചു വിട്ടു എന്നും പൊതുമുതൽ വൻതോതിൽ നശിപ്പിച്ചു എന്നുമാണ് യോഗി സർക്കാരിന്റെ ആക്ഷേപം. 

പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവും എന്നും, അതിനുവേണ്ട നിയമ നടപടികൾ തുടങ്ങിക്കഴിഞ്ഞു എന്നും കുറച്ചു കാലമായി കേൾക്കുന്നു. റിക്കവറി നോട്ടീസുകളും ഇടക്കും മുറയ്ക്കുമായി വന്നുകൊണ്ടിരിക്കുന്നുണ്ട് പ്രദർശനത്തിനിറങ്ങി പിടിക്കപ്പെട്ട പലർക്കും. എന്നാൽ, ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം നടന്നത് രാജ്യത്ത് മറ്റെവിടെയും നടക്കാത്ത ഒന്നായിരുന്നു. ഇങ്ങനെ നഷ്ടപരിഹാരം ഈടാക്കേണ്ടവർ എന്ന് യുപി സർക്കാരിന് തോന്നുന്ന ചിലരുടെ ഫോട്ടോയും അവരുടെ അഡ്രസ്സും അടക്കം ഒരു വമ്പൻ ഫ്ളക്സ് ബോർഡിൽ അടിച്ച് പൊതുസ്ഥലത്ത് പ്രൈം സ്പോട്ടിൽ കൊണ്ടുപോയി സ്ഥാപിച്ചിരിക്കുകയാണ് സർക്കാർ ലഖ്‌നൗവിൽ. ഹസ്രത് ഗഞ്ച്, താക്കൂർഗഞ്ച്, കൈസർബാഗ് അടക്കമുള്ള പല സ്ഥലങ്ങളിലും ഈ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു ബോർഡിൽ ഏകദേശം അറുപതോളം പേരുടെ ഫോട്ടോയും മറ്റുവിവരങ്ങളുമുണ്ട്.

'ഇവർ പൊതുമുതൽ നശിപ്പിച്ചവർ' എന്നൊരു തലക്കെട്ടോടെയാണ് ചിത്രങ്ങൾ ബോർഡിൽ വെച്ചിരിക്കുന്നത്. ഇവർ നഷ്ടപരിഹാരം ഉടനടി അടച്ചില്ലെങ്കിൽ, താമസിയാതെ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും  എന്നൊരു ഭീഷണിയും ബോർഡിൽ തന്നെയുണ്ട്. വീഡിയോ ഫൂട്ടേജ്, സാക്ഷിമൊഴികൾ എന്നിവയുടെ ആധാരത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഈ ഫ്ലെക്സ് ബോർഡുകളിൽ കോൺഗ്രസ് നേതാവ് സദഫ് ജാഫർ, വക്കീൽ മുഹമ്മദ് ഷോയിബ്, തിയേറ്റർ ആർട്ടിസ്റ്റ് ദീപക് കബീർ, റിട്ടയേഡ് ഐപിഎസ് ഓഫീസർ എസ് ആർ ദാരാപുരി തുടങ്ങിയവരുമുണ്ട്. സമരത്തിനിടെ പൊലീസ് പിടികൂടിയ ഇവരെ പിന്നീട് കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. ഇവരിൽ പലരും സംസ്ഥാന ഗവൺമെന്റിനെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്തിട്ടുണ്ട്.

" കേസ് ഇപ്പോഴും കോടതിയിൽ വിചാരണ നടക്കുന്നതേയുള്ളൂ. അതിനിടെ ശിക്ഷ വിധിക്കലും, നഷ്ടപരിഹാരം ഈടാക്കലും ഒക്കെ ഈ ഗവൺമെന്റ് നടത്താൻ പോവുകയാണ്. ഇവർ രാജ്യത്ത് നിലവിലുള്ള നിയമത്തെയോ, ഇവിടത്തെ ഭരണഘടനയെയോ ഒന്നും മാനിക്കുന്നവരല്ല എന്നതിന് വേറെ എന്ത് തെളിവാണ് നിങ്ങൾക്ക് വേണ്ടത്? " സദഫ് ജാഫർ ചോദിച്ചു. "ആളുകളുടെ പടം ഫ്ളക്സിൽ അടിച്ചു വെക്കുന്നതൊക്കെ എന്ത് തോന്നിവാസമാണ്. എന്റെ മക്കൾ ആ വഴിക്ക് സ്‌കൂളിൽ പോകുന്നതാണ്. ഇങ്ങനെ അമ്മയുടെ പടം അടിച്ചു വെച്ചിരിക്കുന്നത് കാണുമ്പൊൾ അവർക്ക് എന്ത് തോന്നും. അവരുടെ കൂട്ടുകാർ അവരെ കളിയാക്കില്ലേ? എന്റെ വീട്ടഡ്രസ് അടക്കം അടിച്ചു വെച്ചിട്ടുണ്ട് ബോർഡിൽ. ഇനി എന്റെയും എന്റെ മക്കളുടെയും സുരക്ഷക്ക് ഇനി ആരുണ്ട് ഗ്യാരന്റി? " അവർ ആശങ്ക പ്രകടിപ്പിച്ചു. 

ഇങ്ങനെ ആളുകളുടെ പടം വെച്ച് വലിയ ഫ്ളക്സ് അടിച്ചു നാട്ടിൽ മുഴുവൻ വെക്കാനുള്ള നിർദേശം വന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിൽ നിന്ന് നേരിട്ടാണ് എന്ന് ബിബിസി പേരുവെളിപ്പെടുത്താനാവാത്ത രഹസ്യ വൃത്തങ്ങളെ ആധാരമാക്കിക്കൊണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. 

ലഖ്‌നൗ ജില്ലാധികാരിയായ അഭിഷേക് പ്രകാശ് പറയുന്നത് ഇങ്ങനെ," നാലു പൊലീസ് സ്റ്റേഷൻ പരിധികളിലായി ആകെ 1,55,62,537 രൂപയുടെ നഷ്ടപരിഹാരമാണ് ഈടാക്കാനുള്ളത്. ഇനിയും ഏതെങ്കിലും വ്യക്തികൾ ഈ നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളാണ് എന്ന് പൊലീസ് തെളിവ് ഹാജരാക്കിയാൽ അവരുടെ പേർക്കും നടപടികൾ ആരംഭിക്കും. മുപ്പതു ദിവസത്തെ നോട്ടീസ് നൽകി, നഷ്ടപരിഹാരത്തുക അടച്ചില്ലെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും"