Asianet News MalayalamAsianet News Malayalam

Sex Trafficking| വിശ്വാസികള്‍ 'ദൈവപുത്രന്‍' എന്നുവിളിക്കുന്ന ബിഷപ്പ് ലൈംഗികപീഡന കേസില്‍ കുടുങ്ങി

നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, ചെറുപ്പക്കാരികളെയും ചെറിയ പെണ്‍കുട്ടികളെയും സെക്‌സ് ട്രാഫിക്കിംഗ് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് സഭയുടെ പരമോന്നത അധ്യക്ഷന് എതിരെ ചുമത്തിയത്. 

US charged Philippine church founder sex trafficking
Author
Manila, First Published Nov 19, 2021, 7:21 PM IST

ഫിലിപ്പീന്‍സ്  (Philippines) ആസ്ഥാനമായി ലോകത്തെ 200 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, 60 ലക്ഷം പേര്‍ അംഗങ്ങളായ  ക്രിസ്തീയ സഭയുടെ സ്ഥാപക ബിഷപ്പിനെതിരെ ലൈംഗിക പീഡന കുറ്റം. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെയുടെ ആത്മീയാചാര്യനും ഉറ്റസുഹൃത്തും ഫിലിപ്പീന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്, ദ നെയിം എബോവ് എവരി നെയിം (Kingdom of Jesus Christ, The Name Above Every Name (KOJC)) എന്ന സഭയുടെ സ്ഥാപക ബിഷപ്പുമായ അപ്പോളോ കാരിയണ്‍ ക്വിബോലോയ്‌ക്കെതിരെയാണ് ( Apollo Carreon Quiboloy) അമേരിക്ക ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയത്. സഭയുടെ അമേരിക്കയിലെ സ്ഥാപനങ്ങളിലും പള്ളികളിലുമായി നടത്തിയ അന്വേഷണങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തിനും സഭയുടെ ഏറ്റവും മുതിര്‍ന്ന രണ്ട് പുരോഹിതരും അടക്കം ഒമ്പത് പേര്‍ക്കെതിരെ ലൈംഗിക പീഡന, സെക്‌സ് റാക്കറ്റിംഗ് കുറ്റം ചുമത്തിയതെന്ന് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

നിരവധി സ്ത്രീകളാണ് ബിഷപ്പ് ക്വിബോലോക്കും സഭയ്ക്കുമെതിരെ ലൈംഗിക പീഡന പരാതികള്‍ നല്‍കിയത്. നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, ചെറുപ്പക്കാരികളെയും ചെറിയ പെണ്‍കുട്ടികളെയും സെക്‌സ് ട്രാഫിക്കിംഗ് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് സഭയുടെ പരമോന്നത അധ്യക്ഷന് എതിരെ ചുമത്തിയത്. സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലിഫോര്‍ണിയ ആസ്ഥാനമായ ചാരിറ്റി സംഘടനയുടെ മറവിലാണ് വ്യാപകമായി പെണ്‍കുട്ടികളെ കടത്തിയതെന്നും അമേരിക്കന്‍ നീതിന്യായ വകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നതായി എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

 

US charged Philippine church founder sex trafficking

 

ഫിലിപ്പീന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഭയുടെ അധ്യക്ഷനായ 71 കാരനായ ഇദ്ദേഹത്തെ സഭാംഗങ്ങള്‍ ദൈവപുത്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇദ്ദേഹത്തിനും മുതിര്‍ന്ന പുരോഹിതര്‍ക്കും ആഡംബര ജീവിതം നയിക്കാനുള്ള വരുമാന മാര്‍ഗം എന്ന നിലയിലാണ് പെണ്‍കുട്ടികളെയും യുവതികളെയും സെക്‌സ് റാക്കറ്റിന് വിറ്റതെന്ന് യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ ലാസ്‌വെഗാസിലും ഹവായിയിലും കൊട്ടാര സദൃശ്യമായ ബംഗ്ലാവുകളുള്ള ക്വിബോലോ 1985-ലാണ് ഈ സഭ സ്ഥാപിച്ചത്. 

12 വയസ്സുള്ള പെണ്‍കുട്ടികള്‍ മുതല്‍ 25 വയസ്സുവരെയുള്ള  സ്ത്രീകളെ വരെ സെക്‌സ് ട്രാഫിക്കിംഗ് നടത്തിയതായാണ് യു എസ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്റെ പേഴസണല്‍ അസിസ്റ്റന്റുമാര്‍ അഥവാ പാസ്റ്ററല്‍മാരായി പെണ്‍കുട്ടികളെയും യുവതികളെയും നിയമിച്ചശേഷമാണ് ലൈംഗിക പീഡനങ്ങള്‍ നടത്തിയത്. ബിഷപ്പിന് ഭക്ഷണം ഉണ്ടാക്കുക, ഔദ്യോഗിക വസതികള്‍ ശുചീകരിക്കുക, മസാജ് നടത്തിക്കുക, രാത്രി കാലങ്ങളില്‍ ബിഷപ്പിന്റെ കിടപ്പറയില്‍ ലൈംഗിക കാര്യങ്ങള്‍ നടത്തുക എന്നിവയായിരുന്നു ഈ സ്ത്രീകള്‍ക്ക് നല്‍കപ്പെട്ട ചുമതലകള്‍. നൈറ്റ് ഡ്യൂട്ടി എന്നായിരുന്നു ബിഷപ്പിനു വേണ്ടിയുള്ള ലൈംഗിക വൃത്തിക്ക് നല്‍കിയിരുന്ന പേര്. സെക്‌സ് ആയിരുന്നു ബിഷപ്പ് ഈ സ്ത്രീകളില്‍നിന്നും പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ഭീഷണി, മര്‍ദ്ദനം, ഗുണ്ടായിസം എന്നിവയൊക്കെ ഇതിനായി ഉപയോഗിച്ചിരുന്നതായി യു എസ് രേഖകളില്‍ പറയുന്നു. പ്രതിഫലമായി ഈ സ്ത്രീകള്‍ക്ക് 'നല്ല ഭക്ഷണം, ആഡംബര ഹോട്ടലുകളില്‍ താമസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍, പെര്‍ഫോമന്‍സിന് അനുസരിച്ചുള്ള ശമ്പളം എന്നിവ നല്‍കി' എന്നും രേഖകള്‍ വ്യക്തമാക്കുന്നു.

 

US charged Philippine church founder sex trafficking

 

16 വര്‍ഷത്തോളം ഇദ്ദേഹവും സഭാ മുഖ്യരും സെക്‌സ് ട്രാഫിക്കിംഗ് നടത്തിയതായി യു എസ് രേഖകളില്‍ പറയുന്നു. കേസില്‍ ഒമ്പത് പേരാണ് മുഖ്യ പ്രതികള്‍. ഇതില്‍ മൂന്ന് പേരെ അമേരിക്കയില്‍ വ്യാഴാഴ്ച അറസ്‌റ്് ചെയ്തിരുന്നു. ബിഷപ്പ് അപ്പോളോ അടക്കമുള്ള മൂന്ന് മുഖ്യ പ്രതികള്‍ ഇപ്പോള്‍ ഫിലിപ്പീന്‍സിലെ ദവാഓ നഗരത്തിലാണുള്ളത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെയുടെ സ്വന്തം നഗരമാണിത്. ഈയിടെ, ബിഷപ്പിന്റെ രാത്രി സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന ദുതേര്‍തെയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബിഷപ്പ് അടക്കമുള്ള പ്രതികളെ കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം വിട്ടുനല്‍കാന്‍ അമേരിക്ക ഫിലിപ്പീന്‍സിനോട് ആവശ്യപ്പെടുമെന്നാണ് വിവരം. 

അതിനിടെ, ബിഷപ്പുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചുള്ള എ എഫ് പി വാര്‍ത്താ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെയുടെ വക്താവ് വിസമ്മതിച്ചു. സഭാ നേതൃത്വവും ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.  

Follow Us:
Download App:
  • android
  • ios