ഒരു അല്‍ഷിമേഴ്‌സ് രോഗിയുടെ കണ്ണീരുപുരണ്ട പ്രണയകഥ! 

ഓര്‍മ്മകളെ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരുന്നൊരു കാലം. മറവിയുടെ ഇരുട്ടില്‍ രാവും പകലും ഒലിച്ചു പോകുന്ന അവസ്ഥ. അല്‍ഷിമേഴ്‌സ് എന്ന രോഗം ഓരോ രോഗിക്കും സമ്മാനിക്കുന്ന ഭീതിജനകമായ അനുഭവമാണ് അത്. പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം പോലും അന്യമായി തീരുന്ന സമയം. ആ ശൂന്യതയില്‍ മുങ്ങിത്താഴുന്ന ഒരു മനുഷ്യന്റെ അവസ്ഥ ഊഹിക്കാന്‍ സാധിക്കുമോ? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളില്‍ ഒന്നായിരിക്കും പ്രിയപ്പെട്ടവരെ തിരിച്ചറിയാതാകുന്ന നിമിഷം. 

അല്‍ഷിമേഴ്സ് എന്ന രോഗം ഒരു വ്യക്തിയോട് ചെയ്യുന്ന ക്രൂരത അത് തന്നെയാണ്. വ്യക്തിയുടെ ഓര്‍മ്മകളെ അത് കാര്‍ന്നു തിന്നുന്നു. കാലക്രമേണ അത് നിശ്ശേഷം ഇല്ലാതാക്കുന്നു. കണക്റ്റികറ്റിലെ 56-കാരനായ പീറ്റര്‍ മാര്‍ഷലിനും സംഭവിച്ചത് അതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് അല്‍ഷിമേഴ്സ് ബാധിച്ചത്.

താന്‍ ഇതിനകം വിവാഹിതനാണെന്ന് പീറ്റര്‍ മറന്നു. തന്റെ ജീവനും ലോകവുമായൊരു ഭാര്യ തനിക്കുണ്ടെന്ന് അദ്ദേഹം മറന്നു. അവരുടെ 12 വര്‍ഷത്തെ ജീവിതത്തിലെ പരിഭവങ്ങളും, പ്രണയവും ഓര്‍ത്തെടുക്കാന്‍ അദ്ദേഹം പരാജയപ്പെട്ടു. വിവാഹവും മാറ്റൊര്‍മ്മകളും നഷ്ടപ്പെട്ട അദ്ദേഹത്തിന് പക്ഷേ അവളെ പൂര്‍ണമായും മറക്കാന്‍ സാധിച്ചില്ല. രോഗത്തെ പോലും അതിശയിപ്പിച്ച് കൊണ്ട് അവളെ കുറിച്ചുള്ള ഓര്‍മ്മ അദ്ദേഹത്തിന്റെ മനസ്സില്‍ എങ്ങോ മായാതെ കിടന്നു. 

View post on Instagram

തന്റെ പ്രിയപ്പെട്ട ആരോ ആണവള്‍ എന്നും, തങ്ങളുടെ ഹൃദയം പരസ്പരം കൊരുത്തിരിക്കുന്നുവെന്നും അദ്ദേഹത്തിന് മനസ്സിലായി. ചില സ്‌നേഹബന്ധങ്ങള്‍ അങ്ങനെയാണ്, ചില ആളുകളും. മനസ്സില്‍ നിന്ന് എത്ര പറിച്ചെറിയാന്‍ നോക്കിയാലും വീണ്ടും വളര്‍ന്ന് വരുന്നവ. അവരുടെ ബന്ധവും അങ്ങനെയായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ഒരു ദിവസം ടിവിയില്‍ ഒരു വിവാഹ രംഗം കണ്ടുകൊണ്ടിരിക്കയായിരുന്നു ലിസയും പീറ്ററും. എന്നാല്‍ പെട്ടെന്ന് അവളെ അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം ചോദിച്ചു, നമുക്ക് ഇത് ചെയ്താലോ? ലിസ അമ്പരന്ന് എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹം ടിവി സ്‌ക്രീനിലേക്ക് ചൂണ്ടിക്കാണിച്ചു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ലിസ അദ്ദേഹത്തോട് ചോദിച്ചു. അതിന് മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ അതെ എന്ന് അദ്ദേഹം മറുപടി നല്‍കി. ലിസ തന്റെ ഭാര്യയാണെന്ന് അദ്ദേഹത്തിനറിയില്ലെങ്കിലും, അവളെ തന്റെ പ്രിയപ്പെട്ടവളാക്കാന്‍ അദ്ദേഹത്തിന്റെ ഹൃദയം ആഗ്രഹിച്ചു.

'ഓ ഹലോ അല്‍ഷിമേഴ്സ' എന്ന ഫേസ്ബുക്ക് പേജിലൂടെ മറവിക്കെതിരായ പീറ്ററിന്റെ പോരാട്ടം ലിസ ലോകത്തോട് പങ്കുവയ്ക്കുന്നു. ഈ സംഭവവും അവള്‍ അതില്‍ വിശദീകരിച്ചിരിക്കുന്നു. പ്രണയിച്ച പുരുഷനെ രണ്ട് പ്രാവശ്യം വിവാഹം ചെയ്യാന്‍ സാധിച്ച ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ യുവതിയാണ് താന്‍ എന്ന് അവര്‍ അതില്‍ പറയുന്നു. അങ്ങനെ ആളും ആരവവുമായി അവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. വിവാഹ ക്രമീകരണങ്ങള്‍ എല്ലാം നടത്തിയത് അവരുടെ മകളാണ്. അവള്‍ ഒരു വിവാഹ, ഇവന്റ് പ്ലാനറാണ്. 

അവരുടെ ഈ കഥ കേട്ട് പലരും വിവാഹത്തുനുള്ള കാര്യങ്ങള്‍ സൗജന്യമായി ചെയ്തു കൊടുത്തു. ഒടുവില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഒരിക്കല്‍ കൂടി അവര്‍ വരനും വധുവുമായി. രണ്ടാമത്തെ വിവാഹ ചടങ്ങിനെ മാന്ത്രികമെന്നാണ് ലിസ വിശേഷിപ്പിച്ചത്. അടുത്തകാലത്തൊന്നും പീറ്ററിനെ ഇത്ര സന്തോഷവാനായി കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വിവാഹത്തെ കുറിച്ച് പാടെ മറന്നു. എന്നിരുന്നാലും അവള്‍ക്ക് വിഷമമില്ല. ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കത്തക്ക മനോഹരമായ ഒരു നിമിഷമായിരുന്നു അത്. ഇന്ന് ലിസ തന്റെ ഫേസ്ബുക്ക് പേജില്‍ അല്‍ഷിമേഴ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു, ഒപ്പം അദ്ദേഹത്തിനെ ചേര്‍ത്ത് പിടിച്ച് ഈ യാത്ര തുടരാനും ആഗ്രഹിക്കുന്നു.