25 വര്‍ഷമായി മാമോദീസ തെറ്റിച്ചൊല്ലിയ പുരോഹിതന്‍ രാജിവെച്ചു, തങ്ങളുടെ മാമോദീസ അസാധുവായെന്ന ആശങ്കയില്‍ വിശ്വാസികള്‍ 

25 വര്‍ഷമായി മാമോദീസ (baptism) തെറ്റിച്ചൊല്ലിയ പുരോഹിതന്‍ (priest) രാജിവെച്ചു. അരിസോണയിലെ ഫീനിക്‌സ് രൂപതയിലെ (Diocese of Phoenix) റവ. ആന്ദ്രേ അരാന്‍ഗോയാണ് (Reverend Andres Arango) അദ്ദേഹം നടത്തിയ മാമോദീസകള്‍ അസാധുവാണ്് എന്ന് രൂപത പ്രഖ്യാപിച്ചതിനു പിന്നാലെ രാജിവെച്ചത്. അദ്ദേഹം മാമോദീസ ചടങ്ങുകള്‍ നടത്തിയ വിശ്വാസികള്‍ ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. കൂദാശയുടെ സൂക്ഷ്മവും, പ്രധാനപ്പെട്ടതുമായ ഭാഗം അദ്ദേഹം തെറ്റായി ഉച്ചരിച്ചതിനാല്‍, അദ്ദേഹം നടത്തിയ മാമോദീസകള്‍ അസാധുവാണ്് എന്നായിരുന്നു അദ്ദേഹത്തിന്റെ രൂപത പ്രഖ്യാപിച്ചതെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

2005 സെപ്തംബര്‍ മുതല്‍ ഫീനിക്സ് രൂപതയുടെ മൂന്ന് ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള റവ. ആന്ദ്രേ അരാന്‍ഗോയ്ക്കാണ് ഈ അബദ്ധം പിണഞ്ഞത്. 'ഞാന്‍ നിന്നെ സ്‌നാനപ്പെടുത്തുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ശുശ്രുഷ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പുരോഹിതന്‍ 'ഞങ്ങള്‍ നിങ്ങളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിക്കുന്നു' എന്ന് പറഞ്ഞാണ് ആരംഭിച്ചത്. 'ഞാന്‍' എന്നതിന് പകരം 'ഞങ്ങള്‍' എന്ന് പദമാണ് അദ്ദേഹം ഉപയോഗിച്ചത്. ''കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും അത്ര നിസ്സാരമല്ല സംഭവം. കാരണം, കത്തോലിക്ക വിശ്വാസം അനുസരിച്ച്, ഒരു വ്യക്തിയെ സ്‌നാനപ്പെടുത്തുന്നത് സമൂഹമല്ല. മറിച്ച്, ക്രിസ്തുവാണ്. എല്ലാ കൂദാശകള്‍ക്കും നേതൃത്വം നല്‍കുന്നത് ക്രിസ്തു മാത്രമാണ്. അതിനാല്‍ സ്‌നാനം നല്‍കുന്നത് ക്രിസ്തുദേവനാണ്, -''ബിഷപ്പ് തോമസ് ഓംസ്റ്റഡ് പറഞ്ഞു.

''ഞങ്ങള്‍ നിങ്ങളെ സ്‌നാനപ്പെടുത്തുന്നു'' എന്ന വാക്യം അസാധുവാണെന്നും, അത് ഉപയോഗിച്ച് സ്‌നാനമേറ്റ ഏതൊരാളും ശരിയായ രീതിയില്‍ വീണ്ടും മാമോദീസ സ്വീകരിക്കണമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം 2020 ജൂണില്‍ വത്തിക്കാന്‍ പുറപ്പെടുവിച്ചിരുന്നു. 2020 മധ്യത്തോടെയാണ് അദ്ദേഹത്തിന്റെ പിഴവ് സഭ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഫെബ്രുവരി 1 നാണ് അദ്ദേഹം രാജി വയ്ക്കുന്നത്. ഈ കാലത്തിനിടയില്‍ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍നല്‍കിയ എല്ലാ കൂദാശകളും സഭ അസാധുവാക്കിയ സ്ഥിതിയ്ക്ക്, ആയിരക്കണക്കിന് കാത്തോലിക്ക വിശ്വാസികള്‍ക്കാണ് ഇനി വീണ്ടും മാമോദീസ സ്വീകരിക്കേണ്ടി വരിക. കത്തോലിക്കരുടെ വിശ്വാസം അനുസരിച്ച്, മാമോദീസ സ്വീകരിച്ചവര്‍ക്ക് മാത്രമേ മരണശേഷം സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

 അദ്ദേഹത്തിന്റെ കീഴെ മാമ്മോദീസ സ്വീകരിച്ചവരെ രൂപത ഇപ്പോള്‍ തിരയുകയാണ്. ഇതിനായി പള്ളിയുടെ വെബ്സൈറ്റില്‍ ഒരു ചോദ്യോത്തര വിഭാഗം രൂപത ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാമോദീസ മുടങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉപദേശിക്കാനും, ശരിയായ രീതിയില്‍ വീണ്ടും മാമോദീസ സ്വീകരിക്കാന്‍ വിശ്വാസികളെ സഹായിക്കുന്നതിനും വേണ്ടിയിട്ടാണ് ഇത്. 2005-ല്‍ അരിസോണയിലേക്ക് മാറുന്നതിന് മുന്‍പ് അദ്ദേഹം സാന്‍ ഡിഗോയിലും ബ്രസീലിലും സേവനമനുഷ്ഠിച്ചിരുന്നു. അതുകൊണ്ട് തന്നെ അവിടങ്ങളില്‍ അദ്ദേഹത്തിന്റെ മാമോദീസ സ്വീകരിച്ചതായി കരുതുന്ന ആളുകളോടും ഇടവക പുരോഹിതനുമായി സംസാരിക്കാനും, അവരുടെ മാമോദീസ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് വീണ്ടും സ്‌നാനമേല്‍ക്കാനും രൂപത പറഞ്ഞിരിക്കയാണ്.

'ഒരു വൈദികനെന്ന നിലയില്‍ എന്റെ ശുശ്രൂഷയിലുടനീളം തെറ്റായ പദം ഉപയോഗിച്ച് ഞാന്‍ നിരവധി മാമ്മോദീസകള്‍ അസാധുവാക്കി എന്നറിഞ്ഞതില്‍ എനിക്ക് സങ്കടമുണ്ട്. എന്റെ അപരാധം നിരവധി പേരെ ബുദ്ധിമുട്ടിലാക്കി എന്നതിലും ഞാന്‍ ഖേദിക്കുന്നു.' ഫീനിക്സ് രൂപതയുടെ വെബ്സൈറ്റില്‍ റവ. ആന്ദ്രേ അരാന്‍ഗോ കുറിച്ചു. 

എന്നാല്‍ പുരോഹിതന്‍ വിശ്വാസികള്‍ക്കിടയില്‍ പ്രിയപ്പെട്ടവനാണെന്നും, സഭയുടെ കുറഞ്ഞുവരുന്ന അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും സെന്റ് ഗ്രിഗറിയിലെ ഇടവകാംഗമായ ക്രിസ്റ്റീന മൊയ്ഷെ കോളിന്‍സ് പറഞ്ഞു.

അദ്ദേഹത്തിന്റെ അവസാനത്തെ ശുശ്രൂഷ വേളയില്‍, വിശ്വാസികള്‍ അദ്ദേഹത്തിനെ കൈയടിച്ച് യാത്രയാക്കി. അദ്ദേഹത്തിന് നന്ദി പറയാനും പിന്തുണ പ്രകടിപ്പിക്കാനും ബാനറുകളുമായി ആളുകള്‍ പുറത്ത് കാത്തുനിന്നു.