Asianet News MalayalamAsianet News Malayalam

Afghanistan| അത് വെറും അബദ്ധം, ഞങ്ങള്‍ കുറ്റക്കാരല്ല, 10 പേരെ കൊന്ന ഡ്രോണ്‍ ആക്രമണത്തിന് യു എസ് ന്യായീകരണം

കാബൂളില്‍ ഏഴ് കുട്ടികളടക്കം പത്തു പേരെ ആകാശത്തുനിന്നും ബോംബിട്ട് കൊന്നൊടുക്കിയ ഡ്രോണ്‍ ആക്രമണത്തെ ന്യായീകരിച്ച് അമേരിക്ക.
 

US drone strike in Kabul just a mistake says US
Author
Kabul, First Published Nov 4, 2021, 3:39 PM IST

അഫ്ഗാന്‍ (Afghanistan) തലസ്ഥാനമായ കാബൂളില്‍ (Kabul) ഏഴ് കുട്ടികളടക്കം പത്തു പേരെ ആകാശത്തുനിന്നും ബോംബിട്ട് കൊന്നൊടുക്കിയ ഡ്രോണ്‍ ആക്രമണത്തിന്റെ (Drone ATtack) ഉത്തരവാദിത്തത്തില്‍നിന്നും കൈകഴുകി അമേരിക്ക (USA). ആക്രമണം വെറുമൊരു അബദ്ധമായിരുന്നുവെന്നും അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗത്ത് ഒരു കുറ്റവും സംഭവിച്ചില്ലെന്നുമാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്. സംഭവത്തെക്കുറിച്ച് പെന്റഗണ്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് സിവിലിയന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണം യുദ്ധ നിയമങ്ങളുടെ ലംഘനമല്ലെന്ന് വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് ഗുരുതരമായ തെറ്റുപറ്റിയതായും കുടുംബംഗങ്ങള്‍ക്ക് നഷ്പരിഹാരം നല്‍കുമെന്നുമാണ് പ്രാഥമിക അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെ, അമേരിക്ക പറഞ്ഞിരുന്നത്. അതില്‍നിന്നുള്ള മലക്കംമറിയലാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്. 

യു എസ് വ്യോമസേനാ ഇന്‍സ്‌പെക്ടര്‍ ലഫ്. ജനറല്‍ സമി സയിദാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. അമേരിക്കന്‍ സൈന്യത്തെ വെള്ളപൂശുന്നതാണ് റിപ്പോര്‍ട്ട്.  സിവിലിയന്‍മാര്‍ക്ക് നേരെയുണ്ടായ ആക്രമണം യുദ്ധ നിയമങ്ങളുടെ ലംഘനമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡ്രോണ്‍ തകരാറ്, ആക്രമണത്തിന്റെ ലക്ഷ്യസ്ഥാനം സ്ഥിരീകരിക്കുന്നതിലെ അപാകത, ആശയവിനിമത്തില്‍ സംഭവിച്ച തകരാറ് എന്നിവയാണ് സിവിലിയന്‍മാര്‍ കൊല്ലപ്പെടാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുദ്ധനിയമം അടക്കം നിലവിലുള്ള ഒരു നിയമത്തിന്റെയും ലംഘനമല്ല ഇതെന്നും ്രകിമിനല്‍ കുറ്റമായി ഇതിനെ കണക്കാക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

US drone strike in Kabul just a mistake says US

 

ഒരു കുട്ടി കാറിലേക്ക് വരികയും ഇറങ്ങിപ്പോവുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ യുഎസ് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടാതിരുന്നത് കുറ്റമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐസിസുകാരെയാണ് ലക്ഷ്യമിട്ടത് എന്ന വിശ്വാസത്തിലാണ് യു എസ് സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു ടൊയോട്ട കൊറോള കാര്‍ ആക്രമണ ഉദ്ദേശ്യത്തോടെ വരുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് ആക്രമണം നടത്തിയത്.  തൊട്ടുമുമ്പ് കാബൂള്‍ വിമാനത്താവളത്തില്‍ചാവേര്‍ ആക്രമണത്തിനെത്തിയ ഐ എസ് ഭീകരന്‍ ലാപ്‌ടോപ്പ് ബാഗിലാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത്. അതുപോലൊരു ലാപ്‌ടോപ്പ് ബാഗ് ആക്രമണം നടന്ന കാറിനരികെയുള്ള ഒരാളുടെ കൈയിലുണ്ടായിരുന്നു. ''പിന്നെയാണ് അത് സ്‌ഫോടക വസ്തുക്കളല്ല വെറുമൊരു ലാപ്‌ടോപ്പ് ബാഗാണെന്ന് മനസ്സിലായത്' എന്നാണ് പെന്റഗണിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാബൂള്‍ വിമാനത്താവളത്തിനു സമീപം ഓഗസ്റ്റ് 29-നാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്.  തലേന്ന് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം നടത്തിയ ഐ എസ് ഖൊറാസാന്‍ എന്ന ഭീകരസംഘടനയ്ക്കു നേരെയുള്ള പ്രത്യാക്രമണം എന്നാണ് ആദ്യം അമേരിക്ക അതിനെ വിശേഷിപ്പിച്ചത്. കാബൂള്‍ വിമാനത്താവളത്തിലേക്ക് സ്ഫോടക ശേഖരവുമായി വന്ന ഭീകരര്‍ സഞ്ചരിച്ച കാറിനു നേര്‍ക്ക് തങ്ങളുടെ ആളില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണമാണ് അതെന്നായിരുന്നു അമേരിക്കയുടെ പ്രഥമ വിശദീകരണം. വിമാനത്താവളത്തിനു നേര്‍ക്കുള്ള ഭീകരാക്രമണ ശ്രമം ഇല്ലാതാക്കിയെന്നും യു എസ് സൈന്യം അന്ന് അവകാശപ്പെട്ടു.

എന്നാല്‍, കൊല്ലപ്പെട്ടത് ഭീകരരല്ല എന്ന് അല്‍പ്പനേരത്തിനുള്ളില്‍ അറിവായി. അമേരിക്കന്‍ ഏജന്‍സിക്കു വേണ്ടി ജോലി ചെയ്തിരുന്ന സന്നദ്ധ പ്രവര്‍ത്തകനായ സമെയ്‌രി അക്ദമി, അമേരിക്കന്‍ സൈന്യത്തിന്റെ പരിഭാഷകനായിരുന്ന അഹ്മദ് നാസര്‍ എന്നിവരുടെ കുടുംബമാണ് ആകാശത്തുനിന്നും അമേരിക്കന്‍ ഡ്രോണ്‍ താഴത്തേക്കിട്ട ബോംബുകള്‍ പൊട്ടി തല്‍ക്ഷണം മരിച്ചത്. രണ്ടു വയസ്സു മുതല്‍ 12 വയസ്സുവരെയുള്ള ഏഴ് കുട്ടികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു ഈ കുടുംബം. തങ്ങളെ സഹായിച്ചവരെ അമേരിക്കയിലേക്ക് വിസനല്‍കി കൊണ്ടുപോവാനുള്ള യു എസ് പദ്ധതിയില്‍ പെട്ടവരായിരുന്നു ഈ കുടുംബം. യു എസ് വിസ ഇവര്‍ക്ക് ലഭിച്ചിരുന്നു.  ഭൂമിയിലെ ഏതു ലക്ഷ്യസ്ഥാനവും അത്യാധുനിക സംവിധാനത്തോടെ നോട്ടമിട്ട് ആകാശത്തുനിന്നും കിറുകൃത്യം സ്ഫോടനങ്ങളിലൂടെ നശിപ്പിക്കാനാവുമെന്ന അമേരിക്കന്‍ അവകാശവാദം കൂടിയാണ് ഇതോടെ പൊളിഞ്ഞുവീണത്. 

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അതിക്രൂരമായ ആക്രമണമായിരുന്നു അതെന്ന് കൊല്ലപ്പെട്ടവരുടെ ഉറ്റബന്ധുവായ റാമിന്‍ യൂസുഫി പറഞ്ഞു. അമേരിക്കയ്ക്ക വേണ്ടി ജോലി ചെയ്തവരും ആ പിഞ്ചുകുട്ടികളുമാണോ പിന്നെ ഇതിലെ കുറ്റക്കാര്‍ എന്നും റാമിന്‍ ചോദിച്ചു. ''എന്തിനാണ് അവരെന്റെ കുടുംബത്തെ കൊന്നൊടുക്കിയത്? എന്തിനാണ് ഞങ്ങളുടെ കുട്ടികളെ കൊന്നത്? ആളെ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം കത്തിക്കരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍'-റാമിന്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios