Asianet News MalayalamAsianet News Malayalam

100 ദിവസം വെള്ളത്തിൽ 30 അടി താഴ്ചയിൽ കഴിയാനൊരുങ്ങി പ്രൊഫസർ, വെള്ളത്തിലെ ജീവിതം തുടങ്ങി

ഏറ്റവും അധികം നാളുകൾ വെള്ളത്തിനടിയിൽ ജീവിക്കുന്ന ആളെന്ന നിലയിലുള്ള ലോക റെക്കോർഡും പരീക്ഷണം പൂർത്തിയായാൽ ജോ ഡിതുരിയെ തേടിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

US Professor to live 100 days in 30 ft underwater rlp
Author
First Published Mar 20, 2023, 3:57 PM IST

100 ദിവസം വെള്ളത്തിന്റെ അടിയിൽ കഴിഞ്ഞാൽ എന്ത് സംഭവിക്കും? നമ്മളൊന്നും അത്തരത്തിൽ ഒരു പരീക്ഷണത്തിന് മുതിരില്ല അല്ലേ? എന്നാൽ, സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ ജോ ഡിതുരി അത്തരം ഒരു പരീക്ഷണത്തിന് മുതിർന്നു. മാർച്ച് ഒന്നിനാണ് ജോ വ്യത്യസ്തമായ ഈ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. 100 ദിവസം വെള്ളത്തിൽ 30 അടി താഴ്ചയിലാണ് അദ്ദേഹം കഴിയുക. 

ജോ ഡിതുരി ഡോ. ഡീപ് സീ എന്നും അറിയപ്പെടുന്നു. മൂന്നുമാസക്കാലം വെള്ളത്തിനടിയിൽ ജീവിച്ചു കൊണ്ടുള്ള പരീക്ഷണത്തിനാണ് അദ്ദേഹം മുതിർന്നിരിക്കുന്നത്. ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് മുതിരുന്ന ആദ്യത്തെ ആളാവും അദ്ദേഹം. സമുദ്ര പരിസ്ഥിതികളെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തുന്നതിനായിട്ടാണ്  ജോ ഇങ്ങനെ ഒരു പരീക്ഷണം നടത്തുന്നത് എന്ന് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്‌ഡി നേടിയ ആളാണ് അദ്ദേഹം. മനുഷ്യന്റെ വിവിധ രോഗങ്ങളെ തടയാൻ ഉപയോഗിച്ചേക്കാവുന്ന മെഡിക്കൽ സാങ്കേതികവിദ്യയും അദ്ദേഹം പരീക്ഷിക്കും എന്നും പ്രസ്താവനയിൽ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Joe Dituri (@drdeepsea)

നേരത്തെ യുഎസ് നേവി കമാൻഡറായി വിരമിച്ച ശേഷമാണ് അദ്ദേഹം പ്രൊഫസറായി മാറിയത്. 'നെപ്റ്റ്യൂൺ 100' പരീക്ഷണത്തിനായിട്ടാണ് അദ്ദേഹം ഈ ഒറ്റപ്പെട്ട ജീവിതം ജീവിക്കുക. ഏറ്റവും അധികം നാളുകൾ വെള്ളത്തിനടിയിൽ ജീവിക്കുന്ന ആളെന്ന നിലയിലുള്ള ലോക റെക്കോർഡും പരീക്ഷണം പൂർത്തിയായാൽ ജോ ഡിതുരിയെ തേടിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ യാത്ര നടത്തുന്ന ഒരാളുടേതിന് സമാനമായി ജോയുടെ മാനസികാവസ്ഥകളടക്കം സൈക്കോളജിസ്റ്റുകളും സൈക്ക്യാട്രിസ്റ്റുകളും വിലയിരുത്തും. 

'ഈ യാത്ര എന്റെ ശരീരത്തെ എല്ലാ വിധത്തിലും ബാധിക്കുന്നതെങ്ങനെയെന്ന് ഈ പഠനത്തിലൂടെ പരിശോധിക്കപ്പെടും. എന്നാൽ, സമ്മർദ്ദം കൂടുന്നത് എന്റെ ആരോഗ്യം മെച്ചപ്പെടുത്തും എന്നതാണ് എന്റെ അനുമാനം. അതിനാൽ, ഞാൻ ഒരു സൂപ്പർഹ്യൂമനായി പുറത്തുവരുമെന്നാണ് ഞാൻ കരുതുന്നത്' എന്നും ജോ പറയുന്നു. 

Follow Us:
Download App:
  • android
  • ios