ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാങ്ങ കഴിഞ്ഞാല്‍ പിന്നെ കേമന്‍ വാഴപ്പഴം തന്നെ. പോഷകസമൃദ്ധവും രുചികരവുമായ വാഴപ്പഴം കയറ്റുമതി സാധ്യതകളുള്ളതുമാണ്. ഇന്ത്യയില്‍ വാഴപ്പഴത്തിന്റെ എത്ര ഇനങ്ങള്‍ കൃഷി ചെയ്യുന്നുവെന്നത് കൗതുകകരമായ അറിവാണ്.  അന്യസംസ്ഥാനങ്ങള്‍ വാഴക്കൃഷി ഹൈടെക്കായി മാറ്റിക്കഴിഞ്ഞു.

വാഴയുടെ ജന്മദേശം വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയുമാണെന്ന് കരുതുന്നു. സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആണെന്നതാണ് വാഴപ്പഴത്തിന്റെ മേന്മ. വാഴ കേരളത്തില്‍  മഴയെ ആശ്രയിച്ച് ഏപ്രില്‍-മെയ് മാസങ്ങളിലും ഓണത്തിന് വിളവെടുക്കാവുന്ന രീതിയില്‍ ഒക്ടോബര്‍-നവംബറിലുമാണ് കൃഷി ചെയ്യുന്നത്.

വാഴപ്പഴത്തിന്റെ വിവിധ ഇനങ്ങള്‍

കര്‍ണാടകയില്‍ കൃഷി ചെയ്യുന്ന ഇനങ്ങളാണ് റോബസ്റ്റ, രസ്താലി, ഡ്വാര്‍ഫ് കാവന്‍ഡിഷ്, പൂവന്‍, മൊന്തന്‍ എന്നിവ. നേന്ത്രന്‍, പാളയംകോടന്‍, രസ്താലി, മൊന്തന്‍, ചുവന്ന പഴം, റോബസ്റ്റ എന്നിവ കേരളത്തിലെ പ്രധാനപ്പെട്ട ഇനങ്ങളാണ്.

ഡ്വാര്‍ഫ് കാവന്‍ഡിഷ്, രസ്താലി, റോബസ്റ്റ, അമൃത്പന്ത്, തെല്ലചക്രകേലി, ചക്രകേലി, മൊന്തന്‍, കര്‍പ്പൂര പൂവന്‍, യെനഗു ബൊന്ത എന്നിവ ആന്ധ്രപ്രദേശില്‍ കൃഷി ചെയ്യുന്ന പഴങ്ങളുടെ ഇനമാണ്.

റോബസ്റ്റ, വിരൂപാക്ഷി, ചുവന്ന പഴം, പൂവന്‍, രസ്താലി, മൊന്തന്‍, കര്‍പൂരവള്ളി, നേന്ത്രന്‍, സാക്കി, പേയന്‍, മട്ടി എന്നിവയാണ് തമിഴ്‌നാട്ടിലെ വിവിധ ഇനങ്ങള്‍.

ജഹാജി, ചിനി ചമ്പ, മാല്‍ഭോഗ്, ഹോണ്ട, മഞ്ജഹാജി, ബോര്‍ജഹാജി, ചിനിയ, കഞ്ച്‌കോല്‍, ഭിംകോല്‍, കുല്‍പതി, ജടികോല്‍, ഭാരത് മോനി എന്നിവയാണ് ആസ്സാമിലെ വിവിധയിനം വാഴകള്‍. ബസ്രായ്, സിങ്കപ്പുരി എന്നിവയാണ് ഝാര്‍ഖണ്ഡില്‍ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങള്‍.

ചിനിയ, ഡ്വാര്‍ഫ് കാവന്‍ഡിഷ്, അല്‍പോണ്‍, ചിനി ചമ്പ, കോതിയ, മാല്‍ഭിഗ്, മുതിയ, ഗൗരിയ എന്നിവയാണ് ബീഹാറിലെ വാഴയിനങ്ങള്‍. ലക്കാടന്‍, ഡ്വാര്‍ഫ് കാവന്‍ഡിഷ്, ഹരിചാല്‍, ഗന്‍ഡേവി സെലക്ഷന്‍, ബസ്രായ്, റോബസ്റ്റ്, G-9, ശ്രീമതി എന്നിവ ഗുജറാത്തിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്നവയാണ്.

ഡ്വാര്‍ഫ് കാവന്‍ഡിഷ്, ശ്രീമന്തി, ബസ്രായ്, റോബസ്റ്റ്, ലാല്‍ വെല്‍ചി, സെയ്ഫ്ഡ് വെല്‍ചി, രാജേലി നേന്ത്രന്‍, ഗ്രാന്‍ഡ് നെയ്ന്‍, ചുവന്ന പഴം എന്നിവയാണ് മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ഇനങ്ങള്‍.

ഡ്വാര്‍ഫ് കാവന്‍ഡിഷ്, റോബസ്റ്റ, ചമ്പ എന്നിവ ഒറീസയിലെ വാഴയിനങ്ങളാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള വാഴകള്‍

ഡ്വാര്‍ഫ് കാവന്‍ഡിഷ് വളരെ പ്രചാരമുള്ള ഇനമാണ്. കാബൂളി, സിന്ധുറാണി എന്നീ പേരുകളിലെല്ലാം ഡ്വാര്‍ഫ് കാവന്‍ഡിഷ് അറിയപ്പെടുന്നു. ഇതിന്റെ ചെടി വളരെ ചെറുതും പഴങ്ങള്‍ വലുതുമാണ്. അതുപോലെ അകക്കാമ്പ് വളറെ മൃദുലവും മധുരതരവുമാണ്. ബാംബെഗ്രീന്‍ എന്നും ഹരിചാല്‍ എന്നും അറിയപ്പെടുന്ന റോബസ്റ്റയും പഴങ്ങളുടെ ഇനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. വാഴത്തൈകള്‍ മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ വളരും.

 

ഹൈടെക്കായി വാഴ വളര്‍ത്താം

ഇന്ന് സാധാരണ കര്‍ഷകര്‍ ഹൈടെക്കിലേക്ക് മാറുന്നത് കൂടുതല്‍ വിളവ് മുന്നില്‍ക്കണ്ടാണ്. തമിഴ്‌നാട്ടിലെ സേലം, തൃശിനാപ്പള്ളി, തേനി, കമ്പം എന്നിവിടങ്ങളില്‍ ഹൈടെക്ക് വാഴക്കൃഷി നടത്തുന്നു.

ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉപയോഗിച്ചാണ് ഹൈടെക് വാഴക്കൃഷി നടത്തുന്നത്. ഒരേ രീതിയില്‍ വളര്‍ന്ന് ഒരുമിച്ച് വിളവെടുപ്പ് നടത്താമെന്നതാണ് ഹൈടെക് വാഴക്കൃഷിയുടെ മേന്മ. നല്ലയിനം തൈകള്‍ തിരഞ്ഞെടുക്കണം.

ഗ്രാന്‍ഡ് നെയ്ന്‍, സ്വര്‍ണമുഖി എന്നിവ കേരളത്തില്‍ ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് വിജയിച്ച വാഴയിനങ്ങളാണ്.

ശരിയായ രീതിയില്‍ പോഷകങ്ങളടങ്ങിയ അടിവളം ചേര്‍ത്ത് മണ്ണ് ഒരുക്കിവേണം വാഴകള്‍ നടാന്‍. കുഴിയില്‍ നിന്ന് മുകളിലേക്ക് വളര്‍ന്നു കഴിഞ്ഞാല്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് പുതയിടുന്നത് ഹൈടെക് കൃഷിയില്‍ അത്യാവശ്യമാണ്.

ഹൈടെക് വാഴക്കൃഷിയില്‍ തുള്ളിനനയിലൂടെ വെള്ളവും വളവും നല്‍കാം. കൃത്യമായി മണ്ണ് പരിശോധിച്ച് വേണം ഏതെല്ലാം പോഷകങ്ങള്‍  വാഴയ്ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍.

ഹൈടെക്ക് ആയി വാഴ കൃഷി ചെയ്യുമ്പോള്‍ അതേ കുഴിയില്‍ തന്നെ വീണ്ടും വാഴക്കന്നുകള്‍ നിലനിര്‍ത്തി രണ്ടു വര്‍ഷത്തിനിടയില്‍ മൂന്ന് കുലകള്‍ വെട്ടാം.

ഈ രീതിയില്‍ ആദ്യവാഴില്‍ കുലവരുന്നതു വരെ ചുവട്ടിലുണ്ടാകുന്ന കന്നുകള്‍ ചവുട്ടിക്കളയാം. കുല വന്നതിന് ശേഷം വരുന്ന രണ്ട് നല്ല കന്നുകള്‍ നിലനിര്‍ത്തി വളവും വെള്ളവും നല്‍കി കുലപ്പിച്ചെടുക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഏഴുമാസം കൊണ്ട് ആദ്യമുണ്ടാകുന്ന കന്നില്‍ നിന്ന് വിളവ് കിട്ടും. രണ്ടാമത്തെ കന്നില്‍ നിന്ന് പത്തുമാസം കൊണ്ടും വിളവ് ലഭിക്കും.