മനുഷ്യരാശിയെ രക്ഷിക്കാനുള്ള തന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ മതമെന്ന് അവകാശപ്പെടുന്ന ബ്രയാന്‍ അതിനായി ഒരു ആപ്പും പുറത്തിറക്കിക്കഴിഞ്ഞു.
കൃത്രിമ ബുദ്ധിയുടെ (AI) ദ്രുതഗതിയിലുള്ള വളർച്ചയ്ക്കിടയിൽ മനുഷ്യരാശിയെ രക്ഷിക്കാനായി ഒരു പുതിയ മതം ആരംഭിക്കുകയാണെന്ന് അവകാശപ്പെട്ട് ടെക് കോടീശ്വരൻ ബ്രയാൻ ജോൺസൺ രംഗത്ത്. 'മരിക്കാതിരിക്കുക' എന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്ക് നമ്മൾ സഞ്ചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്‍റെ എക്സ് അക്കൌണ്ടില്‍ എഴുതി. ബയോളജിക്കൽ ഏജിനെ കുറയ്ക്കാനുള്ള പരിശ്രമത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് കാലിഫോർണിയയിൽ നിന്നുള്ള ഈ കോടീശ്വരൻ. തന്‍റെ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി ഓരോ വർഷവും കോടികളാണ് ബ്രയാൻ മുടക്കുന്നത്. മനുഷ്യരാശിയെ രക്ഷിക്കാനുള്ള തന്‍റെ ശ്രമമെന്നാണ് ബ്രയാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്ന ഇദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റ് ഇങ്ങനെയാണ്; "പ്രിയപ്പെട്ട മനുഷ്യരെ, ഞാൻ ഒരു മതം കെട്ടിപ്പടുക്കുകയാണ്. ഒരു നിമിഷം നിൽക്കൂ, നിങ്ങൾ എന്താണ് പറയാൻ പോകുന്നതെന്ന് എനിക്കറിയാം. ആദ്യം, എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കുക: മരണത്തെ അതിജീവിക്കുക എന്നത് ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രത്യയശാസ്ത്രമായി മാറിമാറിക്കഴിഞ്ഞു. അത് മനുഷ്യവർഗത്തെ രക്ഷിക്കുന്നു. നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ ഗംഭീരമായ ഒരു അസ്തിത്വത്തിന് തുടക്കമിടുന്നു. അത് അനിവാര്യമാണ്. ഒരേയൊരു ചോദ്യം മാത്രം, നിങ്ങൾ ഈ ആശയത്തിലേക്ക് വളരെ നേരത്തെ തന്നെ കടന്നു വരാൻ ആഗ്രഹിക്കുന്നവരാണോ അതോ വൈകി വരാൻ ആഗ്രഹിക്കുന്നവരാണോ? കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ അതിനുള്ള ശ്രമത്തിലായിരുന്നു. കൃത്യസമയത്ത് ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക, പോഷകാഹാരം കഴിക്കുക. ശരീരത്തിലെ എല്ലാ അവയവങ്ങളും നിരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. വിഷവസ്തുക്കളെ ഇല്ലാതാക്കുക, സമ്മർദ്ദം കുറയ്ക്കുക, കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കഴിയുക. ഇതൊക്കെയായിരുന്നു ഞാൻ ചെയ്തു വന്നിരുന്നത്. തൽഫലമായി ലോകചരിത്രത്തിൽ തന്നെ ഏറ്റവും പതിയെ പ്രായമാകുന്ന വ്യക്തി ഞാനാണ്. ശാസ്ത്രവും ചില പ്രോട്ടോക്കോളുകളുമാണ് ഇതിന് എന്നെ സഹായിച്ചത്." എന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്'
Read More: ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള 'നഷ്ടപ്പെട്ട സ്വർണ്ണ നഗരം' കണ്ടെത്തി
കുറിപ്പിന്‍റെ അവസാനത്തിൽ ഒരു ലിങ്കും അദ്ദേഹം ചേർത്തിട്ടുണ്ട്. തന്‍റെ ആശയത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരോട് ആ ലിങ്കിൽ ക്ലിക്ക് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 'ഡോണ്ട് ഡൈ' എന്നാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്ന ആപ്പിന് നൽകിയിരിക്കുന്ന പേര് . മരിക്കാൻ ആഗ്രഹിക്കാത്ത പൗരന്മാർ ആകാൻ ആഗ്രഹിക്കുന്നവർ ഈ ആപ്പിലൂടെ പരസ്പരം കണ്ടുമുട്ടി ഒരു കമ്മ്യൂണിറ്റിയായി മാറണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. അങ്ങനെ അതിനെ ഒരു ആഗോള പ്രസ്ഥാനമാക്കി മാറ്റണമെന്നും ബ്രയാൻ ജോൺസൺ ആവശ്യപ്പെടുന്നു. പോസ്റ്റ് വളരെ വേഗത്തിൽ ചർച്ചയായതോടെ നിരവധി ആളുകൾ അദ്ദേഹത്തെ പിന്തുണച്ചു. എന്നാൽ, ഇത്തരം ആശയങ്ങൾ വലിയ വിപത്തിന് കാരണമാകുമെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു. കേർണൽ ഹോൾഡിംഗ് എസ്എയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബ്രയാൻ ജോൺസൺ തന്‍റെ പ്രായം കുറയ്ക്കൽ പദ്ധതിയിലൂടെയാണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. മരിക്കാതിരിക്കുകയാണ് തന്‍റെ ആത്യന്തിക ലക്ഷ്യമായി ഇദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
Read More: ആനകളെ വേട്ടയാടിയ, 3 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന ആദ്യകാല വേട്ടക്കാരന്‍റെ തലയോട്ടി കണ്ടെത്തി
