തന്നെ ആളുകൾ സുൽത്താനെന്നു വിളിച്ചിരുന്നതിനെ ബഷീർ തമാശയായി മാത്രം കണ്ടു. താൻ പാവപ്പെട്ടൊരു മനുഷ്യൻ മാത്രമാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. തനിക്ക് പൊലീസ് ഇൻസ്പെക്ടറോ, പ്രധാനമന്ത്രിയോ ഒന്നും ആവാൻ ആഗ്രഹമില്ല, തന്നെ ഇസ്പേഡ് രാജാവാക്കിയാൽ മതി എന്നദ്ദേഹം പറഞ്ഞു.
കാലം 1910... സ്ഥലം തലയോലപ്പറമ്പ്. മൂവാറ്റുപുഴയാറിന്റെ തീരത്താണ് തലയോലപ്പറമ്പ്. അതിന്‍റെയക്കരെ മണകുന്ന് എന്നൊരു സ്ഥലമുണ്ട്. അവിടെ ഒരു എട്ടേക്കർ തെങ്ങിൻപറമ്പുണ്ട്. തെങ്ങിനുപുറമേ മറ്റു വൃക്ഷങ്ങളും തഴച്ചുവളരുന്ന ആ പറമ്പിന്‍റെ ഒരു മൂലയ്ക്കലായി പുരാതനമായ ഒരു വീടുമുണ്ട്. ആ വീട്ടിൽ നിന്നും കുറച്ച് പടിഞ്ഞാട്ടേക്കുമാറി ഒരു ഓലപ്പുരകെട്ടി അവിടെ പാർക്കുകയാണ് അബ്ദുറഹ്മാൻ സാഹിബ് എന്ന മരക്കച്ചവടക്കാരനും അയാളുടെ ബീവി കുഞ്ഞാത്തുമ്മയും.
ബീവിക്ക് ഗർഭം തികഞ്ഞ സമയം... അവർ അടുക്കളയിൽ വലിയ ചെമ്പുകലത്തിൽ നെല്ല് പുഴുങ്ങുകയായിരുന്നു. മുറ്റത്ത് ചിക്കുപായ് വിരിച്ചിട്ടുണ്ട്. അങ്ങനെ നെല്ലുപുഴുങ്ങി വെയിലത്ത് വിരിക്കാനുള്ള തയ്യാറെടുപ്പിനിടെ കുഞ്ഞാത്തുമ്മ പ്രസവിച്ചുപോയി. നെല്ലുകുട്ടയുടെ തൊട്ടപ്പുറത്തായിട്ടാണ് കുഞ്ഞിനെ പെറ്റിട്ടത്. പേറുകഴിഞ്ഞപ്പോഴാണ് അവർക്ക് അടുപ്പിൽ നിന്നുള്ള അസഹ്യമായ ചൂട് അനുഭവപ്പെട്ടത്. അവർ ഇറങ്ങി ഓടി പുറത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്ന് കാറ്റുകൊണ്ട് ചൂടാറ്റി. അപ്പോഴാണ് കുഞ്ഞാത്തുമ്മയ്ക്ക് താൻ പ്രസവിച്ചത് ഓർമ്മവരുന്നത്. നേരത്തെ ചൂട് തോന്നിയത് അടുപ്പിൽ നിന്നും ഓലപ്പുരയ്ക്ക് തീപിടിച്ചിരുന്നതുകൊണ്ടാണ്. തിരിച്ചു ചെന്നപ്പോഴേക്കും പുര പാതിയും തീ വിഴുങ്ങിയിരുന്നു. ആ തീയിൽ നിന്നും അന്ന് കുഞ്ഞാത്തുമ്മ വലിച്ചെടുത്തു പുറത്തിട്ട ചോരക്കുഞ്ഞ് പിന്നെയും ജീവിതാനുഭവങ്ങളുടെ എരിതീയിലൂടെ ഏറെദൂരം നടന്നുകേറി. അങ്ങനെ സ്ഫുടം ചെയ്ത അനുഭവങ്ങൾ കടലാസിലേക്ക് പകർത്തി. മലയാളികൾക്ക് അവ മുന്തിയ സാഹിത്യാനുഭവങ്ങൾ സമ്മാനിച്ചു. മലയാളസാഹിത്യത്തറവാട്ടിൽ ചാരുകസേര വലിച്ചിട്ട് ചാരിയിരുന്ന ആ കാരണവരുടെ പേര് വൈക്കം മുഹമ്മദ് ബഷീർ എന്നായിരുന്നു. അദ്ദേഹം ഈ മണ്ണോടു ചേർന്നിട്ട് ഇരുപത്തഞ്ചാണ്ടു തികയുന്നു.

ബഷീറിന്റെ എഴുത്തിൽ പലതും ജീവിതത്തിന്റെ തന്നെ ആഖ്യാനങ്ങളായിരുന്നു. അദ്ദേഹത്തിന് വൈക്കത്ത് ഒരു ബാല്യകാല സഖിയുണ്ടായിരുന്നു. സ്നേഹിച്ചിരുന്നവർ മരിച്ചുപോവുന്നതിന്റെ സ്വാഭാവികതയെപ്പറ്റി അദ്ദേഹമെഴുതി. അദ്ദേഹത്തിന്റെ സഹോദരി പാത്തുമ്മയ്ക്ക് ഒരു ആടുണ്ടായിരുന്നു. അതേപ്പറ്റിയും അദ്ദേഹം എഴുതി. ഉണ്ടായിരുന്ന ആടെല്ലാം പോയെന്ന് അതിനെപ്പറ്റി കഥയെഴുതി, പുസ്തകമെല്ലാം വിറ്റ് കാശുണ്ടാക്കി, അതുംകൊണ്ട് നാടും വീടും വിട്ട് ബേപ്പൂരേക്ക് കടന്നുകളഞ്ഞ ഇക്കാക്കയെപ്പറ്റി കാണുമ്പോഴൊക്കെ പാത്തുമ്മ പരാതി പറഞ്ഞിരുന്നു. ആനവാരി രാമൻ നായർ, പൊൻകുരിശ് തോമാ, കണ്ടമ്പറയൻ, മുഴയൻ നാണു, എട്ടുകാലി മമ്മൂഞ്ഞ്, തൊരപ്പൻ അവറാൻ, ഒറ്റക്കണ്ണൻ പോക്കർ, ഡ്രൈവർ പപ്പുണ്ണി, കൊച്ചുത്രേസ്യ, സൈനബ, മണ്ടൻ മുത്തപ്പ എങ്ങനെ ബഷീറിന്റെ എല്ലാ പ്രസിദ്ധ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങളിൽ നിന്നുതന്നെ അദ്ദേഹം കണ്ടെടുത്തവയാണ്.
കുട്ടിക്കാലത്തുതന്നെ ബഷീറിനെ ബാപ്പയും ഉമ്മയും സ്‌കൂളിലയച്ച് ഇംഗ്ലീഷും മലയാളവുമൊക്കെ പഠിപ്പിച്ചു. അന്ധവിശ്വാസത്തിൽ കഴിഞ്ഞു പോന്നിരുന്ന മുസ്ലിംകൾക്കിടയിൽ അതൊരു വലിയ വിപ്ലവമായിരുന്നു അന്ന്. എട്ടുവയസ്സായപ്പോഴേക്കും ബഷീർ ഖുർആനൊക്കെ പഠിച്ചു കഴിഞ്ഞിരുന്നു. കുട്ടിക്കാലത്ത് മരത്തിൽ കയറി ചാമ്പങ്ങ പറിച്ചു വിറ്റിരുന്നു. വഴിയേ പോവുന്ന പെമ്പിള്ളേർക്ക് ചുമ്മാ കൊടുക്കുകയും ചെയ്തു... കുട്ടിക്കാലത്ത് മൂവാറ്റുപുഴയാറ്റിലെ തെളിഞ്ഞ വെള്ളത്തിൽ കുളിക്കലായിരുന്നു പ്രധാന പണി. പറമ്പിലെ വാഴയുടെ നാരു ചീന്തി വീണയുണ്ടാക്കി സംഗീതം കേട്ടിരുന്നു. സംഗീതത്തോട് കുഞ്ഞിലേ ഇഷ്ടമായിരുന്നു. ഒരു ഗ്രാമഫോൺ പെട്ടി സ്വന്തമാക്കണം എന്ന മോഹം കുഞ്ഞുന്നാളിലേ തൊട്ടുണ്ടായിരുന്നു. അത് പിന്നീട് സാധിക്കുകയും ചെയ്തു. പങ്കജ് മല്ലിക്കിന്റെയും, കുന്ദൻ ലാൽ സൈഗാളിന്റെയും മറ്റും റെക്കോർഡുകൾ അദ്ദേഹം തന്റെ ഗ്രാമഫോണിലിട്ടു കേട്ടു.

ചെറുപ്പത്തില്‍ നിന്ന് പ്രായമായപ്പോഴേക്കും ബഷീർ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തുചാടിയിരുന്നു. ഗാന്ധിയെപ്പറ്റി കേട്ടിരുന്ന കഥകൾ തന്നെ ഉത്തേജനം. ഗാന്ധിത്തൊപ്പിയും ധരിച്ച് ഇന്ത്യക്ക് സിന്താബാദ് വിളിച്ചു നടന്ന, ഗാന്ധി വന്നപ്പോൾ ഗാന്ധിയെ കൈ നീട്ടി തൊട്ട ആ പയ്യൻ മുതിർന്നപ്പോഴേക്കും സർ സിപിയുടെ പൊലീസ് തിരഞ്ഞു നടക്കുന്ന തെമ്മാടിയായി. കോഴിക്കോട്ട് കടപ്പുറത്ത് ഉപ്പു കുറുക്കി നിയമം ലംഘിച്ചു. ഒടുക്കം ജയിലിലിലുമായി. അത്താഴവും വിളമ്പിവച്ച് എന്നും ഉമ്മ വിളക്കും കൊളുത്തിവെച്ച് കാത്തിരുന്നു. കണ്ണൂർ ജയിലിൽ ഉണ്ടായിരുന്ന കാലത്ത്, ജയിലിനുള്ളിൽ കഞ്ചാവുകാരോട് മുട്ടി കയ്യിൽ ഇരുപത്തഞ്ചുപൈസാ വട്ടത്തിൽ തീകൊണ്ട് പൊള്ളലേറ്റു. ജയിലിനു മുകളിൽ സ്വാതന്ത്ര്യപതാക പാറിച്ചതിന് പൊതിരെ തല്ലും വാങ്ങി അക്കാലത്തു തന്നെ ബഷീറും സംഘവും.
ഭഗത് സിങ്ങ് ആയിരുന്നു റോൾ മോഡൽ. റിവോൾവരും കഠാരിയും ചോരയുമൊക്കെ മോഹിപ്പിച്ചു. ജയിലിൽ നിന്നിറങ്ങിയപ്പോൾ ഒരു ചെറിയ ഭഗത് സിങ്ങ് തന്നെയായി മാറി. അതേ മീശയും വെച്ചായി പിന്നെ നടപ്പ്. ജയിലിൽ നിന്നും നേരെ കൊച്ചിയിൽ ചെന്ന് പി എ സൈനുദ്ദീനൊത്ത് ഉജ്ജീവനം എന്നൊരു വാരിക തുടങ്ങി. താമസിയാതെ അത് സർക്കാർ കണ്ടുകെട്ടി. ബഷീറിന് അറസ്റ്റു വാറന്റായി. അന്ന് രാത്രി ഏഴെട്ടു മൈൽ നടന്ന് ഒരു തീവണ്ടിയിൽ കേറി രായ്ക്കുരാമാനം നാടുവിട്ടു. പിന്നെ പത്തുവർഷം യാത്രയായിരുന്നു.
ആദ്യത്തെ നാലഞ്ച് വര്‍ഷങ്ങള്‍ സഞ്ചാരം തന്നെ, കുറേക്കാലം ഒരു സൂഫിയുടെ ജീവിതം... അനൽ ഹഖ്, അഹം ബ്രഹ്‌മാസ്‌മി... സന്യാസജീവിതം ഏറെനാൾ തുടരാനായില്ല ചിന്തയിലെ കല്ലുകടി തന്നെ നിമിത്തം. ഒരാളിങ്ങനെ ഒരു തൊഴിലും ചെയ്യാതെ സന്യാസിയായി നടക്കുമ്പോൾ, വേറെ നാലാൾ അയാളെ പോറ്റാൻ വേണ്ടി അദ്ധ്വാനിക്കണമല്ലോ... അതത്ര പന്തിയല്ല എന്ന് തോന്നിയപ്പോൾ പിന്നെ പല തൊഴിലും ചെയ്ത ജീവിതം പുലർത്താൻ തുടങ്ങി. പിന്നെ, ഭാര്യ, മക്കൾ എന്നിങ്ങനെ പ്രകൃതിയുടെ ആവശ്യങ്ങളെപ്പറ്റിയുള്ള ചിന്തകളും തുടങ്ങി.
സഞ്ചാരമൊക്കെ കഴിഞ്ഞ് തിരിച്ചു വെറുംകൈയോടെ വീട്ടിലെത്തി. ആകെ കൈമുതലായിരുന്ന ജീവിതാനുഭവങ്ങൾ വെച്ച് എഴുതിത്തുടങ്ങി. കുട്ടിക്കാലത്തെ രണ്ടാമത്തെ ആഗ്രഹമായിരുന്നു എഴുതുക എന്നത്. ആദ്യത്തെ മോഹം അന്നുമിന്നും എന്നും ഫയൽവാനാവണം എന്നായിരുന്നു. ചെറുപ്പത്തിൽ വായിച്ച നോവലുകളിൽ പലതിലും നീച കഥാപാത്രങ്ങൾ മിക്കതും മുസ്ലിംകളായിരുന്നു. അന്നൊക്കെ ചുറ്റും അങ്ങനെ ആരെയും ബഷീറിന് കാണാൻ കഴിഞ്ഞിരുന്നില്ല. അന്നുതന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു, വലുതായാൽ മുസ്ലിംകളെ നല്ല കഥാപാത്രങ്ങളാക്കി ഞാൻ എഴുതും കഥയും, നോവലും ഒക്കെ.
ബഷീർ സ്വന്തമായി പുസ്തകങ്ങൾ അച്ചടിച്ച്, വീടുവീടാന്തരം നടന്നു വിറ്റു. എഴുതിയത് പലതും നിരോധിക്കപ്പെട്ടു. പോലീസ് നിരന്തരം വേട്ടയാടി. കൂടും കുടുക്കയുമായി പലവട്ടം വീടുകൾ മാറിമാറി താമസിക്കേണ്ടി വന്നു. സർ സിപിയ്‌ക്കെതിരെ 'പട്ടത്തിന്റെ പേക്കിനാവ്' എന്ന നാടകമെഴുതിയതിന് ഏകദേശം ഒരു വർഷത്തോളം ജയിൽവാസം അനുഷ്ടിച്ചു. കേരളത്തിലെ ഒരുവിധം എല്ലാ ജയിലുകളിലും ബഷീർ കിടന്നിട്ടുണ്ട്. കിടന്ന ജയിലുകളിലെല്ലാം പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിച്ചിട്ടുമുണ്ട്.
അങ്ങനെയിരിക്കെ രണ്ടാം ലോകമഹായുദ്ധം വന്നു. അന്ന് ബഷീർ എഴുതി, "യുദ്ധം അവസാനിക്കണമെങ്കിൽ ഇന്നത്തെ എല്ലാ രാഷ്ട്രീയ നേതാക്കന്മാർക്കും, എല്ലാ മതപ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള എല്ലാ സ്ത്രീപുരുഷന്മാർക്കും, ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടുചൊറി വരണം."
പള്ളിയിൽ പോവാൻ മടികാണിച്ചിരുന്ന ബഷീറിനോട് മുക്രി കാരണം തിരക്കി. ദീനിൽ വിശ്വാസമില്ലേ എന്നുചോദിച്ചു. അദ്ദേഹം പറഞ്ഞു, "തീർച്ചയായും എനിക്ക് കരുണാമയനായ ദൈവത്തിൽ വിശ്വാസമുണ്ട്. ഞാൻ പ്രാര്‍ത്ഥിക്കാറുമുണ്ട്. വെള്ളം കിട്ടാതെ ഉണങ്ങാൻ പോവുന്ന ഒരു ചെടിക്ക് ലേശം വെള്ളമൊഴിക്കുന്നത്, വഴിയിൽ കിടക്കുന്ന മുള്ളെടുത്തുമാറ്റുന്നത്, ഇതാണ് നന്മ... ഇതാകുന്നു പ്രാർത്ഥന. അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം..."
തന്നെ ആളുകൾ സുൽത്താനെന്നു വിളിച്ചിരുന്നതിനെ ബഷീർ തമാശയായി മാത്രം കണ്ടു. താൻ പാവപ്പെട്ടൊരു മനുഷ്യൻ മാത്രമാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. തനിക്ക് പൊലീസ് ഇൻസ്പെക്ടറോ, പ്രധാനമന്ത്രിയോ ഒന്നും ആവാൻ ആഗ്രഹമില്ല, തന്നെ ഇസ്പേഡ് രാജാവാക്കിയാൽ മതി എന്നദ്ദേഹം പറഞ്ഞു. പ്രജകളൊന്നും വേണ്ട. ഒരു ചരിത്രവസ്തു എന്ന നിലയ്ക്കുമാത്രം. സുൽത്താൻ തലയോലപ്പറമ്പുവിട്ട് ഫാബിയെ കൂടെക്കൂട്ടി ബേപ്പൂരിലെ പുരയിടത്തിൽ വന്നു താമസമാക്കിയപ്പോൾ അവിടത്തെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലേക്കും തന്റെ പ്രിയപ്പെട്ടവരെയെല്ലാം അദ്ദേഹം ആവാഹിച്ചുവരുത്തി. അവരെ താൻ പാലും തേനുമൂട്ടി വളർത്തുന്ന, തന്റെ ഭൂമിയുടെ അവകാശികളെ ഒന്നൊന്നായി പരിചയപ്പെടുത്തി. തന്റെ ഗ്രാമഫോൺ റെക്കോര്‍ഡുകളിൽ നിന്നുമുതിരുന്ന സംഗീതം കേൾപ്പിച്ചു. അവരോട് കിസ്സ പറഞ്ഞു.

ബേപ്പൂരിലെ വീട്. അതിനെച്ചുറ്റിയുള്ള പുരയിടം. അതിലെ മാങ്കോസ്റ്റിൻ മരച്ചുവട്. ധ്യാനനിരതനായ ഒരു പുൽച്ചാടി. അതിനെ ഉറ്റുനോക്കിക്കൊണ്ട് മറ്റൊരു മുനി. അതായിരുന്നു ബഷീർ. ഭൂമിയെ, അതിലെ ജീവജാലങ്ങളെ ഇത്രമേൽ കൂടപ്പിറപ്പുകളെന്നു കണ്ട മറ്റൊരാളില്ല.

ഏറെക്കാലം വിഭ്രാന്തിയുടെ തടവറയിലും ബഷീർ കഴിച്ചുകൂട്ടിയിട്ടുണ്ട്. വല്ലപ്പുഴ വൈദ്യരുടെ ആയുർവേദ സാനറ്റോറിയത്തിൽ കഴിച്ചുകൂട്ടി കുറേക്കാലം. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സംഭ്രമം, ശുദ്ധസുന്ദരമായ ഭ്രാന്ത്. ഭ്രാന്തമായ മനസ്സിന്റെ മായികസ്വപ്നങ്ങൾ. നസ്യവും കണ്ണിലെഴുത്തും കഴിഞ്ഞപ്പോൾ സംഗതി ക്ലീൻ. ഭ്രാന്തുചികിത്സകാലത്തും പ്രധാന വിനോദം പൂന്തോട്ടമുണ്ടാക്കൽ തന്നെ. ഒപ്പം പാചകവും. ആ ഭ്രാന്താലയത്തിലും കിട്ടി ബഷീറിന് നിരവധി ആരാധകരെ. ഘോരമായ ആ ഭ്രാന്തുചികിത്സക്കാലത്താണ് അദ്ദേഹം തന്റെ ഏറ്റവും വലിയ തമാശക്കഥയായ പാത്തുമ്മയുടെ ആട് എഴുതുന്നത്.
കുഞ്ഞുന്നാളിൽ കടപ്പുറത്തൂടെ നടക്കുമ്പോൾ ബഷീർ ബാപ്പയോട് ചോദിച്ചിരുന്നു, "ആരാണ് എന്‍റെ കാൽപ്പാടുകൾ മായ്ച്ചു കളയുന്നത്?" അന്ന് പടച്ചവൻ എന്നുത്തരം പറഞ്ഞ ബാപ്പയോട് 'എന്തിന് പടച്ചു അവൻ?' എന്ന് ചോദിച്ചു ആ കുട്ടി. അതിനുശേഷം ജീവിച്ച കാലമത്രയും താൻ ഈ ഭൂതലത്തിൽ പതിപ്പിച്ച ഓരോ കാലടിപ്പാടും മായ്ക്കാൻ മാത്രം ശ്രമിച്ചുപോന്നു ബഷീർ. അധികം ബുദ്ധിവേണ്ടെന്ന് ആഗ്രഹിച്ചു. ഒരു പക്ഷിയാവാൻ, പുൽക്കൊടിയാവാൻ ആഗ്രഹിച്ചു. അതേസമയം മനുഷ്യനായതിൽ ദൈവത്തോട് നന്ദിയുള്ളവനുമായി.
കടപ്പാട്: ബഷീര്‍ ദ മാന്‍ ഡോക്കുമെന്‍ററി, എം എ റഹ്മാന്‍
