യു.എസില്‍ നിലവില്‍ ഉപയോഗിക്കുന്ന 85 ശതമാനത്തോളം കീടനാശിനികള്‍ മറ്റുള്ള കാര്‍ഷിക രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടതാണെന്ന് പഠനം. മനുഷ്യനില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിനാല്‍ യൂറോപ്യന്‍ യൂണിയനും ചൈനയും ബ്രസീലും പാടേ നിരോധിച്ച വിഷലിപ്തമായ കീടനാശിനികളാണ് യു.എസില്‍ ഇന്നും ഉപയോഗിക്കുന്നതെന്നാണ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്. സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവേഷകനായ നഥാന്‍ ഡോണ്‍ലിയുടെ കണ്ടെത്തലാണ് ഈ റിപ്പോര്‍ട്ട്.

അമേരിക്കയില്‍ ഉപയോഗിക്കുന്ന 10 കീടനാശിനികളില്‍ ഒന്നില്‍ എന്ന തോതില്‍ നിരോധിക്കപ്പെട്ട ചേരുവകളാണുള്ളത്. മിക്കവാറും എല്ലാ കീടനാശിനികളിലും മാരകവിഷമാണ് അടങ്ങിയിരിക്കുന്നത്. അമേരിക്കയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല കീടനാശിനികളും ശ്വാസതടസം ഉണ്ടാക്കുന്നതും മനുഷ്യനെ കോമ എന്ന അവസ്ഥയിലേക്കും മരണത്തിലേക്കും തള്ളിവിടുന്നതുമാണ്.

സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നഥാന്‍ ഡോണ്‍ലി പറയുന്നത് മറ്റുള്ള രാജ്യങ്ങള്‍ നിരോധിച്ച എണ്ണിയാലൊടുങ്ങാത്ത കീടനാശിനികളാണ് യു.എസില്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്നാണ്. കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങളില്‍ നിരോധിച്ചതും എന്നാല്‍ യു.എസില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളതുമായ 13 കീടനാശിനികളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. 2016 -ല്‍ രാജ്യത്താകമാനം ഉപയോഗിച്ച 1.2 ബില്യന്‍ പൗണ്ട് കീടനാശിനികളില്‍ 322 മില്യന്‍ പൗണ്ട് കീടനാശിനികള്‍ നിരോധിക്കപ്പെട്ടതാണ്.

കാലിഫോര്‍ണിയയിലും വാഷിങ്ങ്ടണിലുമൊക്കെ കീടനാശിനികള്‍ നിരോധിക്കാനുള്ള നടപടികള്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. അവിടെയൊന്നും ഉപയോഗിക്കാത്ത ദോഷകരമായ കീടനാശിനികള്‍ ഇന്നും യു.എസില്‍ ടണ്‍കണക്കിന് വിളകളില്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെ ഇത്രയുംകാലമായിട്ട് ഇത്തരം കീടനാശിനികളുടെ ഉപയോഗത്തില്‍ ഒട്ടുംതന്നെ കുറവ് വന്നിട്ടില്ലെന്നും കഴിഞ്ഞ 25 വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സമീപകാലങ്ങളില്‍ കീടനാശിനകളുടെ പ്രയോഗം കൂടിയതായാണ് കാണുന്നതെന്നും ഡോണ്‍ലി സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുന്നതെന്നതിനെക്കുറിച്ച് മാത്രം വ്യക്തമായ വിശദീകരണം അധികൃതര്‍ നല്‍കുന്നുമില്ല.

കീടനാശിനികള്‍ നിരോധിക്കാനുള്ള നിര്‍ദേശം ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവ നിര്‍മ്മിക്കുന്നവരുടെ വ്യക്തിപരമായ ഇടപെടലിലാണ് പലപ്പോഴും തീരുമാനങ്ങള്‍ ലംഘിക്കപ്പെടുന്നതെന്ന് ഡോണ്‍ലി പറയുന്നു. ഇത്തരം കമ്പനികള്‍ സാമ്പത്തികലാഭത്തിനായി തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനുണ്ടാകുന്ന ആപത്തിനെപ്പറ്റി അവര്‍ ചിന്തിക്കുന്നുപോലുമില്ല. അതുപോലെതന്നെ മലിനമാക്കപ്പെടുന്ന പരിസ്ഥിതിയെക്കുറിച്ചും ഇത്തരം കീടനാശിനികള്‍ നിര്‍മിക്കുന്ന കമ്പനികള്‍ സൗകര്യപൂര്‍വം മറക്കുന്നു.

'നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതുതന്നെയാണ് ഇത്തരം വിപത്തില്‍ നിന്ന് മനുഷ്യരെ കരകയറ്റാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം. ദുര്‍ബലമായ നിയമങ്ങളും അമേരിക്കയിലെ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കീടനാശിനി നിയന്ത്രണത്തിലുള്ള താറുമാറായ നയങ്ങളുമാണ് ഇത്തരം വിഷവസ്തുക്കളെ ഉപയോഗിക്കുന്ന സാഹചര്യമുണ്ടാക്കുന്നത്. ഇവര്‍ കാണിക്കുന്ന നിസ്സഹകരണം കര്‍ഷകരുടെയും മലിനീകരിക്കപ്പെട്ട ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്ന രാജ്യത്തെ ജനങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയാകുന്നു' ഡോണ്‍ലി വ്യക്തമാക്കുന്നു.

1970 മുതല്‍ യു.എസില്‍ ഏതാണ്ട് അഞ്ഞൂറില്‍ക്കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ വെറും 134 എണ്ണമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി നിരോധിച്ചിരിക്കുന്ന കീടനാശിനികളുടെ എണ്ണം ഉപയോഗിക്കുന്നതിന്റെ മൂന്നിലൊരു ഭാഗത്തിലും കുറവാണ്.

സ്‌ട്രോബെറിയും ഇലക്കറികളും ഏറ്റവും കൂടുതല്‍ വിഷമയം

യു എസ്സില്‍ ഏറ്റവും കൂടുതല്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നത് സ്‌ട്രോബെറിയിലും ഇലക്കറികളിലുമാണെന്ന് എന്‍വയോണ്‍മെന്റല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് കണ്ടെത്തുന്നു. ഇവ രണ്ടും കഴിഞ്ഞാല്‍ കീടനാശിനികളുടെ അംശം ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത് കാബേജ് വര്‍ഗത്തില്‍പ്പെട്ട ഇലകളിലാണ്.

92 ശതമാനത്തില്‍ കൂടുതലുള്ള കാബേജ് വിളകളിലും രണ്ടോ അതിലധികമോ നിരോധിത കീടനാശിനകളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. 2009 -ല്‍ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ ഈ ഇലകളിലെ വിഷാംശം കണക്കിലെടുത്ത് എട്ടാം സ്ഥാനമാണ് നല്‍കിയത്. 2019 -ല്‍ അമിതമായ കീടനാശിനി ഉപയോഗം കാരണം മൂന്നാം സ്ഥാനത്തെത്തി.

ആപ്പിള്‍, മുന്തിരി, പീച്ച്, ചെറി, തക്കാളി, സെലറി, ഉരുളക്കിഴങ്ങ് എന്നിവയും ഇവരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പഴവര്‍ഗങ്ങള്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്നത് മാത്രം കഴിച്ചാല്‍ മതിയെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്.

അതേസമയം ഏറ്റവും കുറവ് വിഷാംശം കണ്ടെത്തിയിരിക്കുന്നത് അവൊക്കാഡോ, സ്വീറ്റ് കോണ്‍, പൈനാപ്പിള്‍ എന്നിവയിലാണ്. 40,900 -ല്‍ക്കൂടുതല്‍ പഴങ്ങളെയും പച്ചക്കറികളെയും പരിശോധിച്ചാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും കൃഷി വകുപ്പും യു.എസില്‍ ഇങ്ങനെയൊരു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കാന്‍സറിന് കാരണമാകുന്ന കീടനാശിനികളാണ് കാബേജ് വര്‍ഗത്തില്‍പ്പെട്ട വിളകളില്‍ പ്രയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ആപ്പിളില്‍ പ്രയോഗിച്ച ഡൈ ഫീനൈല്‍ അമിന്‍ എന്ന രാസവസ്തുവും നിരോധിക്കപ്പെട്ടതും കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.