Asianet News MalayalamAsianet News Malayalam

ഗുഡ് ടച്ച്, ബാഡ് ടച്ച്... കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാം ഇക്കാര്യങ്ങള്‍..

ചെറിയ കുട്ടികൾക്ക് രാത്രിയിൽ കഥ പറഞ്ഞുകൊടുക്കുന്നതിനിടയിലോ, അവരോട് സംസാരിക്കുന്നതിനിടയിലോ, അവരുടെ ശരീരത്തെ കുറിച്ച് ലളിതമായി പറഞ്ഞു കൊടുക്കുക. ഉദാഹരണമായി പറഞ്ഞാൽ, കുഞ്ഞിനോട് ചോദിക്കാം. വാവയുടെ ചുണ്ടിൽ ഒരാൾ ഉമ്മ വച്ചാൽ അത്  നല്ല തൊടൽ ആണോ? ചീത്ത തൊടൽ ആണോ? 

vacation and children
Author
Thiruvananthapuram, First Published Mar 26, 2019, 4:05 PM IST

വേനൽക്കാലം വീണ്ടും എത്തി. പരീക്ഷാ ടെൻഷനൊക്കെ കഴിഞ്ഞ് ഇനി രണ്ട് മാസം അവധി.. പാഠഭാഗങ്ങളുടെ ഭാരമില്ലാതെ കളിക്കാനുള്ള സമയമായതിനാൽ കുട്ടികൾ സന്തോഷത്തിലാണ്. പക്ഷേ, അവധി എന്നു കേൾക്കുമ്പോൾ ജോലിയുള്ള, അണുകുടുംബങ്ങളിലെ മാതാപിതാക്കൾക്ക് സത്യത്തിൽ ടെൻഷനാണ്. കാരണം, കുട്ടികളുടെ അവധിയോടൊപ്പം ഒരു ചെറിയ വിഭാഗം (അധ്യാപകർ തുടങ്ങിയവർ) ഒഴികെ മറ്റുള്ളവർക്ക് ഇത് അവധിക്കാലമല്ല ജോലി ദിനങ്ങൾ തന്നെയാണ്. ഈ രണ്ട് മാസം തനിച്ചാക്കുന്ന കുട്ടികളുടെ സുരക്ഷ മാതാപിതാക്കളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. 

vacation and children

അവധിക്കാലത്ത് കുട്ടികളെ എവിടെയാക്കണം? ബന്ധുക്കളുടെ വീട്ടിൽ അവർ സുരക്ഷിതരാണോ? അതോ, അവരെ അവധിക്കാല ക്യാമ്പിൽ ചേർക്കണോ? ഒറ്റയ്ക്ക് വീട്ടിൽ ഇരുത്തണോ? ചെറിയ കുട്ടികളാണെങ്കിൽ തൽക്കാലം കുട്ടിയെ നോക്കാൻ ഒരാളെ വീട്ടിൽ നിർത്തിയാലോ? അങ്ങനെ ഒരു പാട് സംശയങ്ങൾ അണുകുടുംബ സാഹചര്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. സുരക്ഷിതമായ സാഹചര്യത്തിൽ കുട്ടിയെ ആക്കുക എന്നതോടൊപ്പം തന്നെ ഏത് സാഹചര്യത്തിലും സുരക്ഷിതരായി ഇരിക്കാൻ അവരെ പഠിപ്പിക്കുക എന്നതിനാണ് കൂടുതൽ പ്രാധാന്യം.

മാതാപിതാക്കൾക്ക് പക്ഷെ പലപ്പോഴും സംശയമാണ്

അതിന്‍റെ ആദ്യപടി ഗുഡ് ടച്ച് (നല്ല തൊടൽ ), ബാഡ് ടച്ച് (ചീത്ത തൊടൽ )എങ്ങനെ തിരിച്ചറിയാം എന്ന് പഠിപ്പിക്കലാണ്. അതിന് മാതാപിതാക്കൾ മക്കളോട് തുറന്ന് സംസാരിക്കാനുള്ള മനസ് കാണിച്ചേ മതിയാകൂ. ഗുഡ് ടച്ച് (നല്ല തൊടൽ )ബാഡ് ടച്ച് (ചീത്ത തൊടൽ ) പഠിപ്പിക്കുക എന്നത് മൂന്ന് വയസ്സ് മുതലുള്ള കുട്ടികളിൽ അതായത്, തിരിച്ചറിവിന്‍റെ പ്രായം മുതൽ ചെയ്യാവുന്നതാണ്. മാതാപിതാക്കൾക്ക് പക്ഷെ പലപ്പോഴും സംശയമാണ്, വലിയ കുട്ടികളോട് പറയാം പക്ഷെ കുഞ്ഞുമക്കളോട് ഇതൊക്കെ എങ്ങനെ പറഞ്ഞു കൊടുക്കും? അവർക്ക് മനസ്സിലാകുമോ? ഇത്തരം ചോദ്യങ്ങൾ ഞാൻ സ്ഥിരം കേൾക്കാറുള്ളതാണ്. എനിക്ക് തോന്നുന്നു കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ ആണ് കുറച്ചു കൂടി എളുപ്പം.

ചെറിയ കുട്ടികൾക്ക് രാത്രിയിൽ കഥ പറഞ്ഞുകൊടുക്കുന്നതിനിടയിലോ, അവരോട് സംസാരിക്കുന്നതിനിടയിലോ, അവരുടെ ശരീരത്തെ കുറിച്ച് ലളിതമായി പറഞ്ഞു കൊടുക്കുക. ഉദാഹരണമായി പറഞ്ഞാൽ, കുഞ്ഞിനോട് ചോദിക്കാം. വാവയുടെ ചുണ്ടിൽ ഒരാൾ ഉമ്മ വച്ചാൽ അത്  നല്ല തൊടൽ ആണോ? ചീത്ത തൊടൽ ആണോ? അവരുടെ ഉത്തരം ശരിയാണെങ്കിൽ  മിടുക്കൻ/മിടുക്കി, വെരി ഗുഡ് എന്ന് അവരെ അഭിനന്ദിക്കുക. ഉത്തരം തെറ്റാണെങ്കിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. വായ, നെഞ്ച്, മൂത്രമൊഴിക്കുന്ന ഭാഗം, നിതംബം, തുടയുടെ ഭാഗങ്ങൾ എല്ലാം സ്വകാര്യ ഭാഗങ്ങൾ ആണെന്ന് കുഞ്ഞിന് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുക്കുക. ആ ഭാഗങ്ങളിൽ ആരെങ്കിലും തൊട്ടാൽ, 'NO തൊടരുത്' എന്ന് ധൈര്യ പൂർവ്വം പറയാൻ കുഞ്ഞിനെ പ്രാപ്തരാക്കുക. ഈ ഭാഗങ്ങളിൽ ആരെങ്കിലും തൊടാൻ ശ്രമിച്ചാൽ അമ്മയോടും അച്ഛനോടും പറയണം എന്നും കുഞ്ഞിനെ ഓർമ്മിപ്പിക്കുക.

കുളിക്കുമ്പോഴോ, വസ്ത്രം മാറ്റുമ്പോഴോ, അസുഖം ഉള്ള സാഹചര്യത്തിൽ (അമ്മയുടെ സാന്നിദ്ധ്യത്തിൽ ) ഡോക്ടറെ കാണുമ്പോഴോ ആ ഭാഗങ്ങളിൽ സ്പർശിച്ചാൽ അത് തെറ്റല്ല എന്നും പഠിപ്പിക്കാൻ മറക്കരുത്. അല്ലെങ്കിൽ കുട്ടിക്ക് സംശയം ഉണ്ടാകാൻ ഇടയുണ്ട്. കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവർക്ക് പറഞ്ഞുകൊടുക്കേണ്ട രീതിയും വ്യത്യസ്തമായിരിക്കും. വലിയ കുട്ടികൾക്ക് ഇത് സൗഹൃദത്തോടെ തന്നെ അമ്മ, അല്ലെങ്കിൽ ആൺകുട്ടികൾക്ക് അച്ഛന് പറഞ്ഞുകൊടുക്കാവുന്നതാണ്. എന്ത് പ്രശ്നമുണ്ടെങ്കിലും അച്ഛനും അമ്മയും ഒപ്പമുണ്ട് എന്ന് അവർക്ക് നമ്മൾ കൊടുക്കുന്ന ധൈര്യം ഇത്തരം സന്ദർഭങ്ങൾ പതറാതെ സധൈര്യം നേരിടാൻ അവരെ പ്രാപ്തരാക്കുന്നു.

പലപ്പോഴും മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ തുറന്നു സംസാരിക്കാൻ വിമുഖത കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്തിനാണിത്? അവരോട് ഇതൊക്കെ പറയാനുള്ള പ്രായം ആയോ? നമ്മൾ ശ്രദ്ധിച്ചാൽ പോരേ? എന്നൊക്കെയാണ് ഇത്തരക്കാരുടെ ചിന്തകൾ. പക്ഷേ, 10 വർഷത്തിലധികമായി കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു ആൾ എന്ന നിലയിൽ ഇത്തരം അറിവുകൾ മാതാപിതാക്കൾ നൽകേണ്ടത് അത്യാവശ്യമാണ് എന്നാണ് തോന്നിയിട്ടുളളത്. പലപ്പോഴും നമ്മൾ അറിയുന്നില്ല, നമ്മുടെ കുട്ടികൾ ഇത്തരം തൊടലുകളിലൂടെ കടന്നു പോകുന്നത്. കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കാനെന്ന രീതിയിലാണ് ദുരുദ്ദേശ്യമുള്ളവർ അവരുടെ ശരീരത്തിൽ തൊടുന്നതും പിടിക്കുന്നതും. ഇതൊരു തെറ്റായ പ്രവൃത്തിയാണ് എന്ന് കുട്ടികൾ തിരിച്ചറിയാത്തതും ഇതുമൂലമാണ്. അത് ഒഴിവാക്കാൻ ഇത്തരം തുറന്ന സംസാരം കൂടിയേ തീരൂ.

നെഗറ്റീവ് ആയ പ്രതികരണങ്ങൾ ഒഴിവാക്കുക

അതുപോലെ പ്രാധാന്യം അർഹിക്കുന്ന മറ്റൊന്നാണ് പെൺകുട്ടികളെ വളരെ നന്നായി ശ്രദ്ധിക്കുന്ന മാതാപിതാക്കൾ ആൺകുട്ടികളെ സുരക്ഷിതവിഭാഗമായി കണക്കാക്കിയിരുന്നു എന്നത്. അത് തികച്ചും തെറ്റായ ധാരണയാണ്. പലപ്പോഴും പെൺകുട്ടികളേക്കാൾ ചൂഷണം ചെയ്യപ്പെടുന്നത് ആൺകുട്ടികളാണ് എന്നതാണ് യാഥാർഥ്യം. സുരക്ഷിത വിഭാഗമായി സമൂഹം കണക്കാക്കിയിട്ടുള്ളതിനാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടുന്നില്ല എന്നത് തന്നെയാണ് ആൺകുട്ടികളെ ചൂഷണം ചെയ്യാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നതും. ആൺകുട്ടികളിൽ ഉണ്ടാകുന്ന ഇത്തരം ദുരനുഭവം പിന്നീട് സ്വഭാവ വൈകല്യങ്ങളായി പുറത്തുവരാറുണ്ട്. കുട്ടികൾ ഇത്തരം ദുരനുഭവങ്ങൾ തുറന്നുപറയുമ്പോൾ മാതാപിതാക്കളുടെ പ്രതികരണവും അതീവ ശ്രദ്ധയോടെയാകണം.

പലപ്പോഴും ഇരയെ കുറ്റവാളിയാക്കുന്ന മനോഭാവം പലരിലും കാണാറുണ്ട്.  'ശ്രദ്ധിക്കാഞ്ഞിട്ടല്ലേ? നിന്‍റെ കുറ്റമല്ലേ? ഞാൻ പറഞ്ഞത് അനുസരിക്കാഞ്ഞിട്ടല്ലേ? നീ ഞങ്ങളെ നാണംകെടുത്തും.. ' തുടങ്ങിയ നെഗറ്റീവ് ആയ പ്രതികരണങ്ങൾ ഒഴിവാക്കുക, നമ്മുടെ ശരീരത്ത് അസുഖകരമായി മറ്റാരെങ്കിലും സ്പർശിച്ചാൽ അത് നമ്മുടെ തെറ്റല്ല എന്ന് ഓർമ്മിപ്പിക്കുക. അവർ അനുഭവം പറയുമ്പോൾ അവരെ ചേർത്ത് പിടിച്ചോ, തോളിൽ തട്ടിയോ, കൈപിടിച്ചോ വിഷമിക്കണ്ട. നമുക്ക് പരിഹാരം ഉണ്ടാക്കാം, അച്ഛനും അമ്മയുടെ ഒപ്പമില്ലേ എന്ന വിശ്വാസം കുട്ടികൾക്ക് നൽകാൻ ശ്രമിക്കുക. മറിച്ചുള്ള  പ്രതികരണം തുടർന്നും ഇത്തരം അനുഭവങ്ങൾ തുറന്നുപറയുന്നതിൽ നിന്ന് അവരെ തടയും. അത് ഒരുപക്ഷേ ഒരു ദുരന്തത്തിലേയ്ക്കു തന്നെ അവരെ കൊണ്ടുചെന്ന് എത്തിച്ചെങ്കിലോ?

ചെറിയ ഡിഫൻസ് ടെക്നിക്കുകൾ തുടങ്ങിയവ മാതാപിതാക്കൾ പറഞ്ഞുകൊടുക്കാൻ മറക്കരുത്

കുട്ടികളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള 'പോക്സോ' പോലുള്ള നിയമങ്ങൾ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതും കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. സുരക്ഷിതമായ അവധിക്കാലത്തിന് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

1. കുട്ടികൾ തനിയെ വീട്ടിലിരിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ വാതിലുകൾ അടച്ചിടാൻ പറയുക. കുട്ടികളെ ഫോൺ വിളിച്ചോ മറ്റോ അതുറപ്പ് വരുത്തുകയും വേണം. അതോടൊപ്പം കുട്ടികളെ വിളിച്ച് അന്വേഷിക്കാൻ അവരുടെ കൈകളിൽ ഫോൺ കൊടുക്കുമ്പോൾ അത് സ്മാർട്ട് ഫോൺ അല്ലാതെ വിളിക്കാൻ മാത്രം സൗകര്യമുള്ള ഫോണാണ് കൂടുതൽ നല്ലത്.
2. അപരിചിതരെ ഒഴിവാക്കേണ്ട രീതികൾ കുട്ടികളെ പഠിപ്പിക്കുക (വെള്ളം ചോദി ച്ചുവരുന്നവർക്ക് വീട്ടിൽ തനിയെയുള്ള സന്ദർഭങ്ങളിൽ അപ്പുറത്തെ വീട്ടിലെ വെള്ളം കുടിക്കാൻ അവസരം നൽകാവുന്നതാണ്.)
3. അത്യാവശ്യ സന്ദർഭങ്ങളില്‍ വിളിക്കേണ്ട നമ്പർ / ആളുകൾ കുട്ടിക്ക് പറഞ്ഞുകൊടുക്കുക.
4. അടുത്ത വീട്ടുകാരുമായി പോസിറ്റീവായ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക (ആളുകൾ പലവിധം എന്ന് ഓർമ്മിപ്പിക്കാൻ മറക്കരുത്).
5.  ബന്ധുക്കളുടെ വീട്ടിലാണെങ്കിൽപ്പോലും കുട്ടികൾ പുറത്തുപോകുന്ന സന്ദർഭങ്ങളിൽ മാതാപിതാക്കളെ അറിയിക്കണമെന്ന നിബന്ധന അവരുടെ സുരക്ഷിതത്വം കൂട്ടും.
6.  കുട്ടികൾ തനിച്ചുള്ളപ്പോൾ വീട്ടിൽ വരുന്ന സുഹൃത്തുക്കൾ ആരാണെന്നും അവർ കളിക്കാൻ പോകുന്ന സ്ഥലം സുരക്ഷിതമാണോയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. 
7. ആരെങ്കിലും എന്തെങ്കിലും കാരണവശാൽ വീടിന്‍റെ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നാൽ പുറകുവശത്തെ വാതിൽ വഴി ആളുകൾ ഉള്ള ഭാഗത്തേയ്ക്ക് ഓടി രക്ഷപ്പെടുക. ശബ്ദം ഉണ്ടാക്കി ആളുടെ ശ്രദ്ധ ആർഷിക്കുക എന്ന് പറഞ്ഞുകൊടുക്കുക. 

ചെറിയ ഡിഫൻസ് ടെക്നിക്കുകൾ തുടങ്ങിയവ മാതാപിതാക്കൾ പറഞ്ഞുകൊടുക്കാൻ മറക്കരുത്. സുരക്ഷിതത്വത്തിന് ഒരുപാട് രീതികളുണ്ട്. പക്ഷേ അസോർട്ടീവ് സ്കിൽ അല്ലെങ്കിൽ Yes/No പറയാനുള്ള കഴിവും സധൈര്യം ഏത് സാഹചര്യവും നേരിടാനുള്ള മനസ്സും ആണ് ഏറ്റവും അത്യാവശ്യം. അത് നൽകാൻ മാതാപിതാക്കൾക്ക് കഴിയട്ടെ. 

(ജി. എച്ച്. എസ്. വെസ്റ്റ് കടുങ്ങല്ലൂർ, ആലുവ സ്റ്റുഡന്‍റ് കൗൺസിലറാണ് ലേഖിക.)

Follow Us:
Download App:
  • android
  • ios