തനിക്കുണ്ടായ ദുരനുഭവം കാണിക്കുന്ന വീഡിയോയും ഡെമോസ് പങ്കുവച്ചു. അത് പ്രകാരം അവർ കാബ് ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ, ടാക്സി എത്തിയപ്പോഴാണ് ഡ്രൈവർ അവരെ കാറിൽ യാത്ര ചെയ്യാൻ അനുവദിക്കാനാവില്ല എന്ന് അറിയിച്ചത്.
ശരീരഭാരം കൂടുതലാണെന്ന് പറഞ്ഞ് അപമാനിച്ച ടാക്സി ഡ്രൈവർക്കെതിരെ പരാതിയുമായി റാപ്പറും ഇൻഫ്ലുവൻസറുമായ യുവതി. യു.എസിലെ റാപ്പറും പ്ലസ് സൈസ് ഇന്‍ഫ്‌ളുവന്‍സറുമായ ഡാങ്ക് ഡെമോസ് ആണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നതും പിന്നാലെ കോടതിയെ സമീപിച്ചിരിക്കുന്നതും. ഓൺലൈൻ ടാക്സി സേവനദാതാക്കളായ 'ലിഫ്റ്റി'നെതിരെയാണ് ഡെമോസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് ഡെമോസ് സോഷ്യൽ മീഡിയയിലും പങ്കുവച്ചിരുന്നു. തന്റെ കാറിൽ ഡെമോസിന്റെ ശരീരഭാരം കൊണ്ട് അവരെ കൊള്ളില്ല എന്നാണ് ഡ്രൈവർ പറഞ്ഞത്. ഡെമോസ് തന്റെ കാറിൽ കയറുകയാണെങ്കിൽ അത് കാറിന്റെ ടയറിന് കേട് വരുത്തും എന്നും ഡ്രൈവർ പറഞ്ഞു. തനിക്ക് നേരെയുണ്ടായ ഈ വിവേചനത്തിനെതിരെയാണ് ഡെമോസ് യുഎസ്സിൽ കോടതിയെ സമീപിച്ചിരിക്കുന്നത്.
തനിക്കുണ്ടായ ദുരനുഭവം കാണിക്കുന്ന വീഡിയോയും ഡെമോസ് പങ്കുവച്ചു. അത് പ്രകാരം അവർ കാബ് ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ, ടാക്സി എത്തിയപ്പോഴാണ് ഡ്രൈവർ അവരെ കാറിൽ യാത്ര ചെയ്യാൻ അനുവദിക്കാനാവില്ല എന്ന് അറിയിച്ചത്. തന്റെ കാർ ചെറുതാണ് എന്നും ഇത്രയും സ്ഥലമില്ല എന്നുമാണ് ഡ്രൈവർ പറയുന്നത്. താൻ ഈ കാറിൽ ഫിറ്റാവും എന്ന് യുവതി പറയുന്നുണ്ട്.
എന്നാൽ, അത് സമ്മതിക്കാൻ ഡ്രൈവർ ഒരുതരത്തിലും തയ്യാറാവുന്നില്ല. തന്നെ വിശ്വസിക്കൂ, നിങ്ങളെ ഈ കാറിൽ കൊള്ളില്ല എന്നാണ് അയാൾ ആവർത്തിച്ച് പറയുന്നത്. കാബ് കാൻസൽ ചെയ്യാമെന്നും പണം വേണ്ടെന്നും ഇയാൾ പറയുന്നുണ്ട്. ഒരു വലിയ കാർ ബുക്ക് ചെയ്യൂ എന്ന ഉപദേശവും നൽകുന്നുണ്ട്. എന്നാൽ, ഈ കാറിൽ തനിക്ക് യാത്ര ചെയ്യാനാവും എന്നാണ് യുവതി പറയുന്നത്.
പിന്നീടാണ്, തന്റെ ടയറിന് യുവതിയുടെ ഭാരം താങ്ങാനാവില്ല എന്ന് ഡ്രൈവർ പ്രസ്താവിച്ചത്. ഇതാണ്, ഡെമോസിനെ കൂടുതൽ വേദനിപ്പിച്ചത്. അങ്ങനെയാണ് ഈ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കാനും അവർ തീരുമാനിക്കുന്നത്.
